കൊറോണല്‍ മാസ് ഇജക്ഷന്‍, പുത്തന്‍ പഠനങ്ങള്‍ക്ക് വഴിതുറന്ന് മലയാളി ഗവേഷകരുടെ സുപ്രധാന കണ്ടെത്തല്‍!

സൂര്യനില്‍ നിന്നും ഇപ്പോള്‍  കണ്ടെത്തിയ ഈ പദാര്‍ഥങ്ങളുടെ പുറന്തള്ളല്‍, ബഹിരാകാശ കാലാവസ്ഥയെ സാരമായി സ്വാധീനിക്കുന്നതാണ്. ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പല പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താന്‍ ഇവയ്ക്കു കഴിയും.ഡോ. അനു ബി കരിങ്ങന്നൂര്‍ എഴുതുന്നു

space weather disruptions triggered by the Sun were measured using pulsars

സൂര്യനില്‍ നിന്നും ഇപ്പോള്‍  കണ്ടെത്തിയ ഈ പദാര്‍ഥങ്ങളുടെ പുറന്തള്ളല്‍, ബഹിരാകാശ കാലാവസ്ഥയെ സാരമായി സ്വാധീനിക്കുന്നതാണ്. ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പല പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താന്‍ ഇവയ്ക്കു കഴിയും. സാറ്റലൈറ്റുകളില്‍ തകരാര്‍ വരുത്തുന്നതിലൂടെ ജിപിഎസ് തടസ്സപെടാം, റേഡിയോ വാര്‍ത്താവിനിമയം, പവര്‍ ഗ്രിഡ് തുടങ്ങിയവയൊക്കെ  തടസ്സപ്പെടുത്താം. 1989 മാര്‍ച്ച് 13 -ന് കിഴക്കന്‍ കാനഡയിലെ ക്യുബെക്ക് പവര്‍ ഗ്രിഡ് പണിമുടക്കിയതും 12 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഒരു പ്രദേശമാകെ 'ബ്ലാക്ക് ഔട്ട് ' ആയതും വലിയ വാര്‍ത്തയായിരുന്നു. സൂര്യനില്‍ നിന്നുള്ള കണികകള്‍ സൗരവാതത്തോടൊപ്പം ഭൂമിയിലേക്ക് സഞ്ചരിച്ചതിന്റെ അനന്തര ഫലമായിരുന്നു അത്. 

 

space weather disruptions triggered by the Sun were measured using pulsars

പ്രൊഫ. അച്ചംവീട് ഗോപകുമാര്‍, ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു സുശോഭനന്‍

 

കുറഞ്ഞ ആവൃത്തിയുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തുക. ഇക്കാര്യമാണ് 40 ഇന്ത്യന്‍ ജ്യോതിശാസ്ത്ര ഗവേഷകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ പള്‍സാര്‍ ടൈമിംഗ് അറേ (InPTA) എന്ന സംഘം അന്വേഷിക്കുന്നത്. പൂനെയ്ക്കടുത്തു ഈ കൂട്ടായ്മ സ്ഥാപിച്ച  ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലിസ്‌കോപ്പ് (GMRT) ഉപയോഗിച്ച് ഈയടുത്ത് ഗംഭീരമായ ഒരു കണ്ടെത്തല്‍ നടത്തി. ബഹിരാകാശ കാലാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്ന വിധത്തില്‍  സൂര്യനില്‍ നിന്നുള്ള പദാര്‍ഥങ്ങളുടെ പുറന്തള്ളലാണ് കണ്ടെത്തിയത്. മലയാളികളായ ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു സുശോഭനന്‍, പ്രൊഫ. അച്ചംവീട് ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍.  ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫസറാണ് പ്രൊഫ. അച്ചംവീട് ഗോപകുമാര്‍. അവിടെത്തന്നെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് അഭിമന്യു സുശോഭനന്‍.  ജര്‍മനിയിലെ  ബീല്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഡോ. എം. എ. കൃഷ്ണകുമാര്‍. ഈ സുപ്രധാന കണ്ടെത്തല്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്ന അന്താരാഷ്ട്ര ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

സൂര്യനില്‍ നിന്നും ഇപ്പോള്‍  കണ്ടെത്തിയ ഈ പദാര്‍ഥങ്ങളുടെ പുറന്തള്ളല്‍, ബഹിരാകാശ കാലാവസ്ഥയെ സാരമായി സ്വാധീനിക്കുന്നതാണ്. ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പല പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താന്‍ ഇവയ്ക്കു കഴിയും. സാറ്റലൈറ്റുകളില്‍ തകരാര്‍ വരുത്തുന്നതിലൂടെ ജിപിഎസ് തടസ്സപെടാം, റേഡിയോ വാര്‍ത്താവിനിമയം, പവര്‍ ഗ്രിഡ് തുടങ്ങിയവയൊക്കെ  തടസ്സപ്പെടുത്താം. 1989 മാര്‍ച്ച് 13 -ന് കിഴക്കന്‍ കാനഡയിലെ ക്യുബെക്ക് പവര്‍ ഗ്രിഡ് പണിമുടക്കിയതും 12 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഒരു പ്രദേശമാകെ 'ബ്ലാക്ക് ഔട്ട് ' ആയതും വലിയ വാര്‍ത്തയായിരുന്നു. സൂര്യനില്‍ നിന്നുള്ള കണികകള്‍ സൗരവാതത്തോടൊപ്പം ഭൂമിയിലേക്ക് സഞ്ചരിച്ചതിന്റെ അനന്തര ഫലമായിരുന്നു അത്. 


എന്താണ് പള്‍സാറുകള്‍? 
സൂര്യനെക്കാള്‍ ഒന്നര ഇരട്ടിയിലധികം ഭാരം വരുന്ന, വളരെ വലിയ വേഗതയില്‍ കറങ്ങുന്ന, സാന്ദ്രത കൂടിയ ഭീമന്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. ഉയര്‍ന്ന  സാന്ദ്രതയെന്നു പറയുമ്പോള്‍ വളരെ കുറഞ്ഞ സ്ഥലത്ത് അനേകം കണങ്ങള്‍ ഉണ്ടാകും. അവ നമ്മുടെ ഭാവനയ്ക്കുമപ്പുറമാണ്.  പള്‍സാറുകള്‍ ജ്യോതി ശാസ്ത്രജ്ഞര്‍ക്ക് വളരെ പ്രിയപ്പെട്ട പ്രപഞ്ചനിരീക്ഷണ വസ്തുവാണ്.  അതിനു കാരണം, ഇവ പ്രപഞ്ചത്തിലെ ഏറ്റവും കൃത്യതയാര്‍ന്ന ക്ലോക്കുകളാണ് ഇവ എന്നതാണ്. പള്‍സാറുകള്‍  കൃത്യമായ ഇടവേളകളില്‍ റേഡിയോ വികിരണങ്ങള്‍ പുറത്തുവിടുന്നു. ഈ വികിരണങ്ങള്‍ ഭൂമിയിലെത്തുന്ന സമയം  കൃത്യമായി പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയും. 

പൂനയിലെ ടെലിസ്‌കോപ്പ് (GMRT) ഉപയോഗിച്ചു രണ്ടാഴ്ച തോറും പള്‍സാറുകളില്‍ നിന്നും വരുന്ന വളരെ കുറഞ്ഞ ആവൃത്തിയുള്ള  റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കാറുണ്ട്.  300 മുതല്‍  1450 മെഗാഹെര്‍ട്‌സ്  വരെ ആവൃത്തിയുള്ള തരംഗങ്ങളെയാണ് GMRT യിലൂടെ നിരീക്ഷിക്കാന്‍ സാധിക്കുന്നത്.  വളരെ കൃത്യമായ ഇടവേളകളില്‍ എത്തുന്നവയാണ് ഈ റേഡിയോ ഫ്‌ളാഷുകള്‍. അതുകൊണ്ടുതന്നെ ഈ സിഗ്‌നലുകളില്‍ ഉണ്ടാകുന്ന സമയവ്യത്യാസം പ്രപഞ്ചത്തിലെ എന്തെങ്കിലും അപ്രതീക്ഷിത സംഭവം കാരണമാകും. അവയെ കൂടുതല്‍ അപഗ്രഥിച്ച് നോക്കുമ്പോള്‍ ഏതെങ്കിലും പ്രപഞ്ച പ്രതിഭാസത്തിലേക്ക് വഴിതെളിക്കും.

 

space weather disruptions triggered by the Sun were measured using pulsars

 

വൈകിയെത്തിയ വികിരണങ്ങള്‍ 

പൂനെയിലെ ടെലിസ്‌കോപ്പ് ഉപയോഗിച്ച്, വളരെയധികം അകലെയുള്ള   PSR J2125 - 0750 എന്ന പള്‍സാറില്‍ നിന്നുമുള്ള  റേഡിയോ ഫ്‌ളാഷുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.  അങ്ങനെ 2019 ഫെബ്രുവരി ഇരുപത്തി നാലിനു നടത്തിയ ഒരു നിരീക്ഷണത്തില്‍, സിഗ്‌നലുകള്‍  പതിവിലും വളരെ വൈകിയാണെത്തിയത് എന്ന് കണ്ടെത്തി. അവയെ കുറിച്ച് പഠിച്ചപ്പോഴാണ് സൂര്യനില്‍ നിന്നുള്ള ദ്രവ്യത്തിന്റെ  പുറന്തള്ളല്‍ അഥവാ  ''കൊറോണല്‍ മാസ് ഇജക്ഷന്‍'' കണ്ടെത്തുന്നത്.  സൂര്യനില്‍ നിന്നും പുറപ്പെടുന്ന കണങ്ങള്‍ ഭൂമിയിലെത്താന്‍ ദിവസങ്ങളെടുക്കും. ഫെബ്രുവരി 23 നു സൂര്യനില്‍ നിന്നാരംഭിച്ച കൊറോണല്‍ മാസ് ഇജക്ഷനാണ് 24 നു നിരീക്ഷിച്ച പള്‍സാര്‍ സിഗ്‌നലിലൂടെ  കണ്ടെത്താന്‍ കഴിഞ്ഞത്.

ഖരം, ദ്രാവകം, വാതകം എന്നതുപോലെ ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ. സൂര്യനില്‍ പ്ലാസ്മ അവസ്ഥയിലാണ് ദ്രവ്യമുള്ളത്. സൂര്യനില്‍ നിന്നുള്ള പ്ലാസ്മയുടെ പുറന്തള്ളലാണ് 'കൊറോണല്‍ മാസ് ഇജക്ഷന്‍' എന്ന് വിളിക്കുന്നത്. പള്‍സാറില്‍ നിന്നുള്ള റേഡിയോ ഫ്‌ളാഷുകള്‍ക്ക് നേരിട്ട അസാധാരണ കാലതാമസം വിശകലനം ചെയ്യുന്നതിലൂടെ സൂര്യനില്‍ നിന്നുമുള്ള കൊറോണല്‍ മാസ് ഇജക്ഷനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെ ഫലമായി വരുന്ന ചാര്‍ജുള്ള കണങ്ങളും പ്ലാസ്മയുമെല്ലാം സൗരവാതത്തിനൊപ്പം സഞ്ചരിക്കും. ഇവ ഭൂമിക്കും സൂര്യനുമിടയിലുള്ള ഭാഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ പള്‍സാറുകളില്‍ നിന്നെത്തുന്ന  സിഗ്‌നലുകളില്‍  വ്യതിയാനം വരുത്തുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങളെ പഠനവിധേയമാക്കിയാണ് സൂര്യനില്‍ നിന്നുള്ള ദ്രവ്യത്തിന്റെ പുറന്തള്ളല്‍ സ്ഥിരീകരിച്ചത്.  നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള മാധ്യമത്തിലൂടെ  കടന്നു വരുന്ന പള്‍സാര്‍ സിഗ്‌നലുകള്‍ക്ക് സംഭവിക്കുന്ന പ്രകീര്‍ണ്ണനത്തിലൂടെ ആ പാതയിലെ ബഹിരാകാശ കാലാവസ്ഥ കണ്ടെത്താമെന്നും ഈ പഠനത്തിലൂടെ  മനസ്സിലാക്കാന്‍ കഴിഞ്ഞു. 

 

space weather disruptions triggered by the Sun were measured using pulsars

 

മുന്നോട്ടുള്ള യാത്രയ്ക്ക് തിരിതെളിക്കുമ്പോള്‍ !

എന്താണ് ഈ കണ്ടെത്തലിനുള്ള പ്രാധാന്യം? ഈ കണ്ടെത്തല്‍ നടത്ിയ മലയാളി ശാസ്ത്രജ്ഞര്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 

''നവീകരിച്ച GMRT ഉപയോഗിച്ച് ഞങ്ങള്‍ (InPTA) നടത്തുന്ന പള്‍സാര്‍ നിരീക്ഷണങ്ങള്‍ സൂര്യനില്‍നിന്നും ഉള്ള ഇത്തരം സ്‌ഫോടനങ്ങളെക്കുറിച്ചു കൂടുതല്‍ അറിവ് നല്‍കാന്‍ സഹായകമാണ്. അതുപയോഗിച്ചു ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തലിനെ സഹായിക്കാനുമാവും. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ആദ്യമായി നിരീക്ഷിച്ചത് 2015-ല്‍ ലൈഗോ (LIGO) നിരീക്ഷണശാലകളാണ്. ഇതിന് പൂരകമായി  പള്‍സാര്‍ ടൈമിംഗ് അറേ ഉപയോഗിച്ച് വളരെ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ അടുത്ത് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ഇതിന് സൂര്യനില്‍ നിന്നും ഇപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ തരത്തിലുള്ള വിസ്‌ഫോടനങ്ങളുടെ  പ്രഭാവം കൃത്യതയോടുകൂടി പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്''-ഈ കണ്ടെത്തല്‍ നടത്തിയ പ്രൊഫ. ഗോപകുമാര്‍, ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു എന്നിവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അഭിപ്രായപ്പെട്ടു.

കുറഞ്ഞ ആവൃത്തിയുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന 40 ഇന്ത്യന്‍ ജ്യോതിശാസ്ത്ര ഗവേഷകര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യന്‍ പള്‍സാര്‍ ടൈമിംഗ് അറേ (InPTA). ഈ ഗ്രൂപ്പ്  2021 മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ പള്‍സാര്‍ ടൈമിംഗ് അറെയില്‍ (IPTA) അംഗമായി. ഉത്തര അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ പള്‍സാര്‍ ടൈമിംഗ് അറെ  സംഘങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ഗവേഷക കൂട്ടായ്മയാണ് IPTA.    ഇന്ത്യന്‍  സംഘത്തിന്റെ, പൂനയിലെ GMRT ദൂരദര്‍ശിനിയില്‍ നിന്നുള്ള   ആദ്യ വര്‍ഷത്തെ ഗവേഷണ ഫലങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നത്. 

സൂര്യനില്‍ നിന്നുള്ള ഈ ദ്രവ്യത്തിന്റെ പുറന്തള്ളല്‍  കണ്ടെത്തിയത് അപ്രതീക്ഷിതമായിരുന്നു എങ്കിലും  സൂര്യനെയും ബഹിരാകാശത്തെയും കുറിച്ച്  കൂടുതല്‍ ആഴത്തില്‍  ഗവേഷണം  നടത്താന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയ്ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios