30 കൊല്ലം സുഹൃത്തുക്കൾ, ഇപ്പോൾ ഒരേ കുഞ്ഞിന് മുത്തശ്ശിമാരും, ഇത് ആരും അസൂയപ്പെടുന്ന സൗഹൃദത്തിന്റെ കഥ
പിരിയാനാവാത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. എന്നാൽ, കോളേജ് കാലമായതോടെ ആ സൗഹൃദത്തിന് റൊമാൻസിന്റെ നിറം വച്ചു തുടങ്ങി.
30 കൊല്ലക്കാലം സുഹൃത്തുക്കളായിരിക്കുക. അതൊരു വല്ലാത്ത സൗഹൃദം തന്നെയായിരിക്കും അല്ലേ? അതുപോലെ രണ്ട് സുഹൃത്തുക്കളാണ് ടോണി വെൽസും ബെത്ത് തോമസും. അടുത്ത സുഹൃത്തുക്കളാണ് രണ്ടുപേരും. ഒരിക്കലും ഉലച്ചിൽ തട്ടാത്ത സൗഹൃദം. എന്തിനും സഹോദരങ്ങളെപ്പോലെ കൂടെ നിൽക്കുന്ന കരുത്ത്. എന്നാൽ, ഇപ്പോൾ ഇവർ ബന്ധുക്കളും ആയിരിക്കുകയാണ്.
ടോണിയും ബെത്തും ഏകദേശം ഒരേ സമയത്താണ് ആദ്യമായി ഗർഭിണികളാകുന്നത്. ആദ്യം ബെത്താണ് പ്രസവിക്കുന്നത്. അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ലൂക്ക് എന്നായിരുന്നു അവന്റെ പേര്. പിന്നാലെ ടോണി ഒരു പെൺകുഞ്ഞിനും ജന്മം നൽകി ആഷ്‍ലി എന്നായിരുന്നു അവളുടെ പേര്. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ബെത്തും ടോണിയും മറ്റ് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകി. അവരെല്ലാവരും സഹോദരങ്ങളെ പോലെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് കഴിഞ്ഞിരുന്നത്.
ലൂക്കും ആഷ്‍ലിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് വളർന്നരെന്നത് കൊണ്ടുതന്നെ ഇരുവരുടേയും സ്വഭാവങ്ങൾ തമ്മിൽ പോലും സാമ്യമുണ്ടായിരുന്നു. പലപ്പോഴും സ്കൂളിൽ നിന്നും മറ്റും ഇവർ സഹോദരങ്ങളാണ് എന്ന് തെറ്റിദ്ധരിക്കാറ് പോലുമുണ്ടായിരുന്നു. പിരിയാനാവാത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. എന്നാൽ, കോളേജ് കാലമായതോടെ ആ സൗഹൃദത്തിന് റൊമാൻസിന്റെ നിറം വച്ചു തുടങ്ങി.
അങ്ങനെ ഇരുവരും പ്രണയത്തിലായി. ബെത്തിനും ടോണിക്കും തങ്ങളുടെ മക്കൾ വിവാഹിതരാവണമെന്നും തങ്ങൾ ബന്ധുക്കളായിരിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. അതിനാൽ തന്നെ ഇക്കാര്യം അവരെ വളരെ അധികം സന്തോഷിപ്പിച്ചു. അങ്ങനെ 2020 -ൽ ബെത്തിന്റെയും ടോണിയുടെയും കുടുംബത്തിന്റെയും ആശീർവാദത്തോടെ ലൂക്കും ആഷ്ലിയും വിവാഹിതരായി.
ഇപ്പോഴിതാ ഒരേ കുഞ്ഞിന്റെ മുത്തശ്ശിമാരാവാൻ പോവുകയാണ് ബെത്തും ടോണിയും. അതിന്റെ അത്യാഹ്ലാദത്തിലാണ് ഇരുവരും. ആഷ്‍ലി തന്നെയാണ് ഈ വിവരം ടിക്ടോക്കിൽ പങ്കുവച്ചത്. ആഷ്‍ലിയുടെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബെത്തിന്റെയും ടോണിയുടെയും സൗഹൃദത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ നെറ്റിസൺസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം