മൂന്ന് ദിവസമായി കാണാനില്ല, സ്ത്രീയെ കണ്ടെത്തിയത് കണ്ടെയ്‍നറിനകത്ത്, അടിമുടി ദുരൂഹത
കണ്ണ് തുറക്കുമ്പോൾ താൻ കണ്ടെയ്‍നറിന്റെ അകത്താണ്, എങ്ങനെ അവിടെ എത്തിയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയില്ല എന്നാണ് മർലിൻ പറഞ്ഞത്.
മൂന്ന് ദിവസമായി കാണാതായ സ്ത്രീയെ ഒടുവിൽ കണ്ടെത്തിയത് ഷിപ്പിംഗ് കണ്ടെയ്നറിൽ അടച്ചിട്ട നിലയിൽ. സംഭവം നടന്നത് യുഎസ്സിലെ ഫ്ലോറിഡയിലാണ്. ഫ്ലോറിഡയിലെ കൊക്കോയിൽ നിന്നുള്ള മർലിൻ ലോപ്പസ് എന്ന സ്ത്രീയെയാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്.
മാർച്ച് നാലിന് മകനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ മർലിൻ എത്തിയില്ല. അതോടെയാണ് ഇവരെ കാണാതായതായി മനസിലാവുന്നത്. പിന്നാലെ, മർലിന്റെ കുടുംബവും മകന്റെ അധ്യാപികയും ആകെ ഭയന്നു പോയി. അഞ്ചാം തീയതിയാണ് അവളുടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുന്നത്. മർലിനെ കുറേ മണിക്കൂറുകളായി കാണുന്നില്ല എന്നും എല്ലായിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചത്.
മാർച്ച് 7 -ന്, ഫ്ലോറിഡയിലെ കൊക്കോയിലെ ഒരു കമ്പനി സ്റ്റോറിന് സമീപമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറിൽ നിന്നാണ് അവളെ കണ്ടെത്തുന്നത്. തിരക്കേറിയ തെരുവിൽ ഒരു പെട്രോൾ പമ്പിന് സമീപത്തായിട്ടാണ് ഈ സ്റ്റോർ സ്ഥിതി ചെയ്യുന്നത്. എന്നാൽ, താനെങ്ങനെയാണ് അതിനുള്ളിൽ പെട്ടത് എന്ന് മർലിന് യാതൊരു വിവരവും ഇല്ലായിരുന്നു. കണ്ണ് തുറക്കുമ്പോൾ താൻ കണ്ടെയ്‍നറിന്റെ അകത്താണ്, എങ്ങനെ അവിടെ എത്തിയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയില്ല എന്നാണ് മർലിൻ പറഞ്ഞത്. രക്ഷപ്പെടാനായി അവൾ ശക്തമായി കണ്ടെയ്നറിൽ ഇടിച്ചിരുന്നു. എന്നാൽ, ആരും ആ ശബ്ദം കേൾക്കുകയോ രക്ഷക്കെത്തുകയോ ചെയ്തില്ല.
ഒടുവിൽ, കണ്ടെയ്നറിന്റെ ഉടമ തന്നെയാണ് അവൾ ഇടിക്കുന്ന ശബ്ദം കേൾക്കുന്നതും അവളെ അതിൽ കണ്ടെത്തുന്നതും. എന്നാൽ, അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല എന്നാണ് ഉടമ പറയുന്നത്. കാണാതായ ദിവസം രാത്രി അവൾ അതുവഴി നടക്കുന്നത് കണ്ടിരുന്നു എന്നും അയാൾ പറയുന്നു. അവളെ കണ്ടെത്തിയ കണ്ടെയ്നറിനകത്ത് ഒരു പൈപ്പും ഒരു ലൈറ്ററും കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം