'അച്ഛാ, നിങ്ങൾ കുറച്ചുകൂടി നല്ല ഭർത്താവാകണം'; കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ കേൾക്കണം ഈ 15-കാരന് പറയാനുള്ളത്

'താൻ അമ്മയെ എന്തെങ്കിലുമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിക്കും അതാണ് വീട്ടിൽ താൽക്കാലികമായി സമാധാനമുണ്ടാക്കുന്നത്. പക്ഷേ, അച്ഛാ നിങ്ങളുടെ ഭാര്യയോട് സ്നേഹം കാണിക്കുക എന്നത് ഒരു ഭർത്താവ് എന്ന നിലയിൽ നിങ്ങളുടെ കടമയാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണ് കൂടുതൽ ദൃഢമായിരിക്കേണ്ടത്, മക്കളോടുള്ള ബന്ധത്തേക്കാളും.'

15 year old boys video went viral who asks father to be a better husband

അച്ഛനും അമ്മയും കലഹിക്കുമ്പോൾ മിക്കവാറും അതിനിടയിൽ പെട്ട് ബുദ്ധിമുട്ടിലാവാറുള്ളത് കുട്ടികളാണ്. അങ്ങനെ വളരുന്ന കുട്ടികളുടെ മനസ് മിക്കവാറും അസ്വസ്ഥമാവും. ചൈനയിൽ അതുപോലെ അച്ഛനും അമ്മയുമായി കലഹമുണ്ടായതിന് പിന്നാലെ അച്ഛനോട് കുറച്ചുകൂടി ദയയോടെ പെരുമാറാൻ ആവശ്യപ്പെടുകയാണ് ഒരു വിദ്യാർത്ഥി. അവന്റെ വീഡിയോ ഇപ്പോൾ‌ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള വാങ് നൻഹാവോ എന്ന 15 -കാരനാണ് തന്റെ അച്ഛനോട് അമ്മയോട് കുറച്ചുകൂടി നല്ല രീതിയിൽ പെരുമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വാങ്ങിന്റെ അച്ഛനും അമ്മയും തമ്മിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വഴക്കുണ്ടാവുകയായിരുന്നു. ഒടുവിൽ ഏപ്രിൽ 27 -ന് അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നാലെയാണ് ചൈനയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ Douyin -ൽ വാങ് വീഡിയോ പോസ്റ്റ് ചെയ്തത്. 

തന്റെ അച്ഛനോട് കുറച്ചുകൂടി നല്ല ഭർത്താവാകൂ എന്ന് അപേക്ഷിക്കുകയാണ് വീഡിയോയിൽ വാങ്. 'വർഷങ്ങളായി അച്ഛനും അമ്മയും കലഹിക്കുകയാണ്. ഇത് തന്നിൽ പലതരത്തിലുള്ള മാനസികപ്രയാസങ്ങളും ഉണ്ടാക്കി. അതിൽ നിന്നും രക്ഷപ്പെടാൻ സൈക്കോളജി സംബന്ധമായ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയാണ് താനിപ്പോൾ ചെയ്യുന്നത്' എന്നും 15 -കാരൻ പറയുന്നു. 

'ആ പുസ്തകത്തിൽ നിന്നും താൻ മനസിലാക്കിയ ഒരു കാര്യം എല്ലാ നല്ല ബന്ധങ്ങൾക്കും അടിത്തറ തുറന്ന സംസാരമാണ്. എന്നാൽ, തന്റെ വീട്ടിൽ അതുണ്ടായിട്ടില്ല. കഴിഞ്ഞ 10 വർഷമായി എൻ്റെ മാതാപിതാക്കൾ വഴക്കുണ്ടാക്കുന്നത് താൻ കാണുന്നു. അങ്ങനെ വഴക്കുണ്ടാകുമ്പോഴെല്ലാം എൻ്റെ അച്ഛൻ വാതിൽ കൊട്ടിയടച്ച് വീടുവിട്ടിറങ്ങിപ്പോകും. എന്നാൽ, പിറ്റേന്ന് രാവിലെ, കരഞ്ഞു ചുവന്ന കണ്ണുകളോടെ അമ്മ എനിക്ക് പ്രഭാതഭക്ഷണം ഉണ്ടാക്കും' എന്നും വാങ്ങ് പറയുന്നു. 

'താൻ അമ്മയെ എന്തെങ്കിലുമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിക്കും അതാണ് വീട്ടിൽ താൽക്കാലികമായി സമാധാനമുണ്ടാക്കുന്നത്. പക്ഷേ, അച്ഛാ നിങ്ങളുടെ ഭാര്യയോട് സ്നേഹം കാണിക്കുക എന്നത് ഒരു ഭർത്താവ് എന്ന നിലയിൽ നിങ്ങളുടെ കടമയാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണ് കൂടുതൽ ദൃഢമായിരിക്കേണ്ടത്, മക്കളോടുള്ള ബന്ധത്തേക്കാളും' എന്നും വാങ് പറയുന്നുണ്ട്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു സ്ത്രീയോട് ഇത്രയും അനുഭാവപൂർവം പെരുമാറുകയും അച്ഛനോട് അദ്ദേഹത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന വാങ് ഒരു മികച്ച പുരുഷനായിത്തീരും എന്ന് പലരും അഭിപ്രായപ്പെട്ടു. മറ്റ് പലരും പറഞ്ഞത്, നിരന്തരം കലഹിക്കുന്ന ദമ്പതിമാർക്ക് ഒരു പാഠമാണ് ഈ വിദ്യാർത്ഥിയുടെ വീഡിയോ എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios