കോളേജ് വിൽക്കും, പഠനം മുടങ്ങില്ല; 3 മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് എസ്എൻജിഐഎസ്‌ടി കോളേജ് മാനേജ്മെൻ്റ്

കോളേജ് വില്‍പന നടത്തി 18 കോടി രൂപയുടെ കുടിശിക തീർക്കുമെന്ന് എസ് എൻ ട്രസ്റ്റ് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.

Paravur SNGIST College Management says that there will be no confiscation process for month

കൊച്ചി: എറണാകുളം വടക്കൻ പറവൂർ മാഞ്ഞാലി എസ് എൻ ട്രസ്റ്റ്  (SNGIST) കോളേജിന്റെ ജപ്തി ഭീഷണി താത്കാലികമായി ഒഴിഞ്ഞു. കോളേജ് വില്‍പന നടത്തി 18 കോടി രൂപയുടെ കുടിശിക തീർക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഇതിനിടെ കോളേജ് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

ഒരു മാസത്തെ ഇടവേളയ്ക്കിടെ വടക്കൻ പറവൂർ മാഞ്ഞാലിയിലെ എസ് എൻ ട്രസ്റ്റ്‌ കോളേജ് നേരിട്ടത് രണ്ട് ജപ്തി നടപടികളാണ്. പരീക്ഷ തലേന്ന് പഠിക്കുന്ന കോളേജ് ജപ്തി നേരിടുന്ന വിദ്യാർത്ഥികളുടെ ദുരവസ്ഥ. ഒടുവിൽ വിദ്യാർത്ഥികളുടെ പ്രതിസന്ധി മാത്രം മുന്നിൽ കണ്ട് കോളേജ് മാനേജ്മെന്റും ബാങ്ക് അധികൃതരും നടത്തിയ ചർച്ചയിൽ സമവായി. 

പറവൂർ ഗുരുദേവ ട്രസ്റ്റിന് കീഴിലുള്ള കോളേജ് 2014 ൽ എടുത്ത 4 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തിയിലേക്ക് നീങ്ങിയത്. പത്ത് വർഷം കൊണ്ട് കുടിശിക 19 കോടിയെത്തി. ഒക്ടോബറിൽ ജപ്തിക്കെതിയ ബാങ്കിന് ഒരു കോടി അടിയന്തരമായി നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. പഴയ ഭാരവാഹികൾ പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പുതിയ ഭരണസമിതിയുടെ ആരോപണം. ഇന്ന് ബാങ്ക് വീണ്ടും ജപ്തിക്കെത്തിയതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തി, സമരം ചെയ്ത കെഎസ്‍യു നേതാവിനെ കസ്റ്റഡിയിലെടുത്തു. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ജപ്തി നടപടിയും ചർച്ചയും.

ജനുവരി 30 വരെ ജപ്തി നടപടി ഉണ്ടാകില്ലെന്നതാണ് സ്വകാര്യ ബാങ്ക് നൽകുന്ന ഉറപ്പ്. വിൽപ്പന നടത്തി പണം കണ്ടെത്തുന്നതോടെ കടം തീർക്കുമെന്ന് കോളേജ് മാനേജ്മെന്റും ഉറപ്പ് നൽകുന്നു. താത്കാലികമായെങ്കിലും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios