ട്വിസ്റ്റോടെ ട്വിസ്റ്റുകൾ കണ്ട പാലക്കാട് എന്തുസംഭവിക്കും? മൂന്ന് മുന്നണികൾക്കും നിർണായകം, പ്രതീക്ഷകൾ ഇങ്ങനെ
മെട്രോമാൻ ഇ ശ്രീധരൻ മത്സരിച്ചപ്പോഴുള്ള മേൽക്കൈ ഇത്തവണ നഗരസഭയിൽ ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍
പാലക്കാട്: ട്വിസ്റ്റുകളും ടേണുകളും പ്രചാരണത്തിന്‍റെ അവസാനം വരെ നീണ്ടപ്പോൾ പാലക്കാട് മണ്ഡലത്തിൽ എന്തുസംഭവിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. പാലക്കാട് ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന ഉറപ്പിലാണ് യുഡിഎഫ് ക്യാമ്പുള്ളത്. എന്നാൽ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാതെയാണ് എൽഡിഎഫ് പ്രതികരണം. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന് ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു. പിരായിരിയിൽ മേൽക്കൈയും മാത്തൂരിൽ മുന്നേറ്റവും ഉണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.
പാലക്കാട് നഗരസഭയിലും ഒപ്പത്തിനൊപ്പം വോട്ട് നേടി കൊണ്ട് രാഹുലിന് നിയമസഭയില്‍ എത്താമെന്നാണ് കണക്കുകൂട്ടല്‍. മെട്രോമാൻ ഇ ശ്രീധരൻ മത്സരിച്ചപ്പോഴുള്ള മേൽക്കൈ ഇത്തവണ നഗരസഭയിൽ ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഒപ്പം പത്രപരസ്യം, പെട്ടിവിവാദം എന്നിവ എൽഡിഎഫിന് തിരിച്ചടിയാകുമെന്നും യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു. എന്നാല്‍, നഗരസഭയിൽ മാത്രം 5000 വോട്ടിന്‍റെ ലീഡ് നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.
യുഡിഎഫ് വോട്ടിൽ അടിയൊഴുക്കുണ്ടായി എന്നും ബിജെപി ക്യാമ്പ് വിലയിരുത്തുന്നുണ്ട്. കൃഷ്ണകുമാറിനായി പാലക്കാട് നഗരസഭയില്‍ നടത്തിയ പ്രചാരണത്തിന് ഫലം കിട്ടുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. സരിന്‍റെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പാര്‍ട്ടി വോട്ടുകൾക്കൊപ്പം ശ്രീധരൻ നേടിയ നിഷ്പക്ഷ വോട്ടുകളും ചെറുപ്പക്കാരുടെ വോട്ടും സരിന് ലഭിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. കോൺഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയായിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ