സോഷ്യൽ മീഡിയയിൽ വൻ ചർച്ച, ട്രെൻഡായി അടുക്കളയിൽ 'ജയിൽമുറി'യുള്ള അപാർട്‍മെന്റ്, വാടക 77000 രൂപ
നവീകരിച്ച ഫ്ലാറ്റിൽ ജയിൽ സെൽ എന്ന ആശയം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ കൗതുകമുണർത്തിയിട്ടുണ്ട്. ഈ സെല്ലിനെ എങ്ങനെ ഉപയോഗിക്കണം എന്ന ചർച്ചക്കാണ് ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വഴി തുറന്നിരിക്കുന്നത്.
നവമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ഒരു ആധുനിക അപ്പാർട്ട്മെൻറ്. അടുത്തിടെ നവീകരണം പൂർത്തിയാക്കിയ ഈ അപ്പാർട്ട്മെൻറ് മാധ്യമങ്ങളിൽ ഇടം പിടിക്കാൻ ഒരു കാരണമുണ്ട്. ഒരു പൊലീസ് സ്റ്റേഷൻ നവീകരിച്ചാണ് അത്യാഡംബര സൗകര്യങ്ങളുള്ള അപ്പാർട്ട്മെൻറ് ആക്കി മാറ്റിയത്. അതുകൊണ്ടുതന്നെ ഈ അപ്പാർട്ട്മെന്റിനുള്ളിൽ മറ്റൊരു താമസസ്ഥലത്തും കാണാത്ത ഒരു സംവിധാനം കൂടിയുണ്ട്. മറ്റൊന്നുമല്ല ഒരു ജയിൽമുറി തന്നെ.
അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ഡഡ്‌ലി പൊലീസ് സ്റ്റേഷനാണ് ആധുനിക അപ്പാർട്ട്മെന്റായി നവീകരിച്ചത്. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പ്രതിമാസം 77,192 രൂപയാണ് അപ്പാർട്ട്മെന്റിന്റെ വാടക. ഏതാണ്ട് പൂർണമായി തന്നെ നവീകരിച്ച ഈ കെട്ടിടത്തിൽ പഴയ വസ്തുവിന്റെ ഓർമ്മയ്ക്കായി അവശേഷിപ്പിച്ചിരിക്കുന്നതാണ് ഒരു ജയിൽ സെൽ.
റിയൽ എസ്റ്റേറ്റ് ഏജന്റായ ടെയ്‌ലേഴ്‌സ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ പ്രകാരം നവീകരിച്ച അടുക്കളയിലാണ് ഈ തടവറ സ്ഥിതി ചെയ്യുന്നത്. അല്പം അസ്വഭാവികമായി തോന്നാമെങ്കിലും ഇതൊരു വേറിട്ട അവസരമായാണ് ടൈലേഴ്സ് വിശേഷിപ്പിക്കുന്നത്.
നവീകരിച്ച ഫ്ലാറ്റിൽ ജയിൽ സെൽ എന്ന ആശയം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ കൗതുകമുണർത്തിയിട്ടുണ്ട്. ഈ സെല്ലിനെ എങ്ങനെ ഉപയോഗിക്കണം എന്ന ചർച്ചക്കാണ് ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വഴി തുറന്നിരിക്കുന്നത്. ജയിൽ സെല്ലിനെ മനോഹരമായ ഹോം ഓഫീസ് സ്ഥലമാക്കി മാറ്റാമെന്നും അല്ലെങ്കിൽ മിനി ബാറാക്കി മാറ്റാമെന്ന് അഭിപ്രായപ്പെട്ടവർ കുറവല്ല. ഏതായാലും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കഴിഞ്ഞു ഈ പൊലീസ് സ്റ്റേഷൻ അപ്പാർട്ട്മെൻറ്.