പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി; ഒരു ഡോക്യുമെന്‍ററി ആസ്വാദന കുറിപ്പ്

കേരളത്തില്‍ നിന്നുള്ള ലോക പ്രശസ്തയായ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതി ടീച്ചറെക്കുറിച്ചുള്ള 'പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി' എന്ന ഡോക്യുമെന്‍ററിക്ക് പി ജി ശിവന്‍ മേനോന്‍, ഋതിക കൃഷ്ണകുമാർ എന്നിവര്‍ ചേര്‍ന്നെഴുതിയ ആസ്വാദന കുറിപ്പ് 
 

note on Padma Shri Guru Kalamandalam Kshemavati documentary bkg


ലോക പ്രശസ്തയായ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതി ടീച്ചറെക്കുറിച്ചുള്ള 'പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി' (Spiritual voyage of a Dancer) എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ  ആദ്യ പ്രദർശനം മാര്‍ച്ച് അഞ്ചിന് തൃശ്ശൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്‍വെല്‍ വേദിയിൽ നടന്നു. 2011 ൽ രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ച ഈ അതുല്യ കലാകാരി, നൃത്ത മേഖലയില്‍ കേരളത്തിൽ നിന്നുള്ള പ്രഥമ പത്മശ്രീ ജേതാവ് കൂടിയാണ്. 

പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി, മോഹിനിയാട്ടത്തിന്‍റെ പ്രമുഖ വക്താവ്, നാട്യശാസ്ത്ര ബന്ധിതമായ ലാസ്യ നർത്തകി, നൃത്ത സംവിധായിക...

note on Padma Shri Guru Kalamandalam Kshemavati documentary bkg 

നർത്തകിയുടെ കലാ ലോകത്തേക്കുള്ള പദങ്ങൾ കടന്നുപോകുന്നത് മറ്റാരിലൂടെയുമല്ല, മഹാകവി വള്ളത്തോളിന്‍റെ അനുഗ്രഹ രശ്മിയിലൂടെയാണ്. കേരളത്തിലെ അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളെ അതിജീവിച്ച് വീട്ടില്‍ നിന്നും നൃത്ത വേദിയിലേക്കുള്ള തന്‍റെ വഴി കണ്ടെത്തിയ ക്ഷേമാവതി എന്ന യുവതിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ചെന്നൈയിലെ പ്രഗൽഭരായ ഗുരുക്കന്മാരിൽ നിന്ന് പരിശീലനം. വിവിധ നൃത്ത ശൈലികൾ ചെറുപ്പത്തില്‍ തന്നെ പഠിക്കാന്‍ ഇത് വഴിയൊരുക്കി. ആറ് പതീറ്റാണ്ട് നീണ്ട നിരന്തര പര്യവേക്ഷണം. ഭക്തി, പ്രതിബദ്ധത, ഡോക്യൂമെന്‍ററി ആഴങ്ങളിലേക്ക് തുഴയുന്നു.

ബാല്യദശയിലായിരുന്ന ഈ കേരളീയ നൃത്തരൂപത്തെ ധ്യാനാത്മകമായ ചര്യകളാൽ പടിപടിയായി ഉണർത്തി പരിപാലിച്ച് പണ്ഡിതോപദേശങ്ങളിൽ മുങ്ങിനിവർന്ന് തന്‍റെതായ പരീക്ഷണങ്ങളിലൂടെ ഇന്നത്തെ ശ്രേഷ്ഠമായ അവസ്ഥയിലേക്ക് ഉയർത്തി കൊണ്ട് വന്നതിൽ ടീച്ചർക്കുള്ള പങ്ക് ഈ ചിത്രത്തിലൂടെ സംവിധായകൻ വിശദീകരിച്ചു തരുന്നു. കേവലം ഒരു നർത്തകിയെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾക്കുമപ്പുറം ഒരു കലാരൂപത്തിന്‍റെ സ്മാരകശിലകളിലൂടെയുള്ള യാത്ര കൂടിയായി ഡോക്യുമെന്‍ററി മാറുന്നു.

സ്വദേശത്തും വിദേശത്തും നിരന്തരം സഞ്ചാര തപസ്യകൾ നടത്തി നൃത്തത്തിന്‍റെ കേന്ദ്രപീഠത്തിൽ ഉപവിഷ്ഠയാകാനുള്ള കഴിവുകൾ അവർ സ്വായത്തമാക്കി. അപ്പോഴേക്കും ശരീരത്തിലും മനസിലും ആവാഹിച്ച പദാര്‍ത്ഥത്തിലും ഉള്ളടക്കത്തിലും ഉരുവം കൊണ്ട നിശ്ചയദാര്‍ഢ്യത്തിന്‍റെ ഒരു നൃത്തരൂപം ഉയർന്നുവന്നിരുന്നു.

note on Padma Shri Guru Kalamandalam Kshemavati documentary bkg

സാമീപ്യത്തിന്‍റെ പ്രതീകമായ വ്യക്തിയുമായുള്ള വൈകാരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്‍ററി സഞ്ചരിക്കുന്നത്. ഗുരു തന്‍റെ ശിഷ്യന്മാരോടും അഭ്യുദയകാംക്ഷികളോടും ആഗോളതലത്തിലുള്ള കലയുടെ ആസ്വാദകരോടും ഒപ്പം ജീവിതപാതകൾ ആസ്വദിക്കുന്നു. ജയരാജ് പുതുമഠത്തിന് തീക്ഷ്ണമായ ഒരു ജീവചരിത്ര പ്രമേയവുമായി മുന്നോട്ട് പോകാൻ ക്ഷേമാവതി ടീച്ചറുടെ അനുവാദം ലഭിച്ചതിൽ സംതൃപ്തമായ മുഹൂർത്തങ്ങൾ.

ഒരു വിഷ്വൽ ട്രീറ്റ് പുറത്തെടുത്തതിന് ജയരാജ് പുതുമഠവും ബ്ലൂ ബേർഡ് ടാക്കീസിന്‍റെ സാരഥിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ക്ഷേമ ടീച്ചറെക്കുറിച്ചുള്ള ആദ്യത്തെ വിഷ്വൽ റഫറൻസ് കൂടിയാണ് ഈ ഡോക്യുമെന്‍ററി. അല്ലെങ്കിൽ അവർ തന്നെ പറയുന്നത് പോലെ ഒരു നിമിത്തം, സ്നേഹവും വാത്സല്യവും കൊണ്ട് സമ്മാനിച്ച ഒന്ന്. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പരേതനായ പവിത്രനുമായുള്ള ക്ഷേമാവതി ടീച്ചറുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള സംവിധായകന്‍റെ ഫ്രെയിമുകൾ, പിന്നീട് അവരുടെ വിവാഹത്തിലേക്കും അവരുടെ സൗന്ദര്യാത്മക സമന്വയത്തിലേക്കും നയിച്ചത്... അവരുടെ ആനന്ദകരമായ ഒരുമയുടെ ഉൾക്കാഴ്ച നൽകുന്നു.

പവിത്രന്‍റെ പ്രിയപ്പെട്ട ഗസൽ ലോകങ്ങളിലെ ക്ഷേമടീച്ചറുടെ കൊറിയോഗ്രാഫി. നവീകരിക്കാനുള്ള അവരുടെ അതുല്യമായ സർഗ്ഗാത്മകമായ അന്തർലീനങ്ങൾ അനാവരണം ചെയ്യുന്നു. പഠിക്കാനുള്ള അവരുടെ അന്വേഷണത്താൽ നയിക്കപ്പെടുന്ന, അവർ അങ്ങനെ നേടിയ പുതിയ അറിവില്‍ നിന്ന് ധ്യാനം. ചലനങ്ങൾ അവരുടെ മനസ്സിൽ തിളങ്ങുകയും സ്ഫുടമാക്കുകയും ചെയ്യുന്നു. ഒപ്പം ഒരു പുതിയ മനോഹരമായ രചന പിറവിയെടുക്കുന്നു. 

സന്തോഷകരമായ നാളുകളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടെ ഫ്രെയിമുകളില്‍ സംഗീത സംവിധായകന്‍റെ മിഴിവുകൾ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. 2006 -ൽ പവിത്രന്‍റെ ആകസ്മിക വേർപാട് വിവരിക്കുമ്പോൾ, ക്ഷേമ ടീച്ചർ വാക്കുകൾക്കായി വിങ്ങിയപ്പോൾ...  തിയേറ്ററിൽ ഒരു നിമിഷം ഉച്ഛനിശ്വാസങ്ങള്‍ പോലും നിശബ്ദതമായി. 

ക്ഷേമാവതി ടീച്ചറുടെ പഠനകാലത്ത് അന്നത്തെ അധ്യാപികയായിരുന്ന ചിന്നമ്മുഅമ്മ ടീച്ചറുടെ അഭ്യസന രീതികളും, വള്ളത്തോളിന്‍റെ സാന്നിധ്യത്തിൽ ഇന്‍റർവ്യൂവിന് 'കാളിയമർദ്ദനം' എന്ന നൃത്തം അവതരിപ്പിച്ചതിന്‍റെ ഓർമ്മകളും പുനഃസൃഷ്ടിച്ചതിന്‍റെ വശ്യതയും പ്രത്യേകം എടുത്ത് പറയാതെ വയ്യ.

note on Padma Shri Guru Kalamandalam Kshemavati documentary bkg

കാലപരിണാമത്തോടൊപ്പം കാലോചിതമായ വിഷയങ്ങൾ മനനം ചെയ്യുകയും നാട്യധർമ്മിയുടെയും ലോകധർമ്മിയുടെയും സ്ഫുരണങ്ങൾ തുന്നി ചേർത്ത് അരങ്ങിൽ കൊണ്ടുവരാറുമുള്ള ക്ഷേമാവതി ടീച്ചർക്ക് കലാമണ്ഡലം ശൈലിയിലൂന്നിയ ഒരു 'ക്ഷേമാവതീ ശൈലി' കൂടി ഉണ്ടെന്നാണ് പ്രമുഖരായ ആസ്വാദക വൃന്ദങ്ങളുടെ വിലയിരുത്തൽ.

മുൻ ഏഷ്യാനെറ്റ് ഫെയിം എന്‍ ശശികുമാറിന്‍റെ ഇംഗ്ലീഷിലുള്ള വോയ്‌സ് ഓവറും, സി. എസ്. വെങ്കിടേശ്വറിന്‍റെ സബ്‌ടൈറ്റിലുകളും കാഴ്ചക്കാരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റുന്നു. "നൃത്തവുമായി ഇഴുകിച്ചേർന്ന ഗുരു ക്ഷേമാവതിയുടെ ജീവിതം ശാന്തമായ പ്രവാഹത്തിൽ തുടരുന്നു...." ശശികുമാറിന്‍റെ ഉപസംഹാരം ഉചിതമാകുന്നു, സന്ധ്യാസമയത്ത് ഗുരു ക്ഷേമാവതി അവരുടെ ഏകാന്തതയിൽ ആഹ്ളാദിക്കുമ്പോൾ, അവരുടെ മുഖതാരിൽ അവാച്യമായ സംതൃപ്തി. ആത്മീയ യാത്ര തുടരുന്നു... 

അമ്പത്തിമൂന്ന് മിനിറ്റ് ദൈർഘ്യത്തിൽ ക്ഷേമാവതി ടീച്ചറെ രേഖപ്പെടുത്താൻ ആർക്കെങ്കിലും സാധിക്കുമോ എന്നൊരു അവിശ്വാസം ഇപ്പോഴുമുണ്ട്. പക്ഷേ, കാച്ചിക്കുറുക്കിയ ആഖ്യാന മികവിന് അതിനും കഴിയുമെന്ന് സംവിധായകൻ ജയരാജ് പുതുമഠം തെളിയിച്ചിരിക്കുന്നു. കെ. ജി. ജയൻ എന്ന പ്രമുഖ ഛായാഗ്രാഹകൻ ഒരോ ഫ്രെയ്മുകളിലും തന്‍റെ രചനാ വൈഭവം ലോഭമില്ലാതെ സമ്മാനിച്ചിരിക്കുന്നു. നിർമ്മാതാവ് സാജ് വിശ്വനാഥൻ, തിരക്കഥ ടി വി ബാലകൃഷ്ണൻ, എഡിറ്റർ വി വേണുഗോപാൽ, ഛായാഗ്രാഹകൻ കെ. ജി. ജയൻ, സംഗീതം കലാമണ്ഡലം ജോയ് ചെറുവത്തൂർ, വിവരണം ശശികുമാർ, സബ്‌ടൈറ്റില്‍ സി. എസ്. വെങ്കിടേശ്വര്‍. സമർപ്പണം. പവിത്രൻ, ഫിലിം ഡയറക്ടർ.

Latest Videos
Follow Us:
Download App:
  • android
  • ios