അന്റാർട്ടിക്കയിൽ നിന്നൊരു സോളോ ട്രിപ്, ഗസ് നീന്തിയെത്തിയത് 3600 കിമീ, 20 ദിവസത്തെ ചികിത്സക്ക് ശേഷം തിരിച്ചു
നവംബർ 21-ന് ഗസിനെ തെക്കൻ സമുദ്രത്തിലേക്ക് തിരിച്ചയച്ചു. സമുദ്രത്തിൽ ഇറക്കിയപ്പോൾ തന്നെ ഗസ് തിരിഞ്ഞു നോക്കാതെ നീന്തിയകന്നുവെന്ന് അധികൃതർ പറഞ്ഞു.
സിഡ്നി: അൻ്റാർട്ടിക്കയിൽ നിന്ന് 3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ തിരിച്ചയച്ചു. 20 ദിവസം നീന്തിയാണ് ഗസ് എന്ന് പേരിട്ട പെൻഗ്വിൻ ഓസ്ട്രേലിയൻ തീരത്ത് നവംബർ ഒന്നിനെത്തിയത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. വഴിതെറ്റിയാണ് ഓസ്ട്രേലിയയിലെത്തിയതെന്നാണ് നിഗമനം. 20 ദിവസത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം ബുധനാഴ്ച ഗസിനെ കടലിലേക്ക് വിട്ടു. ഏകദേശം മൂന്നടി ഉയരമുള്ള പെൻഗ്വിനിനെ നവംബർ 1 ന് ഓഷ്യൻ ബീച്ചിൽ സർഫർമാർ കണ്ടെത്തി. തളർന്ന അവസ്ഥിയിലായിരുന്നു. തുടർന്ന് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കരോൾ ബിഡുൽഫ് എന്നയാൾക്കായിരുന്നു സംരക്ഷണ ചുമതല. ലഭിക്കുമ്പോൾ ഗസിന് 47 പൗണ്ട് മാത്രമായിരുന്നു തൂക്കം. 88 പൗണ്ട് തൂക്കം വേണ്ട സ്ഥാനത്താണ് പകുതിമാത്രം തൂക്കമുണ്ടായിരുന്നത്. സമുദ്ര പ്രവാഹങ്ങൾ വഴിയാകാം ഗസ് ആവാസ പരിധിവിട്ട് പുറത്തെത്തിയതെന്ന് കരുതപ്പെടുന്നു. 20 ദിവസം നീണ്ട ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും വിശ്രമത്തിലൂടെയും ഗസ് ആരോഗ്യം വീണ്ടെടുത്തു. ബിഡുൽഫിൻ്റെ പരിചരണത്തിൽ, ഗസ് തൻ്റെ ആരോഗ്യം വീണ്ടെടുത്തു. ഭാരം ഏകദേശം 55 പൗണ്ടായി വർധിച്ചു. പിൽച്ചാർഡ് മത്സ്യത്തിൻ്റെ ഭക്ഷണക്രമം അദ്ദേഹത്തിന് നൽകിയിരുന്നു, മോചിപ്പിക്കപ്പെടുമ്പോഴേക്കും ഗസ് ഒരു ദിവസം മൂന്ന് തവണ 20 മത്സ്യങ്ങൾ കഴിച്ചു.
നവംബർ 21-ന് ഗസിനെ തെക്കൻ സമുദ്രത്തിലേക്ക് തിരിച്ചയച്ചു. സമുദ്രത്തിൽ ഇറക്കിയപ്പോൾ തന്നെ ഗസ് തിരിഞ്ഞു നോക്കാതെ നീന്തിയകന്നുവെന്ന് അധികൃതർ പറഞ്ഞു. ഗസ് തിരിച്ചെത്തുമോ എന്നത് ഉറപ്പിക്കാനാകില്ല. ഭക്ഷണത്തിനായി തിരയുന്നതിനിടയിൽ ഒഴുക്കിൽപ്പെടുമോ കൊടുങ്കാറ്റിൽ അകപ്പെടുമോ എന്ന് സംശയമുണ്ട്. പെൻഗ്വിനുകൾക്ക് അലഞ്ഞുതിരിയാനുള്ള പ്രവണതയും ഉണ്ടെങ്കിലും ഇത്രയധികം യാത്ര ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.