ലോകത്തിലെ ഏറ്റവും കുശുമ്പിയും സംശയാലുവുമായ ഭാര്യ, ഭർത്താവിന് ദിവസവും നുണപരിശോധന
2011 -ലാണ് ഡെബിയും ഭർത്താവും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. രണ്ടുപേരുടെയും ഒരു കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ സ്റ്റീവ് തന്റെ ഹൃദയം കവർന്നു.
ബന്ധങ്ങളിൽ സംശയവും കുശുമ്പും സ്വാർത്ഥതയും ഒക്കെയുള്ള മനുഷ്യർ അനവധിയാണ്. തന്റെ കാമുകൻ/കാമുകി/ പങ്കാളി മറ്റാരോടും സംസാരിക്കരുത്, അധികം അടുക്കരുത് തുടങ്ങിയ ബാലിശമായ നിർബന്ധങ്ങളുള്ളവരും അനേകമുണ്ട്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ സംശയാലുവായ, കുശുമ്പിയായ ഭാര്യ ഒരുപക്ഷേ ഇംഗ്ലണ്ടിൽ നിന്നുള്ള ഡെബി വൂഡ് ആയിരിക്കും.
ഡെബി ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടുകളും സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഫോണും എല്ലാം നിരന്തരം പരിശോധിക്കും. ഇതൊക്കെ മിക്ക ഭാര്യമാരും ചെയ്യാറുണ്ട് എന്നാണോ പറഞ്ഞുവരുന്നത്? എന്നാൽ, ഡെബി ഇത് മാത്രമല്ല ചെയ്യുന്നത്. ഓരോ ദിവസവും വൈകീട്ട് ഭർത്താവ് വീട്ടിൽ വരുമ്പോൾ അയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കുമത്രെ. 2015 -ലാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖം വഴി ഡെബിയുടെ സംശയത്തിന്റെ കഥ ലോകമറിയുന്നത്. ഡെബി തന്നെയാണ് തന്റെ സ്വഭാവത്തിൽ ഇങ്ങനെ ചില പ്രശ്നങ്ങളൊക്കെയുണ്ട് എന്ന് തുറന്നു പറയുന്നത്.
2011 -ലാണ് ഡെബിയും ഭർത്താവും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. രണ്ടുപേരുടെയും ഒരു കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ സ്റ്റീവ് തന്റെ ഹൃദയം കവർന്നു. പിന്നീട് മറ്റൊരു ബന്ധത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല എന്നാണ് ഡെബി പറയുന്നത്. എന്നാൽ, തന്നെ പരിചയപ്പെട്ട സമയത്ത് തന്നെ സ്റ്റീവിന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന് ഡെബിക്ക് തോന്നി. അതവൾ ചോദ്യം ചെയ്തു. എന്തായാലും ഡെബിയുടെ സംശയത്തിന് പിന്നാലെ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. എന്നാൽ, ആ സംശയം തീർന്നില്ല. അതിന്റെ പേരിൽ സ്റ്റീവിന്റെ ലാപ്‍ടോപ്പിൽ ചൈൽഡ് പ്രൂഫ് ഫിൽറ്റർ വയ്ക്കുന്നതടക്കം പലതും അവൾ ചെയ്തു. അവിടെയും തീർന്നില്ല ഓൺലൈൻ വഴി വാങ്ങിയ നുണ പരിശോധനാ യന്ത്രം ഉപയോഗിച്ച് അയാളെ അവൾ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കി.
എന്തായാലും, അധികം വൈകും മുമ്പ് ഡെബിക്ക് 'ഒഥല്ലോ സിൻഡ്രോം' ആണെന്ന് തിരിച്ചറിഞ്ഞു. നിരന്തരം തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന അവസ്ഥയാണിത്. മറ്റ് പല മാനസികാരോഗ്യ പ്രശ്നങ്ങളും ഡെബിക്കുണ്ട്. എന്നാൽ, ഇതെല്ലാം മനസിലാക്കി സ്റ്റീവ് എപ്പോഴും അവളുടെ കൂടെ തന്നെയുണ്ട്. അവൾക്ക് തന്നെ ഒരുപാടിഷ്ടമാണെന്നും എന്ത് വന്നാലും ഒരുമിച്ച് നേരിടും എന്നുമാണ് അയാൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം