'പാപങ്ങളുടെ ദ്വീപ്, കുറ്റകൃത്യങ്ങളുടെ പറുദീസ'; അതിഥികളായി എത്തിയ വമ്പന്മാർ, ലോകത്തെ നടുക്കിയ ചില സത്യങ്ങൾ

ദ്വീപിന്റെ ആകെ മൂല്യം ഏകദേശം 63 ദശലക്ഷം ഡോളർ. പക്ഷേ ഈ ആഢംബരങ്ങളുടെയോ സുഖ സൗകര്യങ്ങളുടെയോ ഭംഗിയുടെയോ ഒന്നും പേരിലല്ല ലിറ്റിൽ സെന്‍റ്  ജെയിംസ് ഇന്ന് ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത്.

The horrific tales of Jeffrey Epstein Island of Sins Paradise of Crimes explained btb

എണ്ണപ്പനകൾ നിറഞ്ഞ, 75 ഏക്കറോളം വരുന്ന അതിമനോഹരമായ ഒരു ദ്വീപ്. അവിടെ സ്വർണ്ണ മകുടമുള്ള ഒരു വലിയ കെട്ടിടം, ഒപ്പം ഭംഗിയുള്ള മറ്റു ചില കെട്ടിടങ്ങളും. ദ്വീപിന്റെ ആകെ മൂല്യം ഏകദേശം 63 ദശലക്ഷം ഡോളർ. പക്ഷേ ഈ ആഢംബരങ്ങളുടെയോ സുഖ സൗകര്യങ്ങളുടെയോ ഭംഗിയുടെയോ ഒന്നും പേരിലല്ല ലിറ്റിൽ സെന്‍റ്  ജെയിംസ് ഇന്ന് ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത്. അവിടെ അരങ്ങേറിയ മനസ് മരവിപ്പിക്കുന്ന കൊടും ക്രൂരതകളുടെ പേരിലാണ്. ശതകോടീശ്വരനായ ഒരു കൊടും ക്രിമിനൽ നടത്തിയ എണ്ണിയാലൊടുങ്ങാത്ത ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിലാണ്...

യുഎസിന്‍റെ  അധീനതയിലുള്ള കരീബിയന്‍ ദ്വീപസമൂഹമായ യുഎസ് വെര്‍ജിന്‍ ഐലന്‍ഡ്‌സിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത ലിറ്റിൽ സെന്റ് ജെയിംസ് എന്ന ഈ ദ്വീപിന്റെ ഉടമയുടെ പേര് ജെഫ്രി എപ്സ്റ്റൈൻ. നിരവധി പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അമേരിക്കൻ ശത കോടീശ്വരൻ, ചെയ്ത കൊടും കുറ്റകൃത്യങ്ങൾ പുറംലോകമറിയുന്നതുവരെ ഇതായിരുന്നു ജെഫ്രി എപ്സ്റ്റൈന്റെ മേൽവിലാസം. 

സ്‌കൂൾ അധ്യാപകനായി കരിയർ ആരംഭിച്ച് ബാങ്കിങ് മേഖലയിലേക്ക് കടന്ന് അതുവഴി തന്‍റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ എപ്സ്റ്റൈൻ. പക്ഷേ ആ സാമ്രാജ്യത്തിന്റെ അടിത്തറയും നിലനിൽപ്പും അടിമുടി പാപങ്ങളിലാണ് എന്ന് ലോകം തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. 1953 ജനുവരി 20 ന് ന്യൂയോ‍ർക്കിലെ ബ്രൂക്ലിനിൽ ഉള്ള ഒരു ഇടത്തരം ജൂത കുടുംബത്തിലാണ് ജെഫ്രി എഡ്വേ‍ർ‍ഡ് എപ്സ്റ്റൈൻ ജനിക്കുന്നത്.  1974 ൽ മാൻഹാട്ടനിലെ ഡാൽട്ടൻ സ്‌കൂളിൽ കൗമാരക്കാരായ വിദ്യാർത്ഥികളെ  ഫിസിക്‌സും മാത്ത്‍സും പഠിപ്പിക്കുന്ന അധ്യാപകന്റെ ജോലിയിലേക്ക് എപ്സ്റ്റൈൻ പ്രവേശിച്ചു. 

മതിയായ യോഗ്യതകളോ രേഖകളോ ഒന്നും അയാൾക്കുണ്ടായിരുന്നില്ലെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ പെട്ടെന്നുതന്നെ എപ്സ്റ്റൈൻ ശ്രദ്ധേയനായി മാറി. അയാളുടെ വ്യക്തിപ്രഭാവവും വിദ്യാർത്ഥികളോട് സുഹൃത്തുക്കളെപ്പോലെ ഇടപെടുന്ന രീതിയുമെല്ലാം എപ്സ്റ്റൈനെ കുട്ടികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി. എന്നാൽ മതിയായ യോഗ്യതകളില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1976 ൽ എപ്സ്റ്റൈന് ഈ ജോലി നഷ്ടമായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോടുള്ള എപ്സ്റ്റൈന്റെ തുടർച്ചയായ മോശം പെരുമാറ്റവും ഈ പുറത്താക്കലിന് കാരണമായതായി പറയപ്പെടുന്നുണ്ട്.

ഏതായാലും അധ്യാപക ജോലിയിൽ നിന്ന് പുറത്തായ ശേഷം എപ്സ്റ്റൈൻ ബാങ്കിങ് മേഖലയിലാണ് കൈവച്ചത്.  അധികം വൈകാതെ  1981 ആഗസ്റ്റിൽ സ്വന്തമായി ഇന്‍റര്‍കോണ്ടിനന്‍റല്‍ അസറ്റ്സ് ഗ്രൂപ്പ് എന്ന പേരിൽ ഒരു ഫിനാൻഷ്യൽ കൺസൾട്ടിങ്ങ് സ്ഥാപനവും ആരംഭിച്ചു. തട്ടിപ്പുകാരായ ഇടനിലക്കാരിൽനിന്നും അഭിഭാഷകരിൽനിന്നും പണം വീണ്ടെടുക്കാൻ ഇടപാടുകാരെ സഹായിച്ച ഈ സ്ഥാപനം ജെഫ്രി എപ്സ്റ്റൈന് ഒരു നല്ല പേരുണ്ടാക്കിക്കൊടുക്കാൻ വളരെയേറെ സഹായകമായി. ഇക്കാലയളവിൽത്തന്നെയാണ് അയാൾ ഉന്നതരുമായുള്ള തന്റെ ബന്ധങ്ങളും കെട്ടിപ്പടുക്കാൻ ആരംഭിക്കുന്നത്. പിന്നീട് അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റിലേക്കുള്ള എപ്സ്റ്റൈന്റെ യാത്ര വേഗത്തിലായിരുന്നു, അതിനുപിന്നിലെ ഇരുണ്ട യാഥാർഥ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതും.

ആദ്യമായി ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുന്നത് 14 വയസുള്ള പെൺകുട്ടിയെ പണം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലായിരുന്നു. കുട്ടിയുടെ രണ്ടാനമ്മയായിരുന്നു പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് 13 മാസം നീണ്ട  രഹസ്യാന്വേഷണമാണ് പാം ബീച്ച് പോലീസ് നടത്തിയത്. എഫ്ബിഐയുടെ സഹായവും ഈ കേസിൽ അവർ സ്വീകരിച്ചു. വൈകാതെ പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായി വേറെയും നിരവധിപേർ എപ്സ്റ്റൈനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. അങ്ങനെ 2006 മെയിൽ  അഞ്ച് ഇരകളുടെയും 17 ദൃക്‌സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പാം ബീച്ച് പൊലീസ് ഒരു  സത്യവാങ്മൂലം സമർപ്പിച്ചു.  

ജെഫ്രി എപ്സ്റ്റൈൻ കുറ്റക്കാരനാണ് എന്ന പൊലീസിന്റെ കണ്ടെത്തലിൽ എപ്സ്റ്റൈൻ അറസ്റ്റിലായി. തന്റെ ഉന്നത ബന്ധങ്ങളും സാമ്പത്തികശേഷിയും മറ്റും ഉപയോഗിച്ച് കടുത്ത ശിക്ഷകളിൽനിന്ന് രക്ഷപെടാൻ  എപ്സ്റ്റൈനായി. വെറും 18 മാസമായിരുന്നു ഈ കേസിൽ അയാൾ ശിക്ഷിക്കപ്പെട്ടത്. എന്നാൽ, ലൈംഗിക കുറ്റവാളിയെന്ന് ഔദ്യോഗികമായി മുദ്രകുത്തപ്പെട്ട എപ്സ്റ്റൈൻ പുറത്തിറങ്ങിയശേഷവും സമാന കുറ്റകൃത്യങ്ങൾ തുടർന്നു. പല സമയത്തായി നിരവധിപേർ ഇയാൾക്കെതിരെ രംഗത്തെത്തുകയും വെളിപ്പെടുത്തലുകൾ നടത്തുകയും പരാതി നൽകുകയും ചെയ്തു. 2019 ജൂലൈയിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റിലായ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങൾക്കകം മൻഹാട്ടനിലെ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യയല്ല, സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചതെന്നും ചില വാദങ്ങളുണ്ട്.

പക്ഷേ ജെഫ്രി എപ്സ്റ്റൈന്റെ മരണം അയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും അരാജകത്വത്തിന്റെയും അവസാനമായിരുന്നില്ലെന്ന് ഇപ്പോൾ അമേരിക്കയും ലോകവും തിരിച്ചറിയുകയാണ്. ഒന്നും രണ്ടുമല്ല, ഒരു കൂട്ടം പ്രമുഖരെയാണ് തന്റെ മരണത്തിന് മൂന്ന് വർഷങ്ങൾക്കിപ്പുറം ജെഫ്രി എപ്സ്റ്റൈൻ ഇരുട്ടത്ത് നിർത്തിയിരിക്കുന്നത്. ആ ലിസ്റ്റിൽ ബ്രിട്ടൺ രാജ കുടുംബാംഗമുണ്ട്, അമേരിക്കൻ മുൻ പ്രസിഡന്റുമാരായ ലോകനേതാക്കളുണ്ട്, രാഷ്ട്രീയക്കാരും ഹോളിവുഡ് താരങ്ങളുമുണ്ട്, ലോകപ്രശസ്തരായ സംഗീതജ്ഞരും ഭൗമശാസ്ത്രജ്ഞരും സാഹിത്യകാരന്മാരുമുണ്ട്...

അടുത്തിടെ പുറത്തുവന്ന കോടതി രേഖകളാണ് ജെഫ്രി എപ്സ്റ്റൈന്റെ സ്വകാര്യ ലോകത്തെ ദുരൂഹതകളിലേക്ക് പുതിയ വെളിച്ചം വീശിയത്. പക്ഷേ അതിൽ നെല്ലെത്ര, പതിരെത്രയെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം എല്ലാവരും. കാരണം ലിസ്റ്റിലെ നിരവധി പേരും ഈ ലിസ്റ്റെഴുതിയ എപ്സ്റ്റൈനും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതുതന്നെ.

എപ്‌സ്റ്റൈന്‍റെ ഇരകളിൽ ഒരാളായ വിർജീനിയ ഗ്യൂഫ്രെ 2015-ൽ എപ്‌സ്റ്റൈന്‍റെ മുൻ പങ്കാളി ഗിലൈന്‍ മാക്‌സ്‌വെല്ലിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ട കോടതി രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  കേസുമായി ബന്ധപ്പെട്ട മിക്ക വിരങ്ങളും നേരത്തേ തന്നെ പരസ്യമായിരുന്നു. ഇതുകൊണ്ടുകൂടിയാണ് ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാം എന്ന തീരുമാനത്തിലേക്ക് കോടതി എത്തുന്നതും.

അമേരിക്കന്‍ മുൻ പ്രസിഡന്‍റ്  ബില്‍ ക്ലിന്റണ്‍,ദീര്‍ഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാന്‍ഡ്, ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയൊനാര്‍ഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, ബ്രിട്ടൺ രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രൂ, പോപ് താരം മൈക്കിള്‍ ജാക്സണ്‍, ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മജീഷ്യന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, യുഎസ്സിലെ ശതകോടീശ്വരനായ ഗ്ലെന്‍ ഡുബിന്‍, ഫ്രഞ്ച് മോഡലിങ് ഏജന്റായ ജീന്‍-ലക് ബ്രുനെല്‍, ഹാര്‍വാര്‍ഡ് പ്രൊഫസര്‍ അലന്‍ ഡെര്‍ഷോവിറ്റ്സ്, മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അടുത്തയാളായിരുന്ന വില്യം ജെ. ബേണ്‍സ്, ഭാഷാപണ്ഡിതനായ നോം ചോസ്‌കി, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഓസ്ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ്, അമേരിക്കന്‍ നടന്‍ കെവിന്‍ സ്പേസി, യുകെയിലെ വ്യവസായ ഭീമൻ റിച്ചാർഡ് ബ്രാൻസൻ തുടങ്ങി അതിപ്രശസ്തരുടെ നീണ്ട നിരയാണ് രേഖകളിൽ പരാമർശിക്കുന്നത്. എന്നാൽ പേരുള്ളവര്‍ എല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരല്ല. അതേസമയം എപ്സ്റ്റൈൻ കേസിലെ രേഖകളില്‍ വിശദീകരിച്ചിട്ടുള്ള ഇവരില്‍ പലരും ചെയ്ത കാര്യങ്ങള്‍ കേൾക്കുന്നവരെ നടുക്കുന്നവയാണ്.
ഈ ലൈംഗിക കുറ്റകൃത്യങ്ങൾക്കെല്ലാം വേദിയായത്  ജെഫ്രി എപ്സ്റ്റൈന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് എന്ന ദ്വീപും.

പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും ഈ ദ്വീപിൽ എപ്സ്റ്റൈൻ കടത്തിക്കൊണ്ടുവന്ന് പാർപ്പിച്ചിരുന്നു. കോടീശ്വരനായ ആര്‍ക്ക് കമ്മിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ദ്വീപ് 1998 ഏപ്രിലിലാണ് ജെഫ്രി എപ്സ്റ്റൈന്റെ ഉടമസ്ഥതയിലുള്ള  കമ്പനി വാങ്ങുന്നത്. തന്റെ വാസസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി അയാൾ കണക്കാക്കിയിരുന്നതും ഈ ദ്വീപിനെത്തന്നെ. ലിറ്റില്‍ സെയിന്റ് ജെഫ് എന്നാണ് ജെഫ്രി എപ്സ്റ്റൈൻ ഈ ദ്വീപിനെ വിളിച്ചിരുന്നത്. 

ഒരു മെയിൻ ഹൗസ്, മൂന്ന് ഗസ്റ്റ് ഹൗസുകള്‍, ജീവനക്കാർക്ക് താമസിക്കാനുള്ള ഒരു ബിൽഡിങ്, ജലശുദ്ധീകരണത്തിനുള്ള യൂണിറ്റ്, ഹെലിപ്പാഡ്, ബോട്ടുകള്‍ അടുപ്പിക്കാനുള്ള ഡോക്ക് എന്നിവയാണ് 1997-ല്‍ ദ്വീപില്‍ ഉണ്ടായിരുന്നത്. കൂടാതെ ചതുരപ്പെട്ടിയുടെ ആകൃതിയും മുകളില്‍ താഴികക്കുടവുമുള്ള ഒരു കെട്ടിടവും ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇത് എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല. ആരാധനാലയമായിരുന്നു എന്നാണ് നാട്ടുകാരിൽ ചിലരുടെ വാദമെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. 

തന്റെ ലൈംഗിക അരാജകത്വങ്ങൾക്കായി ജെഫ്രി എപ്സ്റ്റൈൻ തെരഞ്ഞെടുത്തത് ഈ ദ്വീപിനെയായിരുന്നു. സ്ഥിരമായി അയാൾ ഇവിടെ സെക്സ് പാർട്ടികൾ നടത്താറുണ്ടായിരുന്നു. 12-നും 17-നും ഇടയില്‍ പ്രായമുള്ള നിരവധി കുട്ടികളെ വിമാനത്തിലും ഹെലികോപ്റ്ററിലും ബോട്ടിലുമായി അയാൾ ഇവിടേക്കെത്തിച്ചു. തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ പ്രമുഖരെ ഇവിടേക്ക് ക്ഷണിച്ചു. താൻ തടവിൽ പാർപ്പിച്ചിരുന്ന കൊച്ചുകുഞ്ഞുങ്ങളെ അയാൾ നിർബന്ധിത ലൈംഗികവൃത്തിക്കിരയാക്കി. ഇവിടെനിന്ന് രക്ഷപ്പെടുക എന്നത് അസംഭവ്യമായിരുന്നു. അതിനായി ശ്രമിച്ച പലരും പിടിക്കപ്പെട്ടു. വീണ്ടും ക്രൂരമായ പീഡനങ്ങൾ ആ കുട്ടികൾ നേരിടേണ്ടിവന്നു. എപ്സ്റ്റൈന്റെയും കൂട്ടാളികളുടെയും  പീഡനത്തിനിരയായ റാന്‍സം എന്ന യുവതി hell അഥവാ ‘നരകം’  എന്നായിരുന്നു ലൈംഗിക കുറ്റകൃത്യങ്ങളുടെ പറുദീസയായ ഈ ദ്വീപിനെ വിശേഷിപ്പിച്ചത്. 

എപ്സ്റ്റൈന്റെ കാമുകിയും കൂട്ടുപ്രതിയുമായിരുന്ന ഗിലൈന്‍ മാക്‌സ്‌വെല്ലിന്റെ കൊടും ക്രൂരതകളും അതിജീവിതകളായ പല പെൺകുട്ടികളും വിളിച്ചുപറഞ്ഞു. ദ്വീപിൽ എത്തിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഭക്ഷണക്രമമായിരുന്നു ഉണ്ടായിരുന്നത്. എപ്സ്റ്റൈനെ അനുസരിക്കാത്തവർക്ക് ഭക്ഷണം നൽകിയിരുന്നുമില്ല.  ജെഫ്രി എപ്സ്റ്റീനൊപ്പം ഈ ദ്വീപിലേക്ക് യാത്ര ചെയ്ത റഷ്യന്‍ മോഡല്‍ രണ്ടുവര്‍ഷത്തിന് ശേഷം ജീവനൊടുക്കിയെന്നും പുറത്തുവന്ന കോടതിരേഖകളില്‍ പറയുന്നുണ്ട്.

ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ, സ്റ്റീവൻ ഹോക്കിങ്, റിച്ചാർഡ് ബ്രാൻസൻ തുടങ്ങിയവർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് രേഖകളിലുള്ളത്. ആന്‍ഡ്രൂ രാജകുമാരന്‍ പലവട്ടം ഈ ദ്വീപിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു. കോടതി രേഖകളിൽ 67 തവണയാണ് പ്രിൻസ് ആൻഡ്രൂവിന്റെ പേര് പരാമർശിക്കപ്പെടുന്നത്. 'ഡോ 36' എന്നാണ് രേഖകളില്‍ ബിൽ ക്ലിന്റണെ വിശേഷിപ്പിച്ചിരിക്കുന്നത്.. 50-ലേറെ തവണ ക്ലിന്റന്റെ പേരും പരാമർശിച്ചിട്ടുണ്ട്. 

തനിക്ക്  ചെറിയ പെണ്‍കുട്ടികളോടാണ് താത്പര്യമെന്ന് ക്ലിന്റൺ പറഞ്ഞതായി എപ്‌സ്റ്റൈന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന ഒരു ഇരയുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ്  ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തിന്റെ പേരില്‍  ഇംപീച്ച് ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് ബിൽ ക്ലിന്റൺ. അമേരിക്കന്‍ മജീഷ്യനായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ പേര് ആറ് തവണയാണ് കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നത്. അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ  സ്റ്റീഫന്‍ ഹോക്കിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതി രേഖകളില്‍ പറയുന്നുണ്ട്.
ഹോക്കിങ്‌സിനെതിരായ ഈ ആരോപണം തെറ്റാണെന്ന് വരുത്തിത്തീർക്കാൻ ഇരയുടെ സുഹൃത്തിന് പണം നല്‍കാന്‍ എപ്‌സ്റ്റൈന്‍ തയാറായിരുന്നതായും വിവരങ്ങളുണ്ട്. 2006-ല്‍ ശാസ്ത്ര പഠനയാത്രയുടെ ഭാഗമായി സ്റ്റീഫന്‍ ഹോക്കിങ് എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്ന് പീപ്പിള്‍ മാഗസിനും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

എന്നാൽ ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതി രേഖകളില്‍ ലൈംഗികാരോപണം ഇല്ല. അതേസമയം ട്രംപും എപ്സ്റ്റൈനുമായുണ്ടായിരുന്ന അടുത്ത സൗഹൃദം രേഖകളിൽ വ്യക്തമാണുതാനും. ട്രംപും പരസ്യമായി എപ്സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. നേരത്തെ ഒരു ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ പുകഴ്ത്തി ട്രംപ്  സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്.

തന്റെ പണവും സ്വാധീനവും അധികാരവുമുപയോഗിച്ച് ജെഫ്രി എപ്സ്റ്റൈൻ ചെയ്തുകൂട്ടിയ ക്രൂരതകൾക്ക് അവസാനമില്ല. ഇപ്പോഴും പുറത്തുവരാത്ത എത്രയധികം ഇരകളും കേസുകളുമാണുള്ളതെന്നും ആർക്കും വ്യക്തതയില്ല. എപ്സ്റ്റൈൻ നരകമാക്കിത്തീർത്ത ആ ദ്വീപിനെ ഇന്ന് ആളുകൾ വിളിക്കുന്നത് പീഡോഫൈൽ ദ്വീപെന്നാണ്. മറ്റുചിലർ പാപങ്ങളുടെ ദ്വീപെന്നും. ഏതായാലും അയാളുടെ മരണശേഷം ഈ ദ്വീപിനും ശാപമോക്ഷം കിട്ടി. 2023 മേയില്‍ ശതകോടീശ്വരനും ബ്ലാക്ക് ഡയമണ്ട് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ സ്ഥാപകനുമായ സ്റ്റീഫന്‍ ഡെക്കോഫിന്റെ എസ്.ഡി. ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഈ  ദ്വീപ് 60 ദശലക്ഷം ഡോളറിന് സ്വന്തമാക്കി.  

പണത്തിന്റെ ഭൂരിഭാഗവും എപ്‌സ്റ്റൈന്റെ ഇരകളായിരുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. തന്റെ വമ്പന്‍ ആഡംബര റിസോര്‍ട്ട് പദ്ധതിയുടെ ഭാഗമാക്കിയിരിക്കുകയാണ്  സ്റ്റീഫൻ ഡെക്കോഫ് ഇപ്പോൾ ലിറ്റിൽ സെന്റ് ജെയിംസ് എന്ന ദ്വീപിനെ. 2025-ല്‍ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍റ്റുകൾ. ഏതായാലും പുറത്തുവന്ന രേഖകളുടെ നടുക്കം ആരിലും ഇപ്പോഴും മാറിയിട്ടില്ല. നിലത്തുവീണുടഞ്ഞ വിഗ്രഹങ്ങളും കൊച്ചുകുഞ്ഞുങ്ങളടക്കം ആ ദ്വീപിൽ അനുഭവിച്ച ദുരിതങ്ങളും ഇനിയുമേറെനാൾ ലോകത്തെ വേട്ടയാടും...

ഓഫീസിൽ പോകാതെ കെഎസ്ആർടിസി എംഡി ബിജു പ്രഭാക‍ർ, ഒടുവിൽ നിര്‍ണായക തീരുമാനം, സ്ഥാനമൊഴിയാൻ കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios