സ്കൂട്ടറിന്റെ സീറ്റിൽ എഴുന്നേറ്റ് നിന്ന് 'ടൈറ്റാനിക് പോസ്', ബ്രേക്കിട്ടപ്പോൾ മൂക്കുകുത്തി റോഡിൽ; വൻതുക പിഴ
ഹോളി ആഘോഷത്തിനിടെയാണ് അതിരുവിട്ട അഭ്യാസ പ്രകടനം റോഡിൽ നടന്നത്. യുവതി റോഡിലേക്ക് വീഴുന്നത് വീഡിയോയിൽ തന്നെ കാണാം
ആഘോഷങ്ങള്‍ നടക്കുന്ന അവസരങ്ങളിലെല്ലാം വാഹനങ്ങളിൽ കയറി റോഡിൽ അഭ്യാസങ്ങള്‍ കാണിക്കുന്ന പ്രവണത എപ്പോഴും കാണാറുണ്ട്. അതിനി സമൂഹിക ആഘോഷങ്ങളാണെങ്കിലും കോളേജുകളിലെ പരിപാടികളാണെങ്കിലുമൊക്കെ വാഹനങ്ങൾ നിരത്തിലിറക്കി നിയമവിരുദ്ധമായതും അപകടകരമായതുമായ എന്തെങ്കിലുമൊക്കെ കാണിച്ചില്ലെങ്കിൽ ആഘോഷം പൂർണമാവില്ലെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. പലപ്പോഴും വലിയ അപകടങ്ങളിലോ അതുമല്ലെങ്കിൽ അധികൃതരുടെ ശിക്ഷാ നടപടികളിലോ ആയിരിക്കും ഇതൊക്കെ അവസാനിക്കുകയെന്നത് വേറേ കാര്യം.
ഹോളി ആഘോഷങ്ങൾ പൊടിപൊടിച്ച കഴിഞ്ഞ ദിവസങ്ങിൽ നടന്ന ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അതിന്റെ തുടർ നടപടികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഹോളി ആഘോഷിച്ച് മുഖത്ത് ചായമൊക്കെ തേച്ച ഒരു യുവാവും യുവതിയുമാണ് വീഡിയോയിലെ താരങ്ങൾ. യുവാവ് സ്കൂട്ടർ ഓടിക്കുമ്പോൾ യുവതി സീറ്റിൽ എഴുന്നേറ്റ് നിന്ന് 'ടൈറ്റാനിക് പോസ്' ചെയ്യുന്നതാണ് സംഭവം. അൽപ ദൂരം സ്കൂട്ടർ മുന്നോട്ട് നീങ്ങുമ്പോഴേക്ക് യുവാവ് ബ്രേക്ക് ചെയ്യുന്നതും യുവതി റോഡിലേക്ക് വീഴുന്നതും കാണാം.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ഇടംപിടിച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വന്തം ജീവന് ഒരു വിലയും കൊടുക്കാത്ത ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയായിരുന്നു അധിക പേരുടെയും രോഷം. എന്നാൽ ഇന്നിപ്പോൾ വീഡിയോ കണ്ട് വാഹനം തിരിച്ചറിഞ്ഞ നോയിഡ പൊലീസ് സ്കൂട്ടറിന്റെ ഉടമയ്ക്ക് 33,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ്. ഈ ചെല്ലാന്റെ ചിത്രം പൊലീസും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും ഇത്തരം സാഹസങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ പ്രത്യേക ഹെൽപ് ലൈനിലൂടെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
എന്തിനും രണ്ട് അഭിപ്രായമുള്ള സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തിലും അത് വ്യത്യസ്തമല്ല. ഭൂരിപക്ഷം പേരും ഇത്തരം പരിപാടികൾ തീരെ അനുവദിക്കരുതെന്നും കർശന നടപടി വേണമെന്നും വാദിക്കുമ്പോൾ ആർക്കും ശല്യമില്ലാതെ വാഹനത്തിൽ കയറി മറിഞ്ഞുവീണതിന് മറ്റുള്ളവർ അസ്വസ്ഥരാവേണ്ടതില്ലെന്നാണ് മറുവാദം. ഫിസിക്സ് ക്ലാസിൽ കുറച്ച് നേരം ഇരുന്നിരുന്നെങ്കിൽ ഇങ്ങനെ കാണിക്കില്ലായിരുന്നു എന്ന് ചിലർ പറയുമ്പോൾ അൽപം പഴയ സ്കൂട്ടറാണെങ്കിൽ ഇനി അത് വിറ്റാലും ഈ പിഴ അടച്ച് തീരില്ലല്ലോ എന്ന് സങ്കടപ്പെടുന്നവരും ഉണ്ട്.