ഒരു കഥ സൊല്ലട്ടുമാ... ജോലിയോ സമ്പാദ്യമോ വേണ്ടാ, നാടുചുറ്റി കഥ പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്നൊരാള്‍...
കേരളത്തില്‍ ആകെ അഞ്ചുപേരെയേ അറിയുമായിരുന്നുള്ളൂ നേരത്തെ അവന്. തിരുവനന്തപുരത്ത് വന്നു, പിന്നെ കൊല്ലം... അങ്ങനെ പതിനാല് ജില്ലകള്‍. ഇപ്പോള്‍, ഓരോ ജില്ലകളിലും കുമാറിന് സുഹൃത്തുക്കളുണ്ട്. തമിഴിലാണ് കഥ പറച്ചില്‍.
ഒരു ഗ്രാമത്തില്‍ ഒരു കുട്ടിപ്പയ്യനുണ്ടായിരുന്നു. അവന്‍ തന്നെ അവനൊരു പേരുമിട്ടു, കുമാരന്‍... കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മയെയും കുട്ടിപ്പയ്യനേയും ഉപേക്ഷിച്ച് അവന്‍റെ അച്ഛന്‍ പോയ്ക്കളഞ്ഞു. അമ്മയും, മകനും അങ്ങോട്ടുമിങ്ങോട്ടും താങ്ങായും തണലായും മാറി. പയ്യന് ഏറ്റവുമിഷ്ടം കഥ കേള്‍ക്കാനാണ്. മുത്തച്ഛന്‍ കഥ പറയും, അമ്മ കഥ പറയും, ഹോസ്റ്റലിലായിരിക്കുമ്പോള്‍ മുതിര്‍ന്ന ചേട്ടന്‍മാര്‍ കഥ പറയും... കുട്ടിപ്പയ്യന്‍ ആ കഥയോരോന്നും കേള്‍ക്കും, ഓരോ രംഗവും മനസില്‍ കാണും.
കഥ കേട്ടുകേട്ട് മെല്ലെമെല്ലെ അവന്‍ തിരികെയും കഥകള്‍ പറഞ്ഞു തുടങ്ങി. കഥ പറഞ്ഞും, കേട്ടും അവന്‍ വളര്‍ന്നു. എഞ്ചിനീയറിങ് പഠിച്ചു. കുറച്ചുകാലം ജോലിയും നോക്കി. പക്ഷെ, പയ്യന് ഒരു സമാധാനവുമില്ല. ജീവിതത്തില്‍ എന്തോ ഒരു മിസ്സിങ്ങ്... തലയും കുത്തി ആലോചിച്ചു. ഒന്നുകില്‍ ജോലിക്ക് പോയി പണം സമ്പാദിക്കാം, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട പോലെ ഒരു ജീവിതം ജീവിക്കാം. അങ്ങനെ, ആ പയ്യന്‍ തീരുമാനമെടുത്തു. കഥ മതി... നാടകവും കഥപറച്ചിലും ഒക്കെയായി ബസിലും ട്രെയിനിലും നാടുചുറ്റി. അങ്ങനെയങ്ങനെ കഥയാത്ര തുടര്‍ന്നപ്പോള്‍ അവനൊരു കനവ് കണ്ടു. ആ കനവിലും ഒരു പയ്യനുണ്ടായിരുന്നു, അവനൊരു സൈക്കിളില്‍ നാടാകെ ചുറ്റുകയാണ്. കനവു കണ്ട കുട്ടിപ്പയ്യനും വാങ്ങി ഒരു സൈക്കിള്‍. അവനേറ്റവുമിഷ്ടപ്പെട്ട നിറം കറുപ്പായിരുന്നു. അതുകൊണ്ട്, അവനവളെ സ്നേഹത്തോടെ 'കറുപ്പീ'യെന്നു വിളിച്ചു.
ഇത് കുമാര്‍ ഷാ എന്ന യുവാവിന്‍റെ കഥയാണ്. ആരെങ്കിലും അവനോട്, അവനെക്കുറിച്ച് ചോദിച്ചാല്‍ അവന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. കുമാര്‍ ഒരു കഥപറച്ചിലുകാരനാണ്. ഒരുപക്ഷെ, നിങ്ങളുടെയെല്ലാം നാട്ടില്‍ അവന്‍ കഥയുമായി എത്തിയിട്ടുണ്ടാകും. സ്കൂളിലോ വഴിയോരത്തോ എവിടെയെങ്കിലും ഇരുന്ന് കഥകള്‍ പറഞ്ഞിട്ടുണ്ടാകാം... അല്ലെങ്കിലും കഥകള്‍ കേള്‍ക്കാനും പറയാനുമിഷ്ടമില്ലാത്തവരായി ആരാണുണ്ടാവുക? കഥ കേള്‍ക്കുകയെന്നാല്‍ കൗതുകത്തെ ഉണര്‍ത്തുകയെന്നാണ്. വളരുന്തോറും കൗതുകങ്ങള്‍ വഴിമാറി വഴിമാറിയില്ലാതാവുകയും കഥകളെങ്ങോ പോവുകയും ചെയ്യുന്നു. എന്നാല്‍, അന്നുമിന്നും കുമാറിന് കഥകളാണ് ജീവിതം!
തമിഴ്നാട്ടിലെ വിരുധ്നഗര്‍ ജില്ലയിലാണ് കുമാറിന്‍റെ വീട്. വയസ് മുപ്പത്തിയൊന്ന്... ''കഥ പറയാന്‍ തുടങ്ങിയതെന്നാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. മുത്തച്ഛന്റെ കഥ കേട്ടാണ് വളര്‍ന്നത്. ചെറിയ പ്രായത്തിലെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി. അന്ന് അവിടെ സീനിയര്‍ അണ്ണന്‍മാര്‍ വന്ന് കഥ പറയും. അതൊക്കെ ശ്രദ്ധിച്ച് കേള്‍ക്കാനിനിഷ്ടമാണ്. പിന്നെപ്പിന്നെ, ഞാനും കഥ പറഞ്ഞു തുടങ്ങി. കഥ, തിയറ്റര്‍, ട്രാവല്‍, കുഞ്ഞുങ്ങള്‍ ഇതൊക്കെയാണ് ഏറ്റവുമിഷ്ടം. ഇതൊക്കെ ചേര്‍ന്നാല്‍ ഞാനായി...'' -കുമാര്‍ പറയുന്നു.
സൈക്കിള്‍ വാങ്ങും വരെ ബസിലും ട്രെയിനിലുമായിരുന്നു അവന്‍റെ യാത്രകളത്രയും. മൂന്നുവര്‍ഷം മുമ്പാണ് യാത്ര സൈക്കിളിലാക്കിയത്. സൈക്കിളിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു കുമാറിന്. കടയില്‍ ചെന്നു. രണ്ടെണ്ണം കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. രണ്ടും ഓടിച്ചുനോക്കി. അതിലിഷ്ടപ്പെട്ട ഒരെണ്ണം വാങ്ങി. എന്തുകൊണ്ട് ഇതുതന്നെ എടുത്തു എന്ന് ചോദിച്ചാല്‍ കുമാര്‍ പറയും,
''കറുപ്പാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട നിറം. അതുകൊണ്ടാണ് ഇതെടുത്തത്. കറുപ്പി എന്ന് പേരുമിട്ടു. കറുപ്പന്‍ എന്നാല്‍ ആണ്, കറുപ്പി എന്നാല്‍ പെണ്ണ്. പെണ്ണ് മതി, കൂട്ടുകാരി. അങ്ങനെ ഇവളെന്‍റെ കറുപ്പിയായി. എനിക്ക് പങ്കാളി മാതിരിയാണിവള്. സൈക്കിളുകളെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും കറുപ്പിയെ കുറിച്ച് എനിക്കെല്ലാം അറിയാം. ഞാനവളോട് നിറയെ കഥ പറയും. അതെല്ലാം അവള്‍ കേള്‍ക്കും. വഴിയില്‍ പഞ്ചറാകും, കുടുങ്ങും. പക്ഷെ, ഞാനും കറുപ്പിയും കൂടി അതൊക്കെ മറികടന്ന് പോകും. എന്നെ കുറിച്ച് ഏറ്റവും അറിയുന്നതും കറുപ്പിക്കാണ്. ഒരു വര്‍ഷമായി ഞങ്ങള്‍ കൈപിടിച്ച് യാത്ര ചെയ്യുവല്ലേ.'' കുമാറിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അവരുടെ ബന്ധം 'കറുപ്പാന ഒരു കാതല്‍ മാതിരി...'
യാത്രയുടെ തുടക്കം...
2017 ജൂലൈ ഏഴിന് പൊള്ളാച്ചിക്കടുത്ത് ആലിയാറില്‍ നിന്നാണ് കുമാര്‍ തന്റെ സൈക്കിള്‍ യാത്ര തുടങ്ങിയത്. നാല് മാസം തമിഴ്നാട് മുഴുവന്‍ കറങ്ങി. 32 ജില്ലകള്‍. പിന്നെ, നേരെ കേരളത്തിലേക്ക്, അവിടെ 14 ജില്ലയിലും കഥക്കൊട്ടയുമായി ചുറ്റി. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍... ഒരു ഭാഗം കഴിഞ്ഞു. അതുകഴിഞ്ഞ് മോഹം നോര്‍ത്ത് ഈസ്റ്റാണ്.
കേരളത്തില്‍ ആകെ അഞ്ചുപേരെയേ അറിയുമായിരുന്നുള്ളൂ നേരത്തെ അവന്. തിരുവനന്തപുരത്ത് വന്നു, പിന്നെ കൊല്ലം... അങ്ങനെ പതിനാല് ജില്ലകള്‍. ഇപ്പോള്‍, ഓരോ ജില്ലകളിലും കുമാറിന് സുഹൃത്തുക്കളുണ്ട്. തമിഴിലാണ് കഥ പറച്ചില്‍. മലയാളം അറിയുമായിരുന്നില്ല. നേരത്തേ കേട്ടാല്‍ മനസിലാകും. ഇപ്പോള്‍ പറയാനും കുറച്ചറിയാം. ഒരു രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെയാണ് മലയാളത്തിലെത്തി നില്‍ക്കുന്നതെന്ന് കുമാര്‍. സഞ്ചരിച്ചതില്‍ കുമാറിനേറ്റവുമിഷ്ടപ്പെട്ട ഇടങ്ങളിലൊന്നും കേരളമാണ്.
ദൂരെയാത്രകള്‍ ട്രെയിനിലാണ്. കാണുന്നവരോടെല്ലാം കഥപറയും... അതിനിടെ, എത്രയെത്ര കഥയെ തോല്‍പ്പിക്കുന്ന അനുഭവങ്ങള്‍... ഒരിക്കല്‍, അഹമ്മദാബാദില്‍ വച്ചാണ് ഒരു ചായക്കടയുടെ മുന്നില്‍ വെച്ച്. കുമാറും കൂടെയൊരു സുഹൃത്തുമുണ്ട്. അവിടെവെച്ച് സുഹൃത്തിന്‍റെ ഒരു സുഹൃത്തിനെ കണ്ടു. കുമാറിനെ പരിചയപ്പെടുത്തി. പരിചയപ്പെട്ടുവന്നപ്പോള്‍ കുമാറിന്‍റെ കസിനാണ് ആള്. അച്ഛന്റെ സഹോദരിയുടെ മകന്‍. അച്ഛന്‍ പണ്ടേ ഉപേക്ഷിച്ചു പോയതുകൊണ്ട് അച്ഛന്റെ വീട്ടിലെ ആരെയും കുമാറിന് പരിചയമില്ലായിരുന്നു. കുമാര്‍ പറയുന്നത്, 'ഇതിലും നല്ല റീയൂണിയന്‍ സിനിമയിലല്ലാതെ വേറെവിടെയാണ് കാണാന്‍ കഴിയുക' എന്നാണ്. ഇതൊക്കെ തന്നെയാണെന്റെ കഥയെന്നും.
ജീവിതത്തില്‍ താന്‍ കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന ജീവിതങ്ങളും തന്നെയാണ് കുമാറിന്‍റെ കഥകള്‍. കര്‍ണാടകയിലും കേരളത്തിലുമടക്കം എത്രയെത്രെ ഇതരസംസ്ഥാനത്തൊഴിലാളികളെത്തുന്നു. അവര്‍ക്കൊക്കെയുണ്ടാകും ഒരുപാടൊരുപാട് കഥകള്‍ എന്നാണ് കുമാര്‍ പറയുന്നത്. പ്രായമായവരുടെ കഥകള്‍ കേള്‍ക്കാനും അവ പങ്കുവെക്കാനും ഇഷ്ടമാണ് കുമാറിന്. കാരണമായി അവന്‍ പറയുന്നത്, സ്വന്തം നഗരത്തിന്‍റെയോ/ഗ്രാമത്തിന്‍റെയോ മാറ്റം ഇത്രമേല്‍ കണ്ടറിഞ്ഞ ആരാണുണ്ടാവുക. അവര്‍ക്ക് ആ സ്ഥലത്തെ കുറിച്ചും അവിടെയുള്ള ജീവിതങ്ങളെ കുറിച്ചും ഒരുപാട് അറിയാമെന്നാണ്.
കയ്യില്‍ വലിയ പണമോ, ഒരുപാട് സാധനങ്ങളോ ഒന്നുമില്ലാതെയാണ് അവന്‍റെ യാത്രകള്‍. കൂട്ടുകൂടുന്നവരില്‍ ചിലര്‍ ഭക്ഷണവും ഉറങ്ങാനിടവും നല്‍കും അതുമതിയവന്. പകരം അവന്‍റെ കയ്യില്‍ നിറയെ സ്നേഹമുള്ള ഒരുപാട് കഥകളുണ്ടല്ലോ... അല്ലെങ്കിലും ജീവിതത്തിന്‍റെ പകര്‍ത്തിയെഴുത്തല്ലാതെ മറ്റെന്താണ് കഥകള്‍.
അതിനിടയില്‍ ബീച്ചില്‍ കിടന്നുറങ്ങി, കാട്ടില്‍ കിടന്നുറങ്ങി, അതുവരെ കാണാത്ത മനുഷ്യരാണ് പലപ്പോഴും പലയിടത്തും അവന് കൂട്ടായി വന്നത്. അവന്‍ ചോദിക്കുന്നത് ഒരു മനുഷ്യന് ജീവിക്കാന്‍ ഇതൊക്കെ പോരെ എന്നാണ്. മുന്‍കൂട്ടി തീരുമാനിക്കാത്ത കാര്യങ്ങള്‍, പ്രത്യേകിച്ച് ഒരു നിയമവുമില്ല അതാണ് കുമാറിന്‍റെ ജീവിതം. അവന്‍റെ കൈമുതല്‍ കഥയും കലയും യാത്രയുമാണ്. എല്ലാവരേയും പോലെ ജോലി ചെയ്യാത്തതില്‍, വീടുവെക്കാത്തതില്‍, സമ്പാദിക്കാത്തതില്‍ ഒന്നും അവന് ആശങ്കയോ ആവലാതികളോ ഒന്നുമില്ല. അവന്‍റെ ജീവിതം ഒരു കൊട്ടക്കഥയുമായി ലോകം ചുറ്റാനിറങ്ങിയിരിക്കുകയാണ്.