കാമുകിക്ക് വിലയേറിയ സമ്മാനങ്ങൾ വേണം, 5 ലക്ഷം തട്ടിയെടുത്ത് യുവാവ്, 'കട്ടക്ക് കൂടെനിന്ന്' ചങ്കുകളും
മുഖ്യപ്രതിയായ ധീരജിന് ദീപക്കിനെ നേരത്തെ തന്നെ പരിചയമുണ്ട്. ഇരുവരും കാറിൽ പോകുന്ന സമയത്ത് ദീപക് ഈ പണത്തിന്റെ കാര്യം ഫോണിലൂടെ സംസാരിക്കുന്നത് ധീരജ് കേട്ടിരുന്നു.
പെട്രോൾ പമ്പിൽ വച്ച് ഒരാളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചിൻ്റെയും ഛോട്ടി ഗ്വാൾട്ടോളി പൊലീസിൻ്റെയും സംയുക്ത സംഘമാണ് മൂന്നുപേരെയും പിടികൂടിയത്. എന്നാൽ, മോഷ്ടിക്കാനുണ്ടായ കാരണമാണ് പൊലീസുകാരെ അമ്പരപ്പിച്ചിരിക്കുന്നത്.
പ്രതികളിലൊരാൾ പറഞ്ഞത് തങ്ങളുടെ കൂട്ടുകാരന് ഒരു കാമുകിയുണ്ട്. അവൾക്ക് വില കൂടിയ സമ്മാനങ്ങൾ വേണം. അതിനുള്ള കാശ് അവന്റെ കയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾ കൊള്ളയടിച്ചത് എന്നാണ്. ഈ പറഞ്ഞ കാമുകിയുള്ള കൂട്ടുകാരനാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. പെട്രോൾ പമ്പിൽ വച്ച് ദീപക് എന്നൊരു പ്രോപ്പർട്ടി ബ്രോക്കറുടെ പണമാണ് മൂവരും ചേർന്ന് കൊള്ളയടിച്ചത്. മുഖ്യപ്രതിക്ക് ദീപക്കിനെ നേരത്തെ തന്നെ അറിയാമായിരുന്നു. പ്രതികളിൽ നിന്ന് രണ്ടര ലക്ഷം രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.
ഒരാഴ്ച മുമ്പാണ് മോഷണം നടന്നത്. ഛോട്ടി ഗ്വാൾട്ടോളിയിലെ പെട്രോൾ പമ്പിൽ വച്ച് ദീപക്കിന്റെ ജോലിക്കാരനായ സുനിൽ ശർമ്മ എന്നയാളിൽ നിന്നുമാണ് അഞ്ച് ലക്ഷം രൂപ അടങ്ങിയ ബാഗ് ഇവരിൽ രണ്ടുപേർ ബൈക്കിലെത്തിയ ശേഷം കവർന്നത്. ഇന്ധനം നിറയ്ക്കാൻ കിബെ കോമ്പൗണ്ടിനടുത്തുള്ള പെട്രോൾ പമ്പിൽ എത്തിയ സമയത്താണത്രെ ഇയാളുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. നവ്‌ലാഖയിലെ മഹേന്ദ്രൻ എന്നൊരാൾക്ക് നൽകാനുള്ളതായിരുന്നു പണം.
ചിന്തു എന്ന ധീരജ് ബഗ്ബാൻ, അമീൻ ഷെയ്ഖ്, അജയ് ചൗഹാൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. മുഖ്യപ്രതിയായ ധീരജിന് ദീപക്കിനെ നേരത്തെ തന്നെ പരിചയമുണ്ട്. ഇരുവരും കാറിൽ പോകുന്ന സമയത്ത് ദീപക് ഈ പണത്തിന്റെ കാര്യം ഫോണിലൂടെ സംസാരിക്കുന്നത് ധീരജ് കേട്ടിരുന്നു. പിന്നാലെയാണത്രെ പദ്ധതി ആസൂത്രണം ചെയ്തതും കൂട്ടുകാരെ പണം തട്ടിയെടുക്കാൻ ഏൽപ്പിക്കുന്നതും. നിരവധി സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതികളെ പിടികൂടിയത്.