ഞെട്ടിച്ച കേസുകൾ, ഏഴ് പതിറ്റാണ്ട് നീണ്ട നിയമജീവിതം, ആരായിരുന്നു ഫാലി എസ് നരിമാൻ
ഇന്ത്യന്‍ ഭരണഘടന സാധാരണക്കാര്‍ക്കുവേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു നരിമാന്‍. ഭരണഘടന അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങളെയൊക്കെ കടുപ്പംകൂട്ടി വിമര്‍ശിച്ചു. നരിമാന്‍ ഹാജരായ പല കേസുകളും നിയമവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളാണിപ്പോള്‍.
ഭാഗ്യമുണ്ടെങ്കില്‍ മതേതര ഇന്ത്യയില്‍ മരിക്കണമെന്ന് ആഗ്രഹിച്ച തികഞ്ഞ നിയമ വിദഗ്ദ്ധന്. ഭരണഘടനയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന അഭിഭാഷകന്‍. ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ട് കോടതി സമുച്ചയങ്ങളില്‍ നിയമപോരാട്ടം നടത്തിയ നിയമജ്ഞന്‍. കഴിഞ്ഞ ദിവസം അന്തരിച്ച ഫാലി എസ് നരിമാന് വിശേഷണങ്ങളേറെയാണ്. ചൊവ്വാഴ്ച രാത്രി ദില്ലിയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഇന്ത്യയിലെ ഏറ്റവും തലപ്പൊക്കമുള്ള അഭിഭാഷകനിലേക്കുള്ള നരിമാന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് വര്‍ഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ തഴക്കവും വഴക്കവുമുണ്ട്. വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ പല സുപ്രധാന കേസുകളുടെയും ഭാഗമായിരുന്നു ഫാലി എസ് നരിമാന്‍. നിരന്തരം വാര്‍ത്തകളില്‍ ഇടം നേടി. വാദിഭാഗത്തിനും പ്രതിഭാഗത്തിനും വേണ്ടി വാദിച്ചു.
കേരളത്തിനും ഏറെ പരിചിതനാണ് ഇദ്ദേഹം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ തുറന്നപോരിന് ഇറങ്ങിപ്പുറപ്പെടാന്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയത് ഫാലി എസ് നരിമാനായിരുന്നു. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണന്ന ഹര്‍ജി ഹൈക്കോടതിയിലെത്തിയപ്പോളും ഒന്നാം പിണറായി സര്‍ക്കാര്‍ നിയമോപദേശത്തിനായി ഇദ്ദേഹത്തെ സമീപിച്ചിരുന്നു. നിയമസഭയിലെ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്ന സാഹചര്യത്തില്‍ നരിമാന്റെ നിയമോപദേശ പ്രകാരമായിരുന്നു കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ പിണറായി വിജയനുവേണ്ടി ആദ്യം ഹാജരായതും ഇദ്ദേഹമാണ്.
1950 -ല്‍ ബോംബെ ഹൈക്കോടതിയില്‍ ഒരു സാധാരണ അഭിഭാഷകനായിട്ടായിരുന്നു നരിമാന്‍ നിയമ ജീവിതം അരംഭിച്ചത്. നിയമരംഗത്തെ വൈഗദ്ധ്യത്തിലൂടെ 1961 -ല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. 1971 മുതിര്‍ന്ന അഭിഭാഷകനായി സുപ്രീംകോടതിയിലേക്ക്. കടന്നുപോയ ഈ വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരുവപ്പെടുത്താന്‍ പോന്ന പല കേസുകളിലും അദ്ദേഹം ഇടപെട്ടു. ഭോപ്പാല്‍ ദുരന്തത്തില്‍ യൂണിയന്‍ കാര്‍ബൈഡ്‌സ് കമ്പനിക്കുവേണ്ടി ഹാജരായതായിരുന്നു ഇതില്‍ പ്രധാനം. അത് തനിക്ക് സംഭവിച്ച തെറ്റായിരുന്നെന്ന് പിന്നീട് ഏറ്റുപറഞ്ഞു.
1972 മുതല്‍ 75 വരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ടിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സോളിസിറ്റര്‍ ജനറല്‍ കുപ്പായം ഊരിവെച്ചു. നര്‍മദ പുനരധിവാസക്കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഫാലി എസ് നരിമാന്‍. നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായതിന് പിന്നാലെ അദ്ദേഹം ചുമതലയില്‍നിന്നൊഴിഞ്ഞു. അഴിമതിക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കുവേണ്ടി 2014 -ല്‍ കോടതിയില്‍ ഹാജരായി. ആദ്യഘട്ടത്തില്‍ നിഷേധിക്കപ്പെട്ടിരുന്ന ജാമ്യം നേടിയെടുത്തായിരുന്നു മടക്കം.
മറ്റൊരു നിര്‍ണായക കേസ് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന് പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഗൊലക്‌നാഥ് കേസ്, ടിഎംഐ പൈ കേസ് തുടങ്ങിയവയും നരിമാന്റെ നിയമജീവിതത്തിലെ നിര്‍ണായ ഏടുകളാണ്. ഇന്ത്യന്‍ ഭരണഘടന സാധാരണക്കാര്‍ക്കുവേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു നരിമാന്‍. ഭരണഘടന അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങളെയൊക്കെ കടുപ്പംകൂട്ടി വിമര്‍ശിച്ചു. നരിമാന്‍ ഹാജരായ പല കേസുകളും നിയമവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളാണിപ്പോള്‍.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒതുങ്ങി നിന്നില്ല നരിമാന്റെ നിയമജീവിതം. പാരിസിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ വൈസ് ചെയര്‍മാന്‍, ജനിവയിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമേഴ്‌സ്യല്‍ ആര്‍ബിട്രേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുതതലകളിലും നരിമാന്‍ തിളങ്ങി. അന്താരാഷ്ട്ര തലത്തില്‍ പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1991 മുതല്‍ 2010വെര ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി.