16,590 കോടി രൂപ ലോട്ടറിയടിച്ചു, മഹാഭാഗ്യം നേടിയ ആൾ ഇനിയും കാണാമറയത്ത്...
ജോ പറയുന്നത് ആരാണ് ആ ജാക്ക്പോട്ട് ടിക്കറ്റ് എടുത്തത് എന്ന് തനിക്ക് അറിയില്ല എന്നാണ്. തന്റെ അയൽപക്കത്തുള്ള ആരോ ആയിരിക്കാം ആ ടിക്കറ്റ് എടുത്തത് എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
16,590 കോടി രൂപ ലോട്ടറിയടിക്കുക, ഒന്ന് ആലോചിച്ച് നോക്കൂ. ഏതായാലും, കാലിഫോർണിയയിൽ ഒരാൾക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ച് കഴിഞ്ഞു. എന്നാൽ, ആ വിജയി ആരാണ് എന്ന് ആർക്കും അറിയില്ല. ആരാണ് ആ ടിക്കറ്റ് വാങ്ങിയത് എന്ന് ഇപ്പോൾ എല്ലാവരും അന്വേഷിക്കുകയാണ്.
റിപ്പോർട്ടുകൾ പറയുന്നത്, 45 യുഎസ് സംസ്ഥാനങ്ങളിലും യുഎസ് വിർജിൻ ഐലൻഡ്‌സിലും പ്യൂർട്ടോ റിക്കോയിലും ഈ പവർബോൾ ജാക്ക്‌പോട്ട് കളിക്കുന്നുണ്ട് എന്നാണ്. എന്നാൽ, ഇത് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. അത്രയും ചുരുങ്ങിയ സാധ്യതയിൽ നിന്നുകൊണ്ടാണ് ഒരാൾ ഈ വമ്പൻ തുക ഇപ്പോൾ നേടിയിരിക്കുന്നത്. മിനസോട്ട ലോട്ടറിയുടെ സെയിൽസ് വെരിഫിക്കേഷൻ സിസ്റ്റത്തിലെ പ്രശ്‌നങ്ങളെത്തുടർന്ന് നറുക്കെടുപ്പ് 10 മണിക്കൂറിലധികം വൈകിയിരുന്നു.
ടാലഹാസിയിലെ അൽതഡേനയിലെ ജോയിസ് സർവീസ് സെന്ററിൽ നിന്നാണ് ഈ ലോട്ടറി എടുത്തിരിക്കുന്നത്. ജാക്ക്പോട്ട് ടിക്കറ്റ് വിറ്റ വകയിൽ സർവീസ് സെന്റർ ഉടമ ജോ ചഹയെദിന് ഒരു ദശലക്ഷം ഡോളർ പവർബോൾ ബോണസും ലഭിച്ചിട്ടുണ്ട്.
ജോ പറയുന്നത് ആരാണ് ആ ജാക്ക്പോട്ട് ടിക്കറ്റ് എടുത്തത് എന്ന് തനിക്ക് അറിയില്ല എന്നാണ്. തന്റെ അയൽപക്കത്തുള്ള ആരോ ആയിരിക്കാം ആ ടിക്കറ്റ് എടുത്തത് എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു. തനിക്ക് കിട്ടിയ പണം താൻ ഭാര്യയ്ക്കും മക്കൾക്കുമായി ചെലവഴിക്കും, ബാക്കി ചാരിറ്റിക്ക് നൽകും എന്നും ജോ പറഞ്ഞു.
കാലിഫോർണിയയിലെ നിയമപ്രകാരം ലോട്ടറിയിൽ വിജയി ആയ ആളുടെ പേര് മാത്രമേ വെളിപ്പെടുത്താൻ അവകാശമുള്ളൂ. ബാക്കി സ്വകാര്യ വിവരങ്ങളെല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കണം എന്നാണ് നിയമം പറയുന്നത്. ഇതാദ്യമായിട്ടാണ് 2.04 ബില്ല്യൺ അഥവാ 16,590 കോടി രൂപ ഇവിടെ ലോട്ടറി അടിക്കുന്നത്. ഏതായാലും ഇത്രയധികം തുക നേടിയിരിക്കുന്ന ആ ഭാഗ്യവാൻ/ ഭാഗ്യവതി ആരാണ് എന്ന് കണ്ടെത്താനുള്ള ഉദ്വേഗത്തിലാണ് ഇവിടെ ആളുകൾ.