റിലീസ് ദിവസം സിനിമ കാണാൻ പോയവരെ തേടിയെത്തിയ വലിയ ദുരന്തം, ഉപഹാറിൽ വെന്തുമരിച്ച 59 ജീവനുകൾ!

സിനിമ കാണാന്‍ പോയവരെ തേടിയെത്തിയ സമാനതകളില്ലാത്ത ദുരന്തം

59 people dies in a fire in South Delhi s Uphaar cinema during the screening of Hindi movie Border ppp

26 വര്‍ഷങ്ങൾക്ക് മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1997 ജൂൺ 13. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകീട്ടത്തെ ഷോ കാണാന്‍ ദില്ലി ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ തിയറ്റർ ഹൗസ് ഫുള്‍. കൃത്യം നാലിന് സ്ക്രീനില്‍ പടത്തിന്‍റെ ആദ്യ ഭാഗം തെളി‍ഞ്ഞു വന്നു. ഇടവേളയ്ക്ക് തൊട്ടുമുന്പായിരുന്നു തിയറ്ററിന്‍റെ താഴ് ഭാഗത്ത് നിന്നും പുക ഉയര്‍ന്നത്. കറുത്ത പുക തീ ഗോളമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.  പിന്‍നിരയിലെയും വശങ്ങളിലേയും മുഴുവന്‍ കാണികളും തിയറ്ററില്‍ ലഭ്യമായ വഴികളിലൂടെ ജീവനും കൊണ്ടോടി. ചിലര്‍ പുക ശ്വസിച്ച് നിലത്തു വീണു. നിലത്തു വീണവര്‍ക്ക് മുകളിലൂടെ ചവിട്ടിയും പ്രാണ രക്ഷാര്‍ത്ഥം പലരും പലവഴിക്ക്. പക്ഷെ മുന്നിലെ പല വഴികളും അടഞ്ഞിരിക്കുകയായിരുന്നു. തിയറ്റര്‍ മുറ്റത്തെത്തിയവര്‍ക്ക് മുന്നിലും അടഞ്ഞ ഗേറ്റുകളായിരുന്നു. ചിലര്‍ മതില്‍ ചാടി രക്ഷപ്പെട്ടു...പക്ഷെ...

 'ബോർഡർ' കാണാനെത്തിയവരെ തേടിയെത്തിയ ദുരന്തം

ശതകോടീശ്വരന്‍മാരായിരുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖര്‍ സുശീൽ അൻസാൽ, ഗോപാൽ അൻസാൽ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ദില്ലിയിലെ പ്രസിദ്ധമായ ഉപഹാര്‍ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവം നടന്ന വെള്ളിയാഴ്ച ബോളിവുഡ് സംവിധായകന്‍ ജെ.പി ദുത്തയുടെ 'ബോർഡർ' സിനിമയുടെ റിലീസിങ് ദിവസമായിരുന്നു. 1971 ലെ പാകിസ്താനെതിരേ ഇന്ത്യന്‍ സേനയുടെ യുദ്ധവിജയമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. രാവിലെ ഷോയുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവ ദിവസം രാവിലെ 6.55 ന്  തിയറ്ററിന്‍റെ താഴെനിലയില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമറില്‍ ആദ്യ തീപിടിത്തമുണ്ടായതോടെ ഷോ മാറ്റി. 7.25 ഓടെ തീ പൂര്‍ണമായും അണച്ചു. 10.30 ഓടെ ദില്ലി വൈദ്യുതി ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ട്രാന്‍സ്ഫോമറിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം സിനിമ

പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചു. പ്രദര്‍ശനത്തിന്‍റെ ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ ദില്ലി നഗരം മുഴുവന്‍ തിയറ്ററിലേക്ക് ഒഴുകിയെത്തിയിരുന്നു. തിയറ്ററിലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ടിക്കറ്റ് കിട്ടാത്തവര്‍ക്ക് മുന്നില്‍ തിയറ്ററിന്‍റെ ഗേറ്റുകളടഞ്ഞു. ഇന്ത്യ^ പാക് യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ ലോംഗെവാല പോരാട്ടത്തിന്‍റെ ദൃശ്യാവിഷ്കാരം അനുഭവിച്ചറിയാന്‍ ആകാംഷയോടെ കാത്തിരുന്നവര്‍ക്ക് മുന്നില്‍ പക്ഷെ വലിയൊരു ദുരന്തമായിരുന്നു എത്തിയത്.

രാവിലെ ആദ്യ തീപിടിത്തം

തിയറ്ററിന്‍റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ച രാവിലെ തീപിടിത്തമുണ്ടായ അതേ ട്രാന്‍സ്ഫോമറില്‍ നിന്ന് തന്നെയായിരുന്നു കൃത്യം 4.55 ഓടെ തീ ഉയര്‍ന്നത്. ട്രാന്‍സ്ഫോമറിലെ ഓയില്‍ ലീക്കായതോടെ പാര്‍ക്ക് ചെയ്ത കാറുകളിലേക്കും മോട്ടോര്‍സൈക്കിളുകളിലേക്കും തീ ആളിപ്പടര്‍ന്നു. സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതിനാല്‍ പുക ഉയരുന്നത് ആരും ശ്രദ്ധിച്ചില്ലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത പുക തിയറ്ററിന്‍റെ പ്രധാന

ഹാളിലേക്കും എത്തി. വൈദ്യുതി നിലച്ചു. തിയറ്റര്‍ ഇരുട്ടില്‍ മൂടി. പുക തീ ഗോളമായതോടെ എല്ലാവരും ജീവനും കൊണ്ട് ഓടാന്‍ തുടങ്ങി. പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും അലമുറയിട്ടു കരയാന്‍ തുടങ്ങി. നിസ്സഹായരായി പലരും ജീവനും കൊണ്ടോടി. മുന്‍നിരയില്‍ ഇരുന്നവരും വശങ്ങളിലുള്ളവരും ഇറങ്ങിയോടി. പ്രദര്‍ശനം കാണാനെത്തിയ സൈനികന്‍ ക്യാപ്റ്റന്‍ ഭിന്ദറിനെ പോലെയുള്ള ചുരുക്കം ചിലര്‍ സ്വജീവന്‍ കൊടുത്ത് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അപ്പോഴും ഹാളിലെ ബാല്‍ക്കണിയിലുള്ളവര്‍ക്ക്മുന്നില്‍ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും തീകൊണ്ട് മൂടപ്പെട്ടിരുന്നു. 5.20 ഓടെ ഹാള്‍ പൂര്‍ണമായും കാര്‍ബൺ മോണോക്സൈഡ് നിറഞ്ഞ കറുത്ത പുകയും തീ ഗോളങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.  48 അഗ്നിരക്ഷാ യൂണിറ്റുകളെത്തി ഒരു മണിക്കൂര്‍സമയമെടുത്താണ് തീ പൂര്‍ണമായും അണച്ചത്. അപ്പോഴേക്കും ബാല്‍ക്കണിയില്‍ ഇരുന്ന 60 പേരില്‍  59 പേരും രക്ഷപ്പെടാനാകാതെ വെന്തു മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ 107 പേര്‍ക്ക് ഭാഗികമായി പൊള്ളലേറ്റു. നിരവധി പേര്‍ക്ക് പരിക്കു പറ്റി. പാര്‍ക്കിങ് ഏരിയയിലെ 27 കാറുകളാണ് കത്തിയത്. 50 ഓളം മോട്ടോര്‍സൈക്കിളുകളും കത്തി നശിച്ചു.

അപകടം നടന്നതിന്‍റെ കുറച്ചുകാലം മുന്പാണ് തിയറ്റര്‍ പുതുക്കിപ്പണിതത്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളും പുതിയ സജ്ജീകരണങ്ങളുമായിരുന്നു തിയറ്ററിലുണ്ടായിരുന്നത്. എന്നാല്‍ തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള യാതൊരു മാര്‍ഗങ്ങളും തിയറ്ററിനുണ്ടായിരുന്നില്ല. ഒരേയൊരു പ്രവേശന കവാടം മാത്രമായിരുന്നു തിയറ്ററിനുണ്ടായിരുന്നത്. പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമറില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമാണ് തീപടരാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. പൊടുന്നനെ ഓയില്‍ ലീക്കായതോടെ തീ നിര്‍ത്തിയിട്ടിരുന്ന കാറുകളിലേക്കും പടര്‍ന്നു. 

തീ തിയറ്റ‍ർ ഹാളിലേക്കെത്തിയെങ്കിലും സിനിമ തുടർന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. പുതുക്കിപ്പണിത തിയറ്ററാണെങ്കിലും മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാൻ ഒരു സംവിധാനവും ഇല്ലായിരുന്നു. എമര്‍ജന്‍സി ലൈറ്റോ, തീപിടിത്തമുണ്ടായാല്‍ പുറത്തു പോകാനുള്ള എക്സിറ്റ് സംവിധാനങ്ങളോ ഇല്ല. നിയമം പാലിക്കാതെ അടുത്തടുത്തായി കൂടുതല്‍ സീറ്റുകള്‍ ഉണ്ടായതും ദുരിതം ഇരട്ടിയാകാന്‍ കാരണമായി. പ്രധാന എക്സിറ്റുകളെല്ലാം അടഞ്ഞനിലയിലായിരുന്നു. എന്തിനു പറയണം എക്സോസ്റ്റ് ഫാനുകള്‍പോലും കാര്‍ഡ്ബോര്‍ഡ് അടച്ച നിലയിലാണെന്നാണ് പരിശോധനയില്‍ കണ്ടത്. തീ പടര്‍ന്ന ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചത് പോലും അനധികൃതമാണെന്ന് സി.ബി.ഐ അടക്കം നിരവധി ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

മനുഷ്യ നിര്‍മിതിമായ ഒരു ദുരന്തമായിരുന്നു ഉപഹാര്‍ തിയറ്റര്‍ ദുരന്തം. തിയറ്ററിലെ സുരക്ഷാവീഴ്ച മാത്രമാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിനും ഒരുപറ്റം ജീവനുകളും നഷ്ടമാകാന്‍ കാരണമെന്ന് പകല്‍ പോലെ അന്വേഷണത്തില്‍ വ്യക്തമായി. തിയറ്റര്‍ ഉടമകള്‍ക്ക് ജനങ്ങളുടെ സുരക്ഷയല്ല പണമാണ് പ്രധാനമെന്ന് സുപ്രീംകോടതി വരെ നിരീക്ഷിച്ചു. തിയറ്റര്‍ ഉടമകള്‍ക്ക് പുറമെ തീ പടര്‍ന്ന ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ദില്ലി വൈദ്യുതി ബോര്‍ഡ്, തിയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ദില്ലി കോര്‍പറേഷന്‍ ഉള്‍പ്പെടെ പ്രതികളാണെന്ന് കോടതി കണ്ടെത്തി. ഉടമകള്‍ക്കെതിരെയായിരുന്നു എല്ലാ തെളിവുകളും വിരല്‍ ചൂണ്ടിയത്.

രണ്ട് പതിറ്റാണ്ടിന്റെ നിയമ പോരാട്ടം

രണ്ടു പതിറ്റാണ്ടിന്‍റെ നിയമപോരാട്ടമാണ് സംഭവത്തില്‍ നടന്നത്. ഉപഹാര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കൂട്ടായ്‌മ ദ അസോസിയേഷന്‍ വിക്ടിം ഓഫ് ഉപഹാര്‍ ഫയര്‍ ട്രാജഡി (AVUT)യുടെ നേതൃത്വത്തിലാണ് തിയറ്റര്‍ ഉടമകളായ അന്‍സാരി തിയറ്റര്‍ ആന്‍ഡ് ക്ലബ് ഹോട്ടല്‍സ് ലിമിറ്റഡില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോരാട്ടം നടത്തിയത്. തിയറ്റര്‍ ഉടമകളായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ തുടങ്ങി 16 പേര്‍ക്കെതിരെ 1997 നവംബര്‍ 15ന് സിബിഐ കേസെടുത്തു. കേസില്‍ തിയറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരങ്ങടക്കം 12 പേര്‍ക്ക് കോടതി രണ്ടു വര്‍ഷം കഠിനതടവ് വിധിച്ചു. 

25 കോടിരൂപ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു. പക്ഷെ പിന്നീട് നഷ്ടപരിഹാരത്തുക കോടതി കുറച്ചു നല്‍കി. മാസങ്ങള്‍ക്കിപ്പുറം പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും ശിക്ഷ ഒരു വർഷമായി കുറക്കുകയും ചെയ്തു.  2015 ല്‍ പ്രതികള്‍ 60 കോടി രൂപ പിഴയായി കെട്ടിവെക്കാനും ഇത് ട്രോമ സെന്‍റര്‍ നിര്‍മാണത്തിന് വിനിയോഗിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു. 2021 ല്‍ തെളിവ് നശിപ്പിച്ചതിന് ദില്ലി കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2.5 കോടി രൂപ വീതം പിഴയും കോടതി വിധിച്ചു. എന്നാല്‍, പ്രായം അടക്കമുള്ളവ കണക്കിലെടുത്ത് ഇവരെ ജയിലില്‍നിന്ന് മോചിപ്പിച്ചു. വിട്ടയക്കുന്പോൾ ഗോപാല്‍ അന്‍സലിന് 69 ഉം സുശീല്‍ അന്‍സലിന് 77 ഉമായിരുന്നു പ്രായം. 

രണ്ടു പതിറ്റാണ്ടു നീണ്ട കേസില്‍ പ്രതികളായ തിയറ്റര്‍ ഉടമകള്‍ ആകെ ജയില്‍ ശിക്ഷ അനുഭവിച്ചത് കേവലം ദിവസങ്ങള്‍ മാത്രമായിരുന്നു. സുശീല്‍ അന്‍സല്‍ വെറും അഞ്ചു മാസവും 22 ദിവസവും ഗോപാല്‍ അന്‍സല്‍ 142 ദിവസവും മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. എല്ലാ വിധികളെയും പണം കൊണ്ടാണ് അന്‍സല്‍ സഹോദരങ്ങള്‍ മറികടന്നത്. മനുഷ്യ നിർമിതമായ വലിയൊരു ദുരന്തത്തിന്‍റെ കാരണക്കാരായ പ്രതികള്‍ അപ്പോഴും പണത്തിന്‍റെ ശക്തിയിൽ ദില്ലിയുടെ തെരുവുകളിൽ അത്യാഢംബരത്തോടെ വിലസി. വെട്ടിക്കുറച്ച നഷ്ടപരിഹാരത്തുക ലഭിച്ചെങ്കിലും ജീവച്ഛവമായി ഭൂമിയിലുള്ള സ്വന്തം മക്കളെ നഷ്ടമായ അമ്മമാരും ഉടപ്പിറപ്പുകലെ നഷ്ടമായവരും അപ്പോഴും നീതിക്കായി അലയുകയായിരുന്നു. നഷ്ടപരിഹാരമല്ല, ഇനിയും ഒരു മനുഷ്യദുരന്തം ആവര്‍ത്തിക്കരുതെന്നായിരുന്നു ഇരകളുടെ കൂട്ടായ്മയുടെ പ്രധാന ആവശ്യം.  പക്ഷെ അതെല്ലാം നിരവധി ചോദ്യചിഹ്നങ്ങളായി മാത്രം അവശേഷിച്ചു. 26 വര്‍ഷങ്ങള്‍ക്കിപ്പുറം 2023 ല്‍  നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ 'ട്രയല്‍ ബൈ ഫയര്‍'  പുറത്തിറങ്ങിയതോടെയാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുട്ടികളുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിന്‍റെ സങ്കീര്‍ണതകള്‍ പുറം ലോകം അടുത്തറിഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios