അവിവാഹിതയായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി, വിവേചനം വേണ്ടെന്ന് കോടതി 

ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് താൻ ഗർഭിണിയായത് എന്നും എന്നാൽ അയാളുമായി നിലവിൽ ബന്ധമില്ല എന്നും യുവതി ഹർജിയിൽ പറയുന്നുണ്ട്. കുട്ടിയെ വളർത്താനുള്ള സാമ്പത്തികശേഷി തനിക്കില്ല എന്നും യുവതി വ്യക്തമാക്കി.

Bombay hc allows unmarried 23 year old woman to terminate pregnancy

23 -കാരിയും അവിവാഹിതയുമായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലാണ് ​ഗർഭിണിയായത് എന്നും എന്നാൽ കുട്ടിയെ വളർത്താനുള്ള സാഹചര്യമില്ല എന്നും കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

അവിവാഹിതരായ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ​ഗർഭച്ഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ നീട്ടിയ സുപ്രീം കോടതിയുടെ 2022 സെപ്റ്റംബറിലെ വിധിയിലെ നിരീക്ഷണങ്ങൾ ഈ കേസിലും ബാധകമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അല്ലെങ്കിൽ അത് ഇത്തരം അവിവാഹിതരായ സ്‌ത്രീകളോടുള്ള നിയമ വ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14 -ാം അനുച്ഛേദത്തിന്‍റെ ലംഘനമാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് താൻ ഗർഭിണിയായത് എന്നും എന്നാൽ അയാളുമായി നിലവിൽ ബന്ധമില്ല എന്നും യുവതി ഹർജിയിൽ പറയുന്നുണ്ട്. കുട്ടിയെ വളർത്താനുള്ള സാമ്പത്തികശേഷി തനിക്കില്ല എന്നും യുവതി വ്യക്തമാക്കി. താൻ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ആ ​ഗ്രമത്തിൽ തന്നെയുള്ള ആളായിരുന്നു യുവാവും. ഇപ്പോൾ അയാളുമായി ബന്ധമില്ല. താൻ അവിവാഹിതയാണ്. ഒരു കുട്ടിയെ വളർത്താനുള്ള ശാരീരികമോ മാനസികമോ വൈകാരികമോ ആയ ശേഷി തനിക്കില്ല എന്നും യുവതി പറഞ്ഞു. 

2024 സെപ്റ്റംബറിൽ യുവതി 21 ആഴ്‌ച ഗർഭിണിയായിരുന്നു. 20 ആഴ്ച കഴിഞ്ഞതിനാൽ തന്നെ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സർക്കാർ ആശുപത്രിയിൽ നിന്നാണ് യുവതിയോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios