വിമാനം 38000 അടി ഉയരത്തിൽ, വിമാനത്തിന്റെ വാതിൽ തുറക്കാനൊരുങ്ങി യാത്രക്കാരൻ, എയർ ഹോസ്റ്റസിന് പരുക്ക്

പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് എയർ ഹോസ്റ്റസിനെ ഇടിച്ചിട്ട് വാതിലിന് സമീപത്തേക്ക് യാത്രക്കാരൻ. കീഴ്പ്പെടുത്തി സഹയാത്രികർ

man allegedly tried open  cabin door mid flight Passengers duct tape him

ഡാലസ്: 38000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. സഹയാത്രികരുടെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. മിൽവൌക്കീയിൽ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ വിമാനത്തിൽ  ചൊവ്വാഴ്ചയാണ് സംഭവം. 

മിൽവൌക്കീയിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈനിന്റെ എയർബസ് 1915 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കാനഡയിൽ നിന്നുള്ള യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച് ക്യാബിൻ ഡോർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ച എയർ ഹോസ്റ്റസിനോട് ഇയാൾ ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കി ക്യാബിൻ ഡോറിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തതോടെ സഹയാത്രികർ ഇടപെടുകയായിരുന്നു. 

ഇയാളെ സഹയാത്രക്കാർ പിടിച്ച് വച്ച് കൈ കാലുകളിൽ ഡക്റ്റ് ടേപ്പ് വച്ച് ബന്ധിച്ച് സീറ്റിൽ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയർ ഹോസ്റ്റസിനെ ഇടിച്ച് വീഴ്ത്തിയാണ് ഇയാൾ ക്യാബിൻ ഡോറിന് സമീപത്തേക്ക് എത്തിയത്. തനിക്ക് വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ബഹളം. ഡാലസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ഇയാളെ വീൽചെയറിൽ ഇരുത്തിയാണ് വിമാനത്തിന് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

യാത്രക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നാണ് സംഭവത്തേക്കുറിച്ച് അമേരിക്കൻ എയർലൈൻ അധികൃതർ പ്രതികരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios