18 കൊല്ലം മുമ്പ് ഒഴുക്കിവിട്ട റബ്ബർ താറാവ്, കണ്ടെത്തിയത് 644 കി.മി അകലെ, പുറത്ത് ചില വിവരങ്ങളും
തന്റെ നായയെ നടത്താൻ കൊണ്ടുപോവുകയായിരുന്നു ഫിലിപ് മില്ലർ. അപ്പോഴാണ് വഴിയിൽ കിടക്കുന്ന റബ്ബർ താറാവിനെ കണ്ടത്. കുട്ടിയുടെ അമ്മയാണ് ആ താറാവിന്റെ മുകളിൽ ചില വിവരങ്ങൾ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
18 വർഷങ്ങൾക്ക് മുമ്പ് അയർലാൻഡിൽ നിന്നും ഒഴുക്കിവിട്ട റബ്ബർ താറാവിനെ കണ്ടെത്തി. കണ്ടെത്തിയത് 644 കിലോമീറ്റർ അകലെ. ന്യൂയോർക്ക് പോസ്റ്റാണ് ഈ വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല. പാളിപ്പോയ ഒരു ലോകറെക്കോർഡിന്റെ ഭാഗമായിരുന്നു ഈ താറാവ്.
2006 ജൂണിൽ നടന്ന 'ചാരിറ്റി വേൾഡ് ഡക്ക് റേസി'ൻ്റെ ഭാഗമായിട്ടാണ് ഡബ്ലിനിലെ ലിഫി നദിയിലേക്ക് 150,000 മഞ്ഞ റബ്ബർ താറാവുകളെ ഇറക്കി വിട്ടത്. റേസിൽ ജയിക്കാൻ ഒരു കിലോമീറ്റർ വെള്ളത്തിലൂടെ സഞ്ചരിക്കുകയും അഞ്ച് പാലങ്ങൾക്ക് അടിയിൽ കൂടി സഞ്ചരിക്കുകയും വേണമായിരുന്നു. എന്നാൽ, എത്ര ശ്രമിച്ചിട്ടും സംഘാടകരുടെ ചില ശ്രമങ്ങൾ പരാജയപ്പെട്ടു. പല താറാവുകളും പലവഴി പോയി. അതിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ താറാവും.
18 വർഷങ്ങൾക്ക് മുമ്പ് ഒഴുക്കിവിട്ടിരിക്കുന്ന ആ താറാവിനെ 644 കിലോമീറ്റർ അകലെ കണ്ടെത്തിയിരിക്കുന്നത് 13 -കാരനായ ഫിലിപ് മില്ലറാണ്. തന്റെ നായയെ നടത്താൻ കൊണ്ടുപോവുകയായിരുന്നു ഫിലിപ് മില്ലർ. അപ്പോഴാണ് വഴിയിൽ കിടക്കുന്ന റബ്ബർ താറാവിനെ കണ്ടത്. കുട്ടിയുടെ അമ്മയാണ് ആ താറാവിന്റെ മുകളിൽ ചില വിവരങ്ങൾ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. 'വേൾഡ് റെക്കോർഡ് ഡക്ക് റേസ്, അയർലൻഡ് 2006' (World Record Duck Race, Ireland 2006) എന്നായിരുന്നു അത്. എന്തായാലും, 2006 -ൽ നടന്ന റേസിനെ കുറിച്ച് എഴുതിയിരിക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നിയ മില്ലറിന്റെ അമ്മ അതേക്കുറിച്ച് ഗൂഗിളിൽ തിരയുകയായിരുന്നു.
അന്ന് മത്സരത്തിൽ പങ്കെടുത്തതിൽ അഞ്ച് പാലവും കടന്ന് ആദ്യം എത്തിയ താറാവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിൽ പങ്കെടുത്ത ഓരോ താറാവിനെയും ഓരോരുത്തർ സ്പോൺസർ ചെയ്തതായിരുന്നു.
ലോകറെക്കോർഡിനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അന്ന് അടുത്തുള്ള കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി വലിയ തുക ശേഖരിക്കാൻ ഈ റേസിലൂടെ സാധിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം