അപ്പൂപ്പന് സോക്സ് വാങ്ങാനെത്തി, എടിഎം കൌണ്ടറിന് സമീപം ഒരു ബാഗ്; തുറന്ന് നോക്കിയപ്പോള്‍ ഒരു കോടി രൂപ !
തന്‍റെ മുത്തച്ചന് ഇഷ്ടപ്പെട്ട ഒരു ജോഡി സോക്സ് ഓൺലൈനായി വാങ്ങുന്നതിനായി പണം ബാങ്ക് മെഷീനിൽ നിക്ഷേപിക്കുന്നതിനിടെയാണ് എടിഎമ്മിന് സമീപം വലിയ ഒരു ബാഗ് ജോസ് കണ്ടത്.
റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ എടിഎം കൗണ്ടറിന് സമീപത്തായി കണ്ടെത്തിയ ബാഗിൽ നിന്ന് കൗമാരക്കാരന് കിട്ടയത് 1,35,000 ഡോളർ (ഏകദേശം 1,11,71,925 രൂപ). ന്യൂ മെക്‌സിക്കോയിൽ നിന്നുള്ള ജോസ് ന്യൂനെസ് റൊമാനീസ് എന്ന കൗമാരക്കാരനാണ് കോടികൾ നിറഞ്ഞ ബാഗ് റോഡിൽ നിന്നും ലഭിച്ചത്. ബാഗ് ഉടൻ തന്നെ പൊലീസിനെ ഏൽപ്പിച്ച് ജോസ് മാതൃകയായി.
വളരെ യാദൃശ്ചകമായാണ് കോടികൾ നിറഞ്ഞ ബാഗ് ജോസിന് കിട്ടിയത്. തന്‍റെ മുത്തച്ചന് ഇഷ്ടപ്പെട്ട ഒരു ജോഡി സോക്സ് ഓൺലൈനായി വാങ്ങുന്നതിനായി പണം ബാങ്ക് മെഷീനിൽ നിക്ഷേപിക്കുന്നതിനിടെയാണ് എടിഎമ്മിന് സമീപം വലിയ ഒരു ബാഗ് ജോസ് ന്യൂനെസ് റൊമാനീസ് കണ്ടത്. ബാഗ് തുറന്ന് നോക്കിയ ജോസ് അമ്പരന്നു. നോട്ട് കെട്ടുകള്‍ അടുക്കി വച്ച നിലയിലായിരുന്നു. എന്നാല്‍ ആ പണവും കൊണ്ട് മുങ്ങാന്‍ ജോസ് തയ്യാറായില്ല. ഉടന്‍ തന്നെ പണം അടങ്ങിയ ബാഗ് അവന്‍ പോലീസിനെ ഏല്‍പ്പിച്ചു.
“എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു സ്വപ്നം പോലെയാണ തോന്നിയത്. ഞാൻ ഞെട്ടിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു. ഒടുവിൽ പൊലീസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു?". സിഎൻ എൻ നോട് സംസാരിക്കവേ ജോസ് പറഞ്ഞു. ജോസ് അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സംഘം പണമടങ്ങിയ ബാഗ് സ്റ്റേഷനിലേക്ക് മാറ്റി.
ജോസ് ന്യൂനെസ് റൊമാനീസിന്‍റെ നിസ്വാർത്ഥ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് അൽബുക്കർക് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് ആണ് ഈ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൂടാതെ, പോലീസ് അക്കാദമിയിലേക്ക് അവര്‍ ജോസിനെ ക്ഷണിക്കുകയും ചെയ്തു. പോലീസ് അക്കാദമിയില്‍ വെച്ച് ജോസ് റൊമാനീസിനെ ആദരിക്കാനാണ് പൊലിസിന്‍റെ തീരുമാനം. ജോസിന്‍റെ നല്ല പ്രവൃത്തിക്ക് പ്രതിഫലമായി ഒരു തുക സമ്മാനമായി നൽകിയതായും പോലീസ് പോസ്റ്റിൽ പരാമർശിക്കുന്നു.