1965ൽ ജനനം, 2021ൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ആ രഹസ്യം പുറത്ത് വന്നു; നിയമനടപടികളുമായി സ്ത്രീകൾ
അമ്മമാർ പ്രത്യേക മുറികളിൽ ഒബ്സര്‍വേഷനില്‍ കഴിയുമ്പോൾ നവജാതശിശുക്കളെ എല്ലാം പരിചരിച്ചിരുന്നത് മറ്റൊരു മുറിയിലായിരുന്നു
ഒസ്‍ലോ: കാലങ്ങളോളം ജീവിച്ചത് മറ്റൊരു കുടുംബത്തിനൊപ്പമെന്ന് രണ്ട് സ്ത്രീകൾ തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകൾക്ക് ശേഷം. ആശുപത്രിക്ക് പറ്റിയ വലിയ പിഴവ് തിരിച്ചറിഞ്ഞതോടെ നോർവേയിലെ രണ്ട് സ്ത്രീകളുടെ ജീവിതം ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തലകീഴായി മറിഞ്ഞിരിക്കുകയാണ്. നോർവേയിലെ എഗ്‌സ്‌ബോൺസ് ആശുപത്രിയിലാണ് സംഭവം. 1965 ഫെബ്രുവരി 14ന് ഡോക്കൻ എന്ന സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്.
അമ്മമാർ പ്രത്യേക മുറികളിൽ ഒബ്സര്‍വേഷനില്‍ കഴിയുമ്പോൾ നവജാതശിശുക്കളെ എല്ലാം പരിചരിച്ചിരുന്നത് മറ്റൊരു മുറിയിലായിരുന്നു. ഇതാണ് കുഞ്ഞുങ്ങൾ തമ്മില്‍ മാറിപ്പോകാൻ കാരണമായതെന്നാണ് ഇപ്പോൾ പുറത്ത് വന്ന വിവരം. ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്കൻ തന്‍റെ അമ്മൂമ്മയുടെ പേരാണ് കുഞ്ഞിന് നല്‍കിയത്. മോണ എന്ന പേരില്‍ കുഞ്ഞ് വളര്‍ന്നു. മോണയുടെ കറുത്ത, ചുരുണ്ട മുടി തന്‍റേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഡോക്കൻ ശ്രദ്ധിച്ചെങ്കിലും, കുഞ്ഞിന്‍റെ മുത്തശ്ശിയിൽ നിന്ന് ലഭിച്ചതാകാം എന്ന് വിചാരിച്ച് അത് കാര്യമാക്കിയില്ല.
ഏകദേശം 2000ത്തോടെയാണ് ഡോക്കൻ സത്യം മനസ്സിലാക്കിയത്. മോണ തന്‍റെ മകൾ അല്ലെന്നും മറ്റൊരു സ്ത്രീ വളര്‍ത്തിയ ലിൻഡ കരിൻ റിസ്‌വിക്കാണ് തന്‍റെ മകളെന്നും ഡോക്കൻ തിരിച്ചറിഞ്ഞു. 1985ൽ പുറത്തുവരാൻ സാധ്യതയുള്ള സത്യം നോർവീജിയൻ ആരോഗ്യ പ്രവർത്തകർ മറച്ചുവയ്ക്കുകയായിരുന്നു.
2021 ൽ മോണയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയയാക്കുമ്പോഴായിരുന്നു സത്യം വെളിപ്പെട്ടത്. തങ്ങളുടെ അവകാശങ്ങൾ ലംഘിച്ചതിന് രണ്ട് സ്ത്രീകളും ഇപ്പോൾ സർക്കാരിനെതിരെ കേസ് നല്‍കുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. മോണയുടെ യഥാര്‍ത്ഥ പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഡോക്കന്‍റെ യഥാര്‍ത്ഥ മകളെ വളർത്തിയ സ്ത്രീക്ക് 1981-ൽ ഈ സംഭവത്തെ കുറിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും അന്ന് അത് കാര്യമാക്കിയില്ല.