സ്വന്തം മൊബൈൽ ആപ്പ് 1000 ഉപഭോക്താക്കളിൽ എത്തിക്കാൻ സഹായിക്കണം; യൂബർ ഡ്രൈവറുടെ അഭ്യര്‍ത്ഥന വൈറൽ
ഒരു യൂബര്‍ ഡ്രൈവറാണ് വിവിധ ഭാഷകളിലേക്ക് വളരെ വേഗം സന്ദേശങ്ങള്‍ മൊഴിമാറ്റാന്‍ കഴിയുന്ന ആപ്പ് നിര്‍മ്മിച്ചത്.
സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ജനങ്ങളിലെക്കെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഒരു യൂബർ ടാക്സി ഡ്രൈവർ വാഹനത്തിൽ പതിച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. താൻ വികസിപ്പിച്ചെടുത്ത ട്രാൻസിലേറ്റർ ആപ്പ് ആയിരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ തന്നെ സഹായിക്കണമെന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്ന ഒരു പോസ്റ്റര്‍ അദ്ദേഹം തന്‍റെ കാറില്‍ പതിച്ചിരുന്നു. ഈ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന രേഷ്മ ഖന്ന എന്ന വ്യക്തിയാണ് ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ഒരു യാത്രയ്ക്കായി ടാക്സി വിളിച്ച താൻ കണ്ടുമുട്ടിയത് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനെയാണ്' എന്ന കുറിപ്പോടെയായിരുന്നു രേഷ്മ, സമൂഹ മാധ്യമത്തില്‍ തനിക്കുണ്ടായ അപ്രതീക്ഷിത അനുഭവം പങ്കുവെച്ചത്. കാറിൽ കയറിയപ്പോൾ ഡ്രൈവറുടെ സീറ്റിന് പിന്നില്‍ പതിച്ചിരിക്കുന്ന ഈ പോസ്റ്റർ തന്നെ അത്ഭുതപ്പെടുത്തിയെന്നും ദയവായി എല്ലാവരും തന്‍റെ ഡ്രൈവറെ പിന്തുണയ്ക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ടാണ് കാറിൽ പതിച്ചിരുന്ന പോസ്റ്ററിന്‍റെ ചിത്രങ്ങള്‍ ഇവർ പങ്കുവെച്ചത്.
പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16, വീഡിയോ വൈറൽ
Trans Chat Me എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഡെവലപ്പറായ ഡ്രൈവറുടെ പേര് ഫ്രെഡറിക്കോ കൗട്രി എന്നാണ്. സമൂഹ മാധ്യമങ്ങളിലൂടെ അയക്കുന്ന സന്ദേശങ്ങൾ തൽസമയം വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യാൻ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. തന്‍റെ ആപ്ലിക്കേഷന്‍ ഏറ്റവും കുറഞ്ഞത് ആയിരം ഡൗൺലോഡ് കിട്ടിയാൽ മാത്രമേ അതിനെ കൂടുതൽ വികസിപ്പിക്കാനും നിക്ഷേപകരെ കണ്ടെത്താനും തനിക്ക് സാധിക്കുകയുള്ളൂവെന്നാണ് ഫ്രെഡറിക്കോ കൗട്രി പറയുന്നത്.
തന്‍റെ ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കുന്നതിനായുള്ള ക്യുആർ കോഡും അദ്ദേഹം ടാക്സിയിൽ പതിച്ചിരുന്ന പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രവും കുറിപ്പും വൈറലായതോടെ നിരവധി സമഹ മാധ്യമ ഉപയോക്താക്കൾ ഫ്രെഡറിക്കോ കൗട്രിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് രംഗത്തെത്തി. അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനകം കുറിപ്പ് കണ്ടത്. നിരവധി പേര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുകയും കുറിപ്പിന് മറുപടി എഴുതുകയും ചെയ്തു. തനിക്ക് പുതിയ 200 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചുവെന്ന് അറിയിച്ച് കൊണ്ട് ഫ്രെഡറിക്കോ തനിക്ക് അയച്ച ഇമെയിൽ സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ടും രേഷ്മ ഖന്ന പിന്നീട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.