മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാൻ അനുമതി; കേസ് നടന്നത് നാല് വർഷം
അവിവാഹിതനും 30 -കാരനുമായ മകന്‍ കാന്‍സർ ബാധിച്ച് മരിച്ചപ്പോള്‍ അച്ഛനും അമ്മയും മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാന്‍ ദില്ലി ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ദില്ലി ഹൈക്കോടി ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. അവിവാഹിതനായിരിക്കെ മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്നാണ് കോടതി ഉത്തരത്. ഗുർവീന്ദർ സിംഗിന്‍റെയും ഹർബീർ കൗറിന്‍റെയും 30 കാരനായ മകൻ പ്രീത് ഇന്ദർ സിംഗ്, രക്താർബുദത്തിന്‍റെ വകഭേദമായ നോൺ-ഹോഡ്ജ്കിൻസ് ലിംഫോമയെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് മരിച്ചത്. മകന്‍റെ മരണാനന്തരം ഗംഗാ റാം ആശുപത്രിയിലെ ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചിരുന്ന മകന്‍റെ ബീജമുപയോഗിച്ച് പേരകുട്ടിയെ പ്രസവിക്കാന്‍ അച്ഛനും അമ്മയ്ക്കും ഹൈക്കോടതി അനുമതി നല്‍കി. "ഞങ്ങൾ വളരെ നിർഭാഗ്യവാന്മാരായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. എന്നാൽ കോടതി ഞങ്ങൾക്ക് വളരെ വിലയേറിയ ഒരു സമ്മാനം നൽകി. ഇപ്പോൾ ഞങ്ങൾക്ക് മകനെ തിരികെ നേടാൻ കഴിയും," കോടതി വിധിയോട് പ്രതികരിക്കവേ പ്രീത് ഇന്ദർ സിംഗിന്‍റെ അമ്മ ഹർബീർ കൗർ ബിബിസിയോട് പറഞ്ഞു.
ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ആരംഭിക്കും മുമ്പ്, ചികിത്സ ബീജത്തിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവിവാഹിതയായ പ്രീത് ഇന്ദർ ഇതിന് സമ്മതിച്ചു. 2020 ജൂൺ 27 ന് ബീജ സാമ്പിൾ ശേഖരിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു. എന്നാല്‍ മകന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗുർവീന്ദർ സിംഗും ഭാര്യ ഹർബീർ കൗറും മകന്‍റെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് മകന്‍റെ ബീജം വിട്ട് കിട്ടാന്‍ ഇരുവരും ദില്ലി ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍
മകന്‍റെ ബീജ സാമ്പിൾ ഉപയോഗിച്ച് ജനിക്കുന്ന ഏത് കുട്ടിയെയും വളർത്തുമെന്ന് അറുപതുകളിലുള്ള ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. അച്ഛന്‍റെയും അമ്മയുടെയും മരണ ശേഷം കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുമെന്ന് അവരുടെ രണ്ട് പെൺമക്കളും കോടതിയിൽ ഉറപ്പ് നൽകി. പക്ഷേ, കേസ് നീണ്ടത് നാല് വര്‍ഷം. വാടക ഗർഭപാത്രത്തിൽ മകന്‍റെ ബീജം ഉപയോഗിക്കുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നുണ്ടെന്നും ഒരു ബന്ധു വാടക ഗർഭപാത്രമാകാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ ബിബിസിയോട് പറഞ്ഞു. 2018 ലും 2019 ലും സമാനമായ കേസുകളില്‍ മരിച്ച് പോയ മക്കളുടെ ബീജം ഉപയോഗിച്ച് പുന്തുടര്‍ച്ചാവകാശിയെ ഉണ്ടാക്കാന്‍ കോടതി മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം ഇന്ത്യൻ നിയമപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം നിയമവിരുദ്ധമാണ്.