പാക്കേജിൽ നിന്നും വീണ ചോക്ലേറ്റ്, കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, ഒടുവിൽ കണ്ടെത്തിയത് കഞ്ചാവ്
ചോക്ലേറ്റ് കഴിച്ച ജീവനക്കാർക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവർ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റിൽ പറയുന്നു. പിന്നാലെ, ഇവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.
യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളിലൊന്നാണ് റോയൽ മെയിൽ സോർട്ടിംഗ് ഓഫീസ്. അടുത്തിടെ ഇവിടുത്തെ ജീവനക്കാരുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് റെഡ്ഡിറ്റിൽ വൈറലായി. കഞ്ചാവ് ചേർത്ത ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് ജീവനക്കാർ ജോലിക്കിടെ വിചിത്രമായി പെരുമാറിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
സ്ഥിതി വഷളായതിനെത്തുടർന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജിൽ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാർ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാർക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവർ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റിൽ പറയുന്നു. പിന്നാലെ, ഇവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.
ഒരു സ്റ്റാഫ് അംഗം പറഞ്ഞത്, “ഞാൻ ഓഫീസിലെത്തുമ്പോൾ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലർ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവർക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാൻ കരുതുന്നു. എന്നാൽ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാർ തന്നതെങ്കിൽ, ഞാൻ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു“ എന്നാണ്.
റോയൽ മെയിൽ വക്താവ് റെഡ്ഡിറ്റിൽ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. "അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകൾ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോൾ ചില പാക്കേജുകൾക്ക് കേടുപാടുകൾ വരാറുണ്ട്. അതിൽ നിന്നും വീഴുന്ന സാധനങ്ങൾ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയൽ മെയിൽ സോർട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയൽ മെയിൽ സോർട്ടിംഗ് ഓഫീസ് പറയുന്നു.