'കരയിൽ ചാകരയുടെ ആഹ്ലാദം, ഉൾക്കടലിൽ മീനുകളുടെ ശവമടക്ക്', മിസുസു കനെകൊയുടെ ജാപ്പനീസ് കവിതകൾ
കടലിന്റെ ആഴങ്ങളിൽ മുക്കുവർ പിടിച്ചോണ്ടുപോയ അമ്മമാരെ കാണാതെ വിഷമിക്കുന്ന മീൻകുഞ്ഞുങ്ങളെ ഓർത്തു കരയുന്ന ഒരു ബാല്യമായിരുന്നു മിസുസുവിന്റേത്
1966 -ൽ ഒരു പഴയ കവിതാപുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടിരിക്കെ, സെറ്റ്സുവോ യാസാക്കി എന്ന ജാപ്പനീസ് യുവ കവിയ്ക്ക് തീർത്തും ആകസ്മികമായി ഒരു കവിത കിട്ടി. അന്നോളം അവർ വായിച്ചു ശീലിച്ച കവിതകളുടെ വാർപ്പുകളെ എല്ലാം പൊളിച്ചുകളയുന്ന ഒരു കവിത. അസ്തിത്വ ദുഃഖത്തെയും സഹജീവികളോടുള്ള അനുതാപത്തെയുമെല്ലാം വളരെ ലളിതമായ ഭാഷയിൽ നമ്മുടെ ഹൃദയങ്ങളിലേക്ക് പോറിയിട്ടു കളയുന്ന ഒരു കവിത. അതിങ്ങനെയായിരുന്നു.
'ചാകര'
ഇന്ന് പുലർച്ചയ്ക്ക്
കടപ്പുറത്ത്
ചാകരയാണ്..
ചാളപ്പെയ്ത്താണ്..
ഇന്ന് കരയില് ഉത്സവാണ്..
എല്ലാർക്കും സന്തോഷാണ്..!
അവിടെ.. അങ്ങ് ദൂരെ..
പുറംകടലിലോ..
അവർക്കവടെ അടക്കാണ്..
പതിനായിരക്കണക്കിന്
മീൻമക്കടെ.. അപ്പമ്മാര്ടെ
അടക്ക്..
സങ്കടോണ്.. അവടെ അപ്പടി
സങ്കടോണ്..
ആ കവിത എഴുതിയത് അതിനും എത്രയോ ദശകങ്ങൾക്ക് മുമ്പ് വളരെ ചുരുങ്ങിയ ഒരു കാലത്തേക്ക് ഈ ഭൂമിയിൽ ജീവിച്ചിരുന്ന, അകാലത്തിൽ സ്വജീവിതം കെടുത്തിക്കളഞ്ഞ ഒരു കവയിത്രിയായിരുന്നു. പേര്, മിസുസു കാനെകോ ( ഏപ്രിൽ 11 1903 - മാർച്ച് 10 1930). അജ്ഞാതയായ ആ കവിയെപ്പറ്റിയറിയാൻ ജാപ്പനീസ് കവിതാ ചരിത്രം ചികഞ്ഞുനോക്കിയ യാസാക്കിയ്ക്ക് നിരാശനാവേണ്ടി വന്നു. അങ്ങനൊരു കവി ജീവിച്ചിരുന്നതിന്റെയോ കവിതകൾ എഴുതിയിരുന്നതിന്റെയോ ഒരു രേഖപ്പെടുത്തലുകളും ചരിത്രത്തിലുണ്ടായിരുന്നില്ല. അവരുടെ കവിതകളുടെ ഔദ്യോഗികമായുണ്ടായിരുന്ന ഒരേയൊരു കോപ്പി രണ്ടാം ലോകമഹായുദ്ധത്തിലെ ടോക്കിയോ ബോംബിങ്ങിൽ നശിപ്പിക്കപ്പെട്ടിരുന്നു. അവർ ഒരിക്കൽ ജോലി ചെയ്തിരുന്ന ആ പുസ്തകശാലയും എന്നേ അടച്ചുപൂട്ടിയിരുന്നു. അവർക്കൊരു കുടുംബമുണ്ടായിരുന്നോ, മക്കളോ കൊച്ചുമക്കളോ ആരെങ്കിലും ഉയിരോടെയുണ്ടോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു.
അടുത്ത പതിനാറു വർഷങ്ങൾ യാസാക്കി ചെലവിട്ടത് മിസുസു കാനേകോ എന്ന ആ അജ്ഞാത കവിയുടെ ചരിത്രം ചികഞ്ഞെടുക്കാനാണ്. 1982 -ൽ യാസാക്കിയുടെ മുപ്പതുകളിൽ അദ്ദേഹത്തിന് ഒരു കച്ചിത്തുരുമ്പ് വീണുകിട്ടുന്ന. കാനേകോയുടെ എഴുപത്തേഴുവയസ്സുള്ള ഇളയ സഹോദരനെ യാസാക്കി യാദൃച്ഛികമായി കണ്ടെത്തുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ വീട്ടിൽ ചെന്ന യാസാക്കിയെ കാത്തിരുന്നത് ഒരു കാവ്യാന്വേഷകന് 'നിധി'യെന്നു തന്നെ പറയാവുന്ന ഒന്നാണ്. കാനേകോയുടെ പോക്കറ്റ് ഡയറികളിൽ കുനുകുനാ കുറിച്ചിട്ട അവരുടെ 512 കുട്ടിക്കവിതകൾ. ഒട്ടുമുക്കാലും അച്ചടിമഷി പുരളുകയോ വെളിച്ചം കാണുകയോ ചെയ്തിട്ടില്ലാത്തവ. ഒടുങ്ങാത്ത ജീവിതദാഹത്തിന്റെയും, സഹജീവികളോടുള്ള സ്നേഹത്തിന്റെയും, സ്വന്തം ജീവിതത്തിലെ ദുരന്തങ്ങളുടേയുമൊക്കെ വിവരണങ്ങളായിരുന്നു, വളരെ ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ആ കവിതകൾ. ദുരന്തത്തിനും ശ്രേഷ്ഠമായ സാഹിത്യത്തിനും തോളോടുതോൾ ചേർന്ന് പുലരാനാവുമെന്നതിന്റെ നേർസാക്ഷ്യമായിരുന്നു കാനേകോയുടെ ജീവിതം.
2011 -ൽ സുനാമി ജാപ്പനീസ് ജീവിതങ്ങളിലേക്ക് അലയടിച്ചു കേറിയപ്പോഴാണ് ഈ കവയിത്രി മറവിയുടെ ചുടുചാരത്തിൽ നിന്നും പിടഞ്ഞെണീറ്റ് അവരെ കുലുക്കിയുണർത്തി ദുരന്തമുഖത്തേക്ക് പറഞ്ഞയച്ചത്. അന്നു ജാപ്പനീസ് റേഡിയോകളും ടെലിവിഷനുകളും മറ്റും പരസ്യങ്ങൾ നിർത്തി പ്രക്ഷേപണം ചെയ്തത്, 'Are you an echo ? " എന്ന മിസുസുവിന്റെ കവിതയായിരുന്നു. ആ കവിതയുടെ പ്രേരണാ ശക്തി അപാരമായിരുന്നു. അതുകേട്ട് ലക്ഷക്കണക്കിന് ജാപ്പനീസ് യുവതീയുവാക്കൾ ദുരന്തമുഖത്തേക്ക് വളണ്ടിയർമാരായി കടന്നുചെന്ന് കൈമെയ് മറന്നു പ്രവർത്തിച്ചു.
Are you An Echo..?
If I say, “Let’s play?”
you say, “Let’s play!”
If I say, “Stupid!”
you say, “Stupid!”
If I say, “I don’t want to play anymore,”
you say, “I don’t want to play anymore.”
And then, after a while,
becoming lonely
I say, “Sorry.”
You say, “Sorry.”
Are you just an echo?
No, you are everyone.
ജാപ്പനീസിൽ അവരുടെ കവിതകൾ അക്കാലത്ത് പരക്കെ പ്രസിദ്ധമായെങ്കിലും, 2016 സിയാറ്റിലിലെ ചിൻ മ്യൂസിക് പ്രസ്സ് 'Are you an echo ' എന്ന പേരിൽ മിസുസുവിന്റെ കവിതകളുടെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധപ്പെടുത്തും വരെ, മറ്റുഭാഷകൾക്ക് അവ അപ്രാപ്യമായിത്തന്നെ തുടർന്നു. അതോടെ അവരുടെ കവിതകളുടെ പ്രസിദ്ധി ലോകമെമ്പാടും പരന്നു. ഡേവിഡ് ജേക്കബ്സൺ, സാലി ഇറ്റോ, മിച്ചിക്കോ സുബോയി എന്നിവർ ചേർന്നായിരുന്നു ആ പുസ്തകം വിവർത്തനം ചെയ്തത്. പ്രസിദ്ധ ജാപ്പനീസ് ചിത്രകാരൻ തോഷിക്കാഡോ ഹാജിരി ജലച്ചായചിത്രങ്ങളും അതിന് മിഴിവുപകർന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ പുലർകാലത്ത്, ജപ്പാനിലെ ഒരു കടലോര ഗ്രാമത്തിലായിരുന്നു മിസുസുവിന്റെ ജനനം. അവൾക്ക് മൂന്നുവയസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു. പിന്നെ അമ്മയായിരുന്നു എല്ലാം. അക്കാലത്തു നിലനിന്നിരുന്ന പതിവിൽ നിന്നും വ്യത്യസ്തമായി വായനയിലും പഠിപ്പിലുമെല്ലാം ശ്രദ്ധയുണ്ടായിരുന്ന ഒരമ്മയായിരുന്നു അവർ. അവർ അക്കാലത്ത് ഒരു പുസ്തകശാല നടത്തിപ്പുകാരിയായിരുന്നു. മക്കളെയെല്ലാം അവർ പഠിപ്പിച്ചു. കുഞ്ഞുന്നാളിലേ ഭാവനയുടെ ലോകങ്ങളിലായിരുന്നു മിസുസുവിന്റെ സഞ്ചാരം. കടലിന്റെ ആഴങ്ങളിൽ മുക്കുവർ പിടിച്ചോണ്ടുപോയ അമ്മമാരെ കാണാതെ വിഷമിക്കുന്ന മീൻകുഞ്ഞുങ്ങളെ ഓർത്തു കരയുന്ന ഒരു ബാല്യമായിരുന്നു അവളുടേത്.
പൂക്കളെ കൂടയിൽ സ്നേഹത്തോടെ അലങ്കരിച്ചുവെക്കുന്ന, പൂക്കൾ വിറ്റുപോവുമ്പോൾ സങ്കടപ്പെടുന്ന, രാത്രിയിൽ ആ പൂക്കളുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുറങ്ങുന്ന പൂക്കാരനെപ്പറ്റി മിസുസു എഴുതി. പക്ഷേ, ദുർഭാഗ്യവശാൽ അവളുടെ ജീവിത പങ്കാളി, അമ്മയുടെ പുസ്തകശാലയിലെ ഗുമസ്തനായിരുന്ന യുവാവ്, അവളെ ഒരുപാട് കഷ്ടപ്പെടുത്തി. സ്ത്രീലമ്പടനായിരുന്ന സ്വന്തം ഭർത്താവിൽ നിന്നും പകർന്നുകിട്ടിയ ഗുഹ്യരോഗം അവളെ ആജീവനാന്തം വലച്ചു. അയാൾ അവളോട് എഴുത്ത് നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടയിലെപ്പോഴോ അവർക്കു ജനിച്ച ഒരു പെൺകുഞ്ഞായിരുന്നു മിസുസുവിന്റെ ഏക ആശ്വാസം.
ഒടുവിൽ ഒരു ദിവസം, അവൾ അയാളുമായി പിരിയാൻ തീരുമാനിച്ചപ്പോൾ അടുത്ത അടി അവൾക്കുകിട്ടി. ജപ്പാനിൽ അന്ന് നിലനിന്നിരുന്ന നിയമങ്ങൾ കുഞ്ഞിന്റെ കസ്റ്റഡി സ്വാഭാവികമായും അച്ഛനെയാണ് ഏൽപ്പിച്ചിരുന്നത്. മിസുസുവിന് താങ്ങാനാവില്ല എന്ന് നന്നായറിഞ്ഞുകൊണ്ടുതന്നെ അയാൾ കുഞ്ഞിനെ അവളിൽ നിന്നും അകറ്റി. അല്ലെങ്കിൽ തന്നെ വിഷാദത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയായിരുന്ന മിസുസു അതോടെ അതിന്റെ പടുകുഴികളിലേക്ക് ആഴ്ന്നു. ഒരുദിവസത്തേക്ക് തന്റെ മകളെ വിട്ടുകിട്ടിയ അന്ന്, 'സാഖുറാമോച്ചി'എന്നാ നല്ല മധുരമുള്ള ജാപ്പനീസ് ഇലയട പാകം ചെയ്ത് അവളെയൂട്ടി, തന്റെ കിടപ്പുമുറിയിൽ ചെന്ന് നന്നായൊന്നു കുളിച്ച്, തന്റെ ഭർത്താവിന്റെ പേർക്ക്, മകളെ 'തന്റെ അമ്മയ്ക്ക് വിട്ടുകൊടുത്തുകൂടേ' എന്നൊരു അഭ്യർത്ഥനയും എഴുതിവെച്ച്, തന്റെ ഇരുപത്തിയേഴാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മിസുസു കാനേകോ എന്ന കവി തന്റെ ജീവിതം അവസാനിപ്പിച്ചു.
മരിക്കും മുമ്പ് അവളൊരു കവിതയെഴുതി,
" നീലാകാശത്തിന്റെ ആഴങ്ങളിൽ,
കടലിന്റെ അടിത്തട്ടിൽ വെള്ളാരം കല്ലുകളെന്നപോലെ
പകലൊക്കെ ഒളിച്ചിരിപ്പുണ്ടാവും, നക്ഷത്രങ്ങൾ..
രാത്രിയാവാൻ കാത്തിരിക്കുകയാണവ..
നിങ്ങൾക്കവയെ കാണാനാവില്ല..
എന്നാലും ഉണ്ട്, അവിടെത്തന്നെ..
കണ്ണിൽകാണാത്തതും ഉണ്ടാവും,
അവിടെത്തന്നെ..
കൊഴിഞ്ഞുപോയ, വിത്തില്ലാത്ത ജമന്തിപ്പൂക്കൾ,
തറയോടുകളുടെ വിള്ളലുകളിൽ
ഒളിഞ്ഞുകിടപ്പുണ്ടാവും.. നിശ്ശബ്ദം..
വസന്തം വരുന്നതും കാത്തുകൊണ്ട്..
അവയുടെ ആഴത്തിലുള്ള വേരുകൾ
നമ്മുടെ കണ്ണിൽപ്പെടില്ല..
നിങ്ങൾക്കവയെ കാണാനാവില്ല..
എന്നാലും ഉണ്ട്, അവിടെത്തന്നെ..
കണ്ണിൽകാണാത്തതും ഉണ്ടാവും,
അവിടെത്തന്നെ..
കൊക്കൂണിനുള്ളിലെ നിർബന്ധിത നിദ്രയ്ക്ക് വിധിക്കപ്പെടുന്ന പട്ടുനൂൽപ്പുഴുവിനെപ്പറ്റി, 'ഇരുളും വെട്ടവുമറിയാതെ ഏറെനാൾ കൂട്ടിനുള്ളിൽ കഴിയേണ്ടിവന്നാലും പൂമ്പാറ്റയായി പറന്നുയരാനാവുന്ന ഒരു പുലരിയുടെ പ്രതീക്ഷ അതിനുണ്ടെ'ന്ന് മിസുസു എഴുതിയിട്ടുണ്ട്. കുഴിമാടത്തിലേക്ക് മനസ്സില്ലാമനസ്സോടെ കടന്നുചെല്ലുന്ന മനുഷ്യനും ഒരുനാൾ ഒരു മാലാഖയായി സ്വർഗ്ഗത്തിലേക്കു പറന്നുപൊന്താമെന്നും. കവിതയെഴുതിയ, ഈ ഭൂമിയിൽ ജീവിച്ചു തീർത്ത ദുരിതപർവ്വത്തിലും മിസുസുവിനെ നയിച്ചത് ആ ഒരു ശുഭപ്രതീക്ഷയാവണം.
എന്തായാലും, മിസുസുവിന്റെ മരണശേഷം അവളുടെ ഭർത്താവ് പശ്ചാത്താപ വിവശനായി, തന്റെ മകളെ അവളുടെ മുത്തശ്ശിയെ ഏൽപ്പിച്ചു എന്നതാണ് കഥ. ഇന്നും തന്റെ അമ്മയുടെ ഓർമ്മനാളിൽ മിസുസുവിന്റെ മകൾ മുത്തശ്ശിയോട് തന്നെ വിട്ടുപോകും മുമ്പ് അമ്മ ഊട്ടിയ 'സാഖുറാച്ചി'യെന്ന ഇലയട വേവിച്ചുകൊടുക്കാൻ ആവശ്യപ്പെടും. അവർ രണ്ടുപേരും കൂടി അതുണ്ടാക്കിത്തിന്നുകൊണ്ട് മിസുസുവിനെ ഓർക്കും.
ഇന്ന് മിസുസു കാനേകോയുടെ ചരമദിനം