ശ്ശോ, കച്ചവടക്കാരന്റെ ഒരു ബുദ്ധി, വല്ലാത്ത പരസ്യം തന്നെ ഇത്; ഡെലിവറി ആപ്പുകളെ വെല്ലുവിളിച്ച് പോസ്റ്റർ, വൈറൽ
ഈ പോസ്റ്റർ കൊണ്ട് കച്ചവടം കൂടിയോ എന്ന് ഉറപ്പില്ല. പക്ഷേ, സംഗതി ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
ഓൺലൈൻ ഡെലിവറി ആപ്പുകൾ ഇന്ന് കൂടിക്കൂടി വരികയാണ്. പുറത്തു പോകണ്ട, തിരക്കുള്ള സമയത്താണെങ്കിൽ വീട്ടിൽ വളരെ പെട്ടെന്ന് സാധനങ്ങളെത്തും, ട്രാഫിക്കിൽ അലയണ്ട തുടങ്ങി ഒരുപാട് സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഓൺലൈൻ ഡെലിവറി ആപ്പുകൾ പലർക്കും പ്രിയപ്പെട്ടതാണ്. പലരും ഇന്ന് പച്ചക്കറികളും ഗ്രോസറികളും എല്ലാം ഓൺലൈനിലാണ് വാങ്ങിക്കാറുള്ളത്. എന്തായാലും, ഈ ഓൺലൈൻ ഡെലിവറി ആപ്പുകളോട് പിടിച്ചുനിൽക്കുന്നതിന് ബെംഗളൂരുവിലെ തെരുവുകച്ചവടക്കാരൻ വച്ചിരിക്കുന്ന ഒരു ബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഓൺലൈൻ ആപ്പുകളോട് പിടിച്ചുനിൽക്കാൻ ചെറിയ
കച്ചവടക്കാർ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വരാറുണ്ട്. അതിന്റെ ഭാഗമാണ് ഇതും എന്ന് പറയേണ്ടി വരും. എന്തായാലും, ഈ കച്ചവടക്കാരൻ തന്റെ കടയിൽ വച്ചിരിക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ബിഗ് ബാസ്കറ്റ് (Zepto, Blinkit, and BigBasket) ഒക്കെ തേങ്ങയ്ക്ക് ഈടാക്കുന്ന വില എത്രയാണ് എന്നും താൻ എത്ര രൂപയ്ക്കാണ് തേങ്ങ വിൽക്കുന്നത് എന്നുമാണ് കുറിച്ചിരിക്കുന്നത്.
സെപ്റ്റോയും ബ്ലിങ്കിറ്റും 80 രൂപയും ബിഗ് ബാസ്ക്കറ്റ് 70 രൂപയുമാണ് തേങ്ങയ്ക്ക് ഈടാക്കുന്നത്. എന്നാൽ, കച്ചവടക്കാരൻ പറയുന്നത് താൻ 55 രൂപയാണ് തേങ്ങയ്ക്ക് വാങ്ങുന്നത് എന്നാണ്.
എന്തായാലും, ഈ പോസ്റ്റർ കൊണ്ട് കച്ചവടം കൂടിയോ എന്ന് ഉറപ്പില്ല. പക്ഷേ, സംഗതി ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധിപ്പേരാണ് കച്ചവടക്കാരന്റെ ബുദ്ധിയെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റ് നൽകിയത്.
അതേസമയം, ദില്ലിയിൽ വഴിയോരക്കച്ചവടക്കാരേക്കാൾ കുറഞ്ഞ വിലയ്ക്ക് ബ്ലിങ്കിറ്റ് തേങ്ങ വിൽക്കുന്നുണ്ട് എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത് 50 രൂപ തന്നെ തേങ്ങയ്ക്ക് കൂടുതലാണ് എന്നാണ്.