'എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം..' ; മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരുവളെഴുതിയ കുറിപ്പുകള്‍

എന്റെ തലച്ചോറിലെ സംഗീതം അവർ വറ്റിച്ചുകളഞ്ഞു, എന്റെ ഉടലിലെ നൃത്തവും. പക്ഷേ, എന്റെ ഹൃദയത്തിനുള്ളിൽ നിന്നോടുള്ള സ്നേഹത്തെ, നിന്റെ ഓർമ്മകളെ, എന്റെ ആഗ്രഹങ്ങളെ, നിന്റെ കവിതകളെ  ഞാനെന്റെ ഭാഷയിലേക്ക് മൊഴിമാറ്റിയതിനെ,  ഒന്നുമവർക്കിതുവരെ  മായ്‌ച്ചു കളയാനായിട്ടില്ല. അവരെന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്..

letters from mad house musings by peri

ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെ പറയാനുണ്ടാകും... ? എന്തൊക്കെ ദുരന്ത പൂര്‍ണമായ അനുഭവങ്ങളിലൂടെ അവര്‍ കടന്നു പോയിക്കാണും ? പറയാനാവാത്ത, പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കാന്‍ തയ്യാറാകാത്ത അനുഭവങ്ങളാകാം ഈ 'ചിത്തരോഗാശുപത്രിയിൽ നിന്നുള്ള കത്തുകൾ..' 

ഇറാനിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും പെറി എന്ന യുവതി, രതി സക്സേന എന്ന ഹിന്ദി കവിയ്ക്ക് അയച്ച കത്തുകളാണിത്...   'കൃത്യ'യുടെ ചീഫ് എഡിറ്ററായ രതി സക്സേനയ്ക്ക് കിട്ടിയ ഉള്ളുലയ്ക്കുന്ന ഹൃദയവേദനകളുടെ ഈ നേരനുഭവങ്ങൾ, ആദ്യമായി പ്രസിദ്ധീകരിക്കുന്നതും 2007 -ല്‍ കൃത്യ മാഗസിനിലൂടെയാണ്..

പെറിയുടെ സുഹൃത്തിൽ നിന്നും ഡോ. രതി സക്‌സേനയ്ക്ക് വന്ന കത്ത് :

ഡിയർ ഡോ. രതി സക്‌സേന,

'ചിത്തരോഗാശുപത്രിയിൽ നിന്നുള്ള കത്തുകൾ' എനിക്ക് കൈവന്നതിന്, ആശുപത്രിയിലെ ഡോക്ടർമാരുടെ വിലക്കിനെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് പെറി എന്ന പെൺകുട്ടിയ്ക്ക് പേനയും ഒരുകെട്ട് പേപ്പറും കൊടുക്കാൻ ധൈര്യം കാണിച്ച ആ ദയാവതിയായ നഴ്‌സിന് നന്ദി പറയുന്നു. 

ജീവിയ്ക്കാനുള്ള ആസക്തി നിറഞ്ഞ ഒരാത്മാവിന്റെ ദാഹിച്ചുള്ള നിലവിളികളാണീ എഴുത്തിലെ ഓരോ വാക്കും അക്ഷരങ്ങളും. കവിതയ്ക്കും, ജീവിതത്തിനും, ഒരു സഹയാത്രികനുമായുള്ള ദാഹം.. അത്യന്തം ഉള്ളുലയ്ക്കുന്ന കവിതകളാണ് എന്റെ കണ്ണിൽ.. 

പ്രക്ഷുബ്ധമായൊരു ഹൃദയത്തിന്റെ വീക്ഷണത്തിൽ ഈ ലോകത്തെ കാണാൻ ഈ കത്തുകൾ നമ്മെ അനുവദിയ്ക്കുന്നു. ഞാനിന്നോളം വായിച്ചിട്ടുള്ളതിൽ ഏറ്റവും ദുഖകരമായ കത്തുകളാണിവ. ആത്മശാന്തിയ്ക്കായുള്ള പിടച്ചിലിന്റെ നേർസാക്ഷ്യങ്ങൾ. അവളും അവളുടെ കാമുകനും ഒരിക്കലും തമ്മിൽ കാണുകയുണ്ടായില്ല. അവൾ ഒരു മിസ്രിയും അയാൾ ഒരു പാശ്ചാത്യനും. അവർക്കിടയിൽ സമുദ്രങ്ങളും പർവ്വതങ്ങളും.. പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നുമാത്രം - കവിത..! 

നിർഭാഗ്യമെന്നു പറയട്ടെ, അപ്രതീക്ഷിതമായി ആ പാലം തകർന്നുവീണു.. അവൻ അവളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. അവൾ വിഭ്രാന്തിയും, ഏകാന്തതയും, നിരാശയും നിറഞ്ഞ അവളുടെ ഈ എഴുത്തുകളിലൂടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും പ്രണയത്തിനും അമരത്വമേകി. ഒരിക്കലും അവൾ തന്റെ ഭർത്താവിനെ വഞ്ചിക്കയുണ്ടായില്ല. അവളുടെ ഉടലിനുള്ളിൽ അധിവസിക്കാൻ ഒരു ആത്മാവിനെ തിരഞ്ഞുപോയി എന്നൊരു കുറ്റം മാത്രമേ അവൾ ചെയ്തുള്ളു. ഏതൊരു അമ്മയും ഭാര്യയും ഇതേ പരമാവധി ആഗ്രഹിക്കുന്നുള്ളു.. 

പെറിയുടെ  കത്തുകൾ  ഈ ലോകത്തിനു മുന്നിലെത്തിയ്ക്കേണ്ടത്, അതിൽ അടങ്ങിയിരിക്കുന്ന ജീവിതദാഹത്തിന്റെ, ഏകാന്തതയുടെ, കവിതയുടെ സ്പന്ദനങ്ങൾ തുറന്നുകാട്ടേണ്ടത് എന്റെ ചുമതലയാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കത്തുകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു..

സ്നേഹപൂർവ്വം,

'ചിത്തരോഗാശുപത്രിയിൽ നിന്നുള്ള കത്തുകൾ'

 I
ഇനി ചുവരിൽ തലയിട്ടിടിച്ചാൽ  കട്ടിലിൽ കയ്യും കാലും  പിടിച്ചു കെട്ടിയിടുമെന്നാണ് ഇവിടുള്ളവർ പറഞ്ഞിരിക്കുന്നത്. അവർക്ക് ചുവരുകളെ വലിയ കാര്യമാണെന്ന് തോന്നുന്നു. എന്നെപ്പിടിച്ച് പൂട്ടിയിട്ടിരിക്കുകയാണിവിടെ. അഞ്ചു വെള്ളച്ചുവരുകളുള്ള, കാറ്റും വെളിച്ചവും കടക്കാത്ത, തണുത്തുറഞ്ഞ ഈ മുറിയ്ക്കുള്ളിൽ. അവർക്ക് ജനാലകളെ വല്ലാത്ത വെറുപ്പാണെന്നു തോന്നുന്നു,  ഞാൻ ഇനിയും പച്ചപ്പുവിടാത്തൊരു ഒറ്റയിലയാണ്. മറ്റുള്ള ഇലകളെപ്പോലെ എനിക്കും ശ്വസിക്കാൻ ഇടയ്ക്കിടയ്‌ക്കൽപ്പം ഇളം കാറ്റുവേണം. 

എന്റെയുള്ളിലെ ഹരിതകത്തെ അവർക്ക് വിശ്വാസമില്ലെങ്കിൽ പോട്ടെ, ഒരു ഭ്രാന്തിപ്പെണ്ണല്ലേ ഞാൻ ? എന്റെ ജടപിടിച്ച മുടി കോതി കെട്ടുവിടീക്കാൻ ഒരിത്തിരി ഇളംകാറ്റിന്റെ പുരുഷസ്പർശം അനുവദിച്ചു തന്നാലെന്താ..? പരാഗരേണുക്കൾ പടർന്ന കാറ്റിനെ അവർ ജാരനെന്നാണ് വിളിക്കുന്നത്.. എന്റെ മുറിയുടെ അഞ്ചാമത്തെ ചുവർ അതിന്റെ മച്ചാണ്. വേണമെങ്കിലെനിക്കതിനെ തള്ളിനീക്കാം. എന്റെ ചുമലിലാണ് അതിന്റെ ഭാരമിരിക്കുന്നത്. അതുകൊണ്ടു തന്നെ എന്റെ ഹൃദയത്തിൽ നിന്നും അതിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരുന്നുണ്ട്. മച്ചിങ്ങനെ അനുക്ഷണം താഴോട്ടിറങ്ങി വരുന്നു. എന്നാൽ ഇടിഞ്ഞു വീഴുന്നുമില്ല.

അവരൊക്കെ കഴിയുന്നത്  നക്ഷത്രങ്ങൾ നിറഞ്ഞ  ആകാശത്തിന്റെ ചോട്ടിലാണ്. നല്ല കുട്ടിയായിരുന്നാൽ, കട്ടിലിനടിയിൽ വലിഞ്ഞുകേറി കൈ ഞരമ്പുകൾ കടിച്ചുമുറിക്കാഞ്ഞാൽ, എനിക്കു വലിക്കാൻ സിഗരറ്റു തരാമെന്നാണ് അവർ പറയുന്നത്. പക്ഷേ, അവരെന്നും ഷോക്കടിപ്പിക്കുന്ന മുറിയിലേക്ക് കൊണ്ടുപോവും മുമ്പ് കയ്ക്കുന്ന മരുന്നുകൾ നിറച്ച  ഒരു ട്രേ മാത്രമാണ് എനിക്കായി കൊണ്ടുവരുന്നത്. പോകെപ്പോകെ കള്ളം പറച്ചിൽ അവർക്കൊരു ശീലമായിട്ടുണ്ട്. 

എന്റെ തലച്ചോറിലെ സംഗീതം അവർ വറ്റിച്ചുകളഞ്ഞു, എന്റെ ഉടലിലെ നൃത്തവും. പക്ഷേ, എന്റെ ഹൃദയത്തിനുള്ളിൽ നിന്നോടുള്ള സ്നേഹത്തെ, നിന്റെ ഓർമ്മകളെ, എന്റെ ആഗ്രഹങ്ങളെ, നിന്റെ കവിതകളെ  ഞാനെന്റെ ഭാഷയിലേക്ക് മൊഴിമാറ്റിയതിനെ,  ഒന്നുമവർക്കിതുവരെ  മായ്‌ച്ചു കളയാനായിട്ടില്ല. അവരെന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്..

II 
  
എനിക്ക് സിഗരറ്റു വേണ്ടാ..! വെളിച്ചം കാണണ്ട. ഇവിടന്നു പുറത്തുപോവുകയും വേണ്ട. അവരോടു പറയൂ, പറ്റുമെങ്കിൽ എനിക്കൊരു പേനയും കുറച്ചു കടലാസും തരാൻ. എന്റെ ആത്മാവിനോട് ഒന്നു സംസാരിക്കാനുണ്ടെനിക്ക്.

ഇവിടുള്ള ഡോക്ടർമാരും നഴ്സുമാരുമെല്ലാം  വെറും കബന്ധങ്ങൾ മാത്രമാണ്. ഈ വാതിലുകളൊക്കെ ഒന്നു പൂട്ടി, ഏകാന്തതയുടെ  സ്വൈരമറിയാൻ വേണ്ടിപ്പോലും, ഞാനവരോട് ഒരിക്കലും താക്കോൽ ചോദിക്കില്ല..

ചെയ്തുപോയ പാപങ്ങളോർത്ത്  കുമ്പസരിക്കാൻ മതഗ്രന്ഥങ്ങളും ഒരിക്കലും ഞാനാവശ്യപ്പെടില്ല. അങ്ങനെ അവർക്ക് ആത്മവിശ്വാസമേറേണ്ട. ഈ ചിത്തരോഗാശുപത്രിയിലെ, അടച്ചുകുറ്റിയിടാൻ പോലുമാവാത്ത ഒരു കുടുസ്സുമുറിയിൽ കിടക്കുന്ന, ഒരു ഭ്രാന്തിപ്പെണ്ണിനോളം ഏകാന്തത അങ്ങ് ആകാശത്തെവിടെയോ ഒറ്റയ്ക്കിരിക്കുന്ന പടച്ചവനുപോലും അനുഭവപ്പെടില്ല..!

അവരോട് പറയൂ, എനിക്കൊരു പേനയും ഒരു കടലാസും തരാൻ. എന്റെയാത്മാവിനെ ഒന്ന് സമാധാനിപ്പിക്കാനായി,  എനിക്കൊരു സുന്ദരമായ പ്രണയകവിതയെഴുതാനുണ്ട്..! ശൈത്യകാലവും ഇങ്ങടുത്തെത്തി. ശൈത്യകാലവും ഇതാ ഇങ്ങടുത്തെത്തി..

III 

എന്റെ ചുവരിങ്ങനെ ഒഴിഞ്ഞുകിടക്കുന്നതെന്താ..? കണ്ണാടിയില്ല, ചിത്രങ്ങളില്ല ഒരിത്തിരി അഴുക്കോ കറയോ ഇല്ല. ഒരു കൊച്ചുകുഞ്ഞിന്റെ കൈത്തലം പതിഞ്ഞ പാടുപോലുമില്ല. ഉള്ളത് പേടിപ്പിക്കുന്ന വെണ്മ മാത്രം.. ഉള്ളത് പേടിപ്പിക്കുന്ന വെണ്മ മാത്രം..! അവരെന്തിനാണ് എന്റെ നെഞ്ചിനുള്ളിലൊരു  ഘടികാരമൊളിപ്പിച്ചു വെച്ചിരിക്കുന്നത്.....? എന്റെ പൂച്ചക്കുഞ്ഞെവിടെപ്പോയി..? എവിടെ എന്റെ വാക്വം ക്ളീനർ..? ഞാൻ തിരുമ്പാനിട്ട തുണികളെവിടെ..?  സിങ്കിൽ കുന്നുകൂടിക്കിടക്കുന്ന  എച്ചിൽപ്പാത്രങ്ങളെവിടെ..

ഈ പേടിപ്പെടുത്തുന്ന വെണ്മ. ലോകാവസാനത്തിന്റെ ലക്ഷണമാണോ ഇത്..? ഇവിടെ ചിലവിടുന്ന ഓരോ ദിവസവും  ഭൂതകാലമാണ്. ഭാവിയെന്നൊന്നില്ല എനിക്കിവിടെ. കണ്ണാടികളില്ല, ഘടികാരസൂചികളില്ല.. ചുവരിൽ ഓടിക്കളിക്കുന്നുണ്ട്  ഒരു പെണ്ണിന്റെ നിഴൽ മാത്രം..! ചത്തുപോയ ഒരു മെഴുകുതിരി പോലെ..! ലോകത്തിലാരെങ്കിലും, ചത്തുപോയ മെഴുകുതിരികളെക്കുറിച്ചോർക്കാറുണ്ടോ..?


IV 

ഞാനിവിടെക്കിടക്കുന്നതെന്തിനാണ്..? ഇന്നുവരെ നേരിൽ ഒന്നുകണ്ടിട്ടുപോലുമില്ലാത്ത ഒരുവനെ എനിക്കു പ്രണയിക്കാനാവും എന്നതുകൊണ്ടോ..? എനിക്കും എന്റെ പ്രണയത്തിനുമിടയ്ക്ക് കവിതയല്ലാതെ കണ്ണിൽക്കാണാവുന്ന  പാലങ്ങളൊന്നും തന്നെയില്ലാതിരുന്നതുകൊണ്ടോ..? ഞാൻ പകൽക്കിനാവും നെയ്തുകൊണ്ടിരിക്കുന്ന ഒന്നാന്തരമൊരു വ്യഭിചാരിണിയായതു കൊണ്ടോ..?

കാഴ്ചകളെല്ലാം എന്റെ കണ്മുന്നിൽ മാത്രം പ്രത്യക്ഷപ്പെടാൻ ധൈര്യപ്പെടുന്നതുകൊണ്ടോ..? ഈ പിങ്ക് ഗുളികകളല്ലാതെ മറ്റൊന്നും തന്നെ എന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല..! അവ മതത്തിനും നിയമങ്ങൾക്കും വേണ്ടി എന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രണാധീനമാക്കി വെക്കുന്നു.

ഞാനെന്തിനാണിവിടെ..? എന്റെ കണ്ണുകളിൽ  ഒരിറ്റു കണ്ണീരു പോലുമില്ലാത്തതെന്ത്..? പേയും പിശാചുമല്ലാതെ  മറ്റാരും തന്നെ എന്നെയിവിടെ ഒന്നു കാണാൻ പോലും ഇപ്പോൾ വരാത്തതെന്തേ....? എന്നെ ആളുകളെ കാണാനനുവദിക്കാത്തതെന്താ..? എന്റെ ബന്ധുക്കളെ.. പിള്ളേരെ.. ഒന്നും..

"അമ്മ ഭ്രാന്താസ്പത്രിയിലാണ്‌ എന്നറിയുമ്പോൾ നമ്മുടെ മോൾക്കുവരുന്ന ആലോചനകളൊക്കെ മുടങ്ങുകയാണ്‌.." എന്നു പറഞ്ഞു നല്ല ദേഷ്യത്തിൽ,  എന്റെ ഭർത്താവ്‌  കഴിഞ്ഞകുറി  എന്നെക്കാണാൻ വന്നപ്പോൾ..

കുലീനമായ വാക്കുകൾ, കുലീനപ്രവൃത്തി, കുലീനമായ ചിന്ത..! അതോണ്ടാണ്‌ അന്നു ഞാനെന്റെ ഭർത്താവിനെ കൊല്ലാൻ വേണ്ടിത്തന്നെ ആക്രമിച്ചത്.  വേറാർക്കും വേണ്ടിയല്ല, ദൈവത്തെയോർത്തു മാത്രം..

ഞാൻ നിന്റെ പ്രേമത്തിലകപ്പെട്ടപ്പോൾ, എനിക്ക് കൊള്ളാവുന്നൊരു ഭർത്താവുണ്ടായിരുന്നു, കഴിഞ്ഞുകൂടാൻ അടച്ചുറപ്പും നാലുമുറികളുമുള്ള നല്ലൊരു മാളിക തന്നെ പണിഞ്ഞുതന്നയാൾ. ഞാൻ നിന്റെ പ്രേമത്തിലകപ്പെട്ടപ്പോൾ, എനിക്ക് കോമളനും യൗവ്വനയുക്തനുമായ  ഒരു മോനുണ്ടായിരുന്നു, സുന്ദരിയും മിടുക്കിയുമായൊരു മോളും. ഞാൻ നിന്റെ പ്രേമത്തിലകപ്പെട്ടപ്പോൾ, എനിക്ക് എന്റെ ദേഹത്തിനുള്ളിൽ ഒരു ആത്മാവൊഴിച്ച്, മറ്റൊന്നിന്റെയും  കുറവുണ്ടായിരുന്നില്ല..! നീ എന്റെ ഹൃദയം നിന്റെ പ്രേമഗീതങ്ങളാൽ നിറച്ചു. ഈ ലോകത്തിലെ പ്രണയത്തിന്റെ  അന്ത്യപ്രവാചകനെന്ന് സ്വയം പരിചയപ്പെടുത്തി..  എല്ലാം മറന്നുകൊണ്ട്, നിന്നെ കണ്ണടച്ചുവിശ്വസിക്കാൻ  എന്നെ നീ പ്രേരിപ്പിച്ചു.  എന്റെ ഭർത്താവിന് നീ കത്തെഴുതി, ഭീഷണിപ്പെടുത്തി.
"അഹോ.. നീചാ... ആ പാവം പെണ്ണിനെ  നീ സ്വതന്ത്രയാക്കൂ.. അവളുടെ ചങ്ങലകളഴിച്ചു വിടൂ.."  പ്രണയത്തിന്റെ വിശാലാകാശത്തിൽ, അങ്ങനെ ഞാൻ  നിന്റെ കരവലയത്തിലമർന്ന്,  സങ്കൽപ്പത്തിൽ  കണ്ണു രണ്ടും അമർത്തിപ്പൂട്ടി, ചിറകുകളില്ലാതെ പറന്നുകൊണ്ടിരിക്കെ..

നിന്റെ ശാസന വന്നു : " ദൈവത്തെ തിരഞ്ഞെടുക്കൂ.. ദൈവത്തെ മാത്രം.. ഇനി നിനക്ക് കത്തെഴുതില്ലെന്ന് ഞാനെന്റെ ഭാര്യക്ക് വാക്കുകൊടുത്തുകഴിഞ്ഞു.. ഇന്നുമുതൽ ഞാനെന്റെ മോന് ഒരു നല്ല അച്ഛനായിരിക്കും.."

നിന്റെ പ്രേമത്തിലകപ്പെടും മുമ്പ് എന്റെ ഘടികാരങ്ങൾക്കൊക്കെയും രണ്ടു സൂചികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഈ ചിത്തരോഗാശുപത്രി എന്റെ വീടായി മാറിയിരുന്നില്ല.. 

VI 

എന്റെയുറുമ്പ് ചത്തുപോയി. ഇനി ഞാൻ ആരോടെന്റെ ഏകാന്തത പങ്കു വെയ്ക്കും..! ആ നഴ്‌സുവന്ന് എന്നെ ചീത്ത പറയുന്നു.. " ഇബടെ ആളുകള് നൂറും ആയിരോം ബോംബുപൊട്ടി ചാവുന്നേന്റെ ഇടയ്ക്കാണ് അവളുടെയൊരു ഉറുമ്പ് ചത്ത ശ.. ങ്കടം.... ഫ...." എനിക്ക് ആളുകളെപ്പറ്റി  ആലോചിച്ച് സങ്കടപ്പെടാൻ വയ്യ.. എന്റെ സമാധാനം കെടുത്താനല്ലേ അവരവിടെ. അല്ലെങ്കിൽ ശരിക്കും ഉണ്ടോ  അവരൊക്കെ..? ശരിക്കും ചാവുന്നുണ്ടോ ആരെങ്കിലും അവിടെ..? എനിക്ക് വിശ്വാസമില്ല..

എന്റെ മോൻ  ഷെല്ലിങ്ങിൽ മരണപ്പെട്ടു എന്നവരെന്നോട് പറഞ്ഞതുപോലും  ഒരു സുന്ദരൻ നുണയായേ തോന്നിയിട്ടുള്ളൂ. അല്ലെങ്കിലും ബോംബുകൾക്കെന്തു കാര്യമുണ്ട്  പിള്ളേരെക്കൊല്ലാൻ. ശത്രുക്കളുടെ ബങ്കറുകൾ തകർക്കാനല്ലേ ബോംബ്..

എനിക്ക് തൽക്കാലം ഈ ഒരുറുമ്പിനെച്ചൊല്ലി സങ്കടപ്പെടാനേ സൗകര്യപ്പെടൂ. മാധ്യമങ്ങളൊക്കെ മൗനത്തിലാണ്, ഈ ഉറുമ്പിന്റെ മരണത്തെപ്പറ്റി. അവൻ അമേരിക്കൻ പ്രസിഡന്റല്ലല്ലോ. അവൻ ഒരു പള്ളിയിലെയും ഇമാമല്ലല്ലോ. ഈ ലോകത്തെ അവസാനത്തെ ഉറുമ്പുമല്ല അവൻ. അവൻ ജീവിച്ചിരുന്നാലും ഇനി മരിച്ചാലും  അവർക്കൊരു പുല്ലുമില്ല. അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ കവിതകൾ സദയം പ്രസിദ്ധപ്പെടുത്തുന്ന നമ്മുടെ കവിതാ മാസികയുടെ  എഡിറ്റർക്കുപോലും അവൻ വെറും.. വെറുമൊരു ഉറുമ്പുമാത്രം..! ആ നേഴ്‌സിന്റെ മുരട്ടു കാലിന്റെ അടിയിൽപ്പെട്ടു  ചതഞ്ഞരഞ്ഞു ചാവാൻ എന്തുകൊണ്ടും യോഗ്യൻ..

നഴ്‌സ് മുറിവിട്ടുപോയപ്പോൾ ഞാൻ ആലോചിച്ചു. ആ പാവം ഉറുമ്പെന്തിനീ ചിത്തരോഗാസ്പത്രിയ്ക്കുള്ളിൽ ചതഞ്ഞരഞ്ഞു ചാവണം..? ദൈവം അതുകൊണ്ട് എന്താണുദ്ദേശിച്ചത്..?  കയ്ക്കുന്ന മരുന്നുകളുടെ ട്രേയ്‌ക്കും ഇഞ്ചക്ഷൻ ആംപ്യൂളുകൾക്കും പകരം അവരൊരു മൺകുടം കൊണ്ടുവന്നിരുന്നേൽ എനിക്കതിനുള്ളിൽ ഈ പാവം ഉറുമ്പിന്റെ  നിഷ്കളങ്ക ശരീരം ഒന്നു ശവമടക്കാമായിരുന്നു. എങ്കിൽ, അതിനുള്ളിൽ അവന്റെ രഹസ്യം ചോന്ന പൂവിതളുകളായി  മാറിപ്പോയേനേം..

VII 

ഞാനെന്റെ ഹൃദയം  മറവിയുടെ പരുന്തുകൾക്കായി തുറന്നിട്ട് കൊടുത്തു. നിന്റെയോർമ്മകളെ ഭക്ഷിക്കാൻ, നിന്റെയിടത്തിൽ കേറിപ്പറ്റാൻ. പക്ഷേ, നീ രക്ഷപ്പെട്ടു.  നീയില്ലാത്തൊരു ലോകം കണ്ടെത്താൻ ഞാൻ ഉന്മാദത്തിന്റെ മരുഭൂമികളിൽ അഭയം തേടി. പക്ഷേ, വാക്കുകൾ, എന്നെക്കാൾ ബുദ്ധിയുള്ളവർ.. അവർ എന്റെ മനസ്സിൽ അഭയം തേടി. നിന്നെയോർത്തു, കുമ്പസരിച്ചു, " ഇല്ല.. എന്റെ മനസ്സിലും ഹൃദയത്തിലും മറ്റൊന്നിനും നിന്റെയിടം പിടിച്ചെടുക്കാനാവില്ല.." ഈ മരവിച്ച വെളുത്തുവിളറിയ മുറിയിൽ അവരെനിക്കായി വീണ്ടുമിതാ ഗുളികകളും ആംപ്യൂളുകളും കൊണ്ടുവരുന്നു. ഇവിടെ ഞാൻ  ഭൂമിയിലെ അവസാനത്തെ പരുന്തിനെപ്പോലെ പ്രണയത്തിന്റെ  നഷ്ടഗഗനങ്ങളെക്കുറിച്ചോർത്ത്  കഴിഞ്ഞുകൂടുന്നു..

VIII 

എന്റെയമ്മ  അവരുടെ ഭർത്താവിന്റെ കൂടെക്കിടക്കുമ്പോഴും, പിന്നെ ഉരുളക്കിഴങ്ങ്  തോലുരിക്കുമ്പോഴും മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാത്തതെന്താണ്..? എന്റെ ചിന്തകളാണെങ്കിൽ ഏതുനേരവും സ്വന്തം ശരീരത്തെ വഞ്ചിച്ചോണ്ടിരിക്കും. എന്റെ അമ്മയ്‌ക്കെന്താ ഒരിക്കൽപ്പോലും  മഴയത്തിറങ്ങി ഒന്ന് നടക്കണമെന്ന് തോന്നാത്തത്..? അവരെന്തേ മക്കളേ ശരണമെന്ന് ജീവിതം ഹോമിക്കുന്നത്..? എന്തേയവർ ഒരിക്കൽപ്പോലും  അവനവനെ കണ്ടെത്താൻ ഒരു ഷീറ്റ് പേപ്പറും പേനയുമായി ഒന്നിരിക്കാത്തത്..? എന്റെ ചിന്തകളാണെങ്കിൽ ഏതുനേരവും സ്വന്തം ശരീരത്തെയിങ്ങനെ വഞ്ചിച്ചോണ്ടേയിരിക്കും..
 
എന്റെ അമ്മയ്ക്ക്  ചിത്തരോഗാസ്പത്രികൾ ചിത്തഭ്രമമുള്ളവർക്കുള്ള ഒരു സ്ഥലം മാത്രമായതെന്തേ..? ഈ കബന്ധങ്ങളിങ്ങനെ  എന്റെ നേർക്ക് പാഞ്ഞുവരുമ്പോൾ ഞാനെന്റെ ചോദ്യങ്ങളൊക്കെ മറന്നു പോവുന്നതെന്തേ..?

IX 

പെണ്ണുങ്ങൾക്കീ ഭൂമിയിൽ  ഒട്ടും വിശ്രമമില്ല കേട്ടോ. ഭ്രാന്തിപ്പെണ്ണുങ്ങൾക്കുപോലും. രാത്രിയാവുമ്പോൾ ആ തലയില്ലാത്ത ആൾ വെളുത്ത ഗൗണുമിട്ട് എന്റെ സെല്ലിലേക്ക് വരും. "നീയിപ്പോഴും സുന്ദരിയാണല്ലോടീ.." എന്നും പറഞ്ഞുകൊണ്ടെന്നെ  തലോടും. ഞാൻ തടുക്കാൻ നോക്കുമ്പോൾ അയാൾ പറയും, " ഞാൻ നിന്റെ ഭർത്താവാണ്.." അയാൾ കളവുപറയുകയാണ്, എനിക്കുറപ്പുണ്ട്. പക്ഷേ, എന്റെ ഭർത്താവിനെപ്പോലെ ഈ മനുഷ്യനും  എന്റെ ചുണ്ടിൽ ഉമ്മവെക്കാതെയാണ് തുടങ്ങുന്നത്. എന്റെ ഭർത്താവിനെപ്പോലെ അയാൾക്കും  രതിയിലേർപ്പെടുന്നതും പ്രണയം പങ്കുവെയ്ക്കുന്നതും  തമ്മിലുള്ള വ്യത്യാസമറിയില്ല. 

എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം.. എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം..
എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം.. എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം..
എന്നെ ഷോക്കടിപ്പിക്കുന്നതാണ് ഇതിലുമെനിക്കിഷ്ടം..

രാവിലെ അതേയാൾ സുന്ദരിയായൊരു നഴ്‌സിന്റെ കൂടെ വീണ്ടും എന്നെക്കാണാൻ വരുന്നു. "നമ്മുടെ കുഞ്ഞുങ്ങൾക്കെങ്ങനെയുണ്ട്..?" എന്നു ഞാൻ തിരക്കുമ്പോൾ കുലുങ്ങിച്ചിരിച്ചുകൊണ്ടയാൾ പറയുന്നു, "ഞാനതിന്  നിന്റെ ഭർത്താവൊന്നും അല്ലല്ലോ..", എന്നിട്ട് ചോദിക്കുന്നു, " ഇന്നെങ്ങനെയുണ്ട്..?, ദുഃസ്വപ്നം വല്ലതും കണ്ടോ, ഇന്നലെ രാത്രി?"

X  

ഈ ചിത്തരോഗാശുപത്രിയിലെ തണുത്ത നിലവും വിളറിയ ചുവരുകളും സാക്ഷിയാണ്. എനിക്ക് നിന്നിൽ നിന്നും യാതൊന്നും വേണ്ടായിരുന്നു. പണമോ.. മുദ്രമോതിരമോ... ഒരു വെള്ളരിപ്രാവിന്റെ നിഴൽപോലും..

എനിക്കൊന്നേയുണ്ടായിരുന്നുള്ളൂ. എന്റെ വാക്കുകൾക്ക്  നീ ചെവി തരണം.  ഞാൻ കാണുന്ന കാഴ്ചകൾ  നിന്നെയുമൊന്നു കാണിക്കണം. "കള്ളീ.. വഞ്ചകീ.." - നീയെന്നെ പേരുകൾ പലതും വിളിച്ചു. സത്യം എന്റെ നാവിൽ നിന്നും വീഴുന്നത് ആർക്കും കേട്ടില്ല, എന്നത് ശരി തന്നെ. എന്നാലും,  ഈ ചിത്തരോഗാശുപത്രിയിലെ തണുത്ത നിലവും  വിളറിയ ചുവരുകളും സാക്ഷിയാണ്. ഞാനൊരിക്കലും ഒരു കള്ളവും പറഞ്ഞവളല്ല.. 'സത്യം' - അതിന്റെ മാതാവിനെ, 'മരണ'ത്തെ എനിക്ക് വെറുപ്പാണ്..

XI

ദൈവമേ...  മറ്റുള്ളവരെയെല്ലാം നീ ജീവിക്കാനായി പടച്ചുവിട്ടപ്പോൾ, എന്നെ മാത്രം  കവിതയ്ക്കും ഏകാന്തതയ്ക്കും ഉന്മാദത്തിനും വിട്ടുനല്കി. മറ്റുള്ളവർക്കെല്ലാം നാല് ഋതുക്കളും നിവർന്നു നടക്കാൻ രണ്ടു കാലുകളും  നീ നൽകിയപ്പോൾ, ഈ ഭൂമി അതിന്റെ  എല്ലാ കൊത്തളങ്ങളോടുംകൂടി എന്റ മഞ്ഞിൻ ചിറകുകളിലാണ് താങ്ങി നിർത്തപ്പെട്ടിരിക്കുന്നത്.. മറ്റുള്ളവർ ആയുസ്സിലൊരിക്കൽ മരണത്തിനു കീഴടങ്ങുമ്പോൾ ഞാൻ മാത്രം  ഓരോ ദിവസവും, ഓരോ നിമിഷവും ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് നീ  മായക്കാഴ്ചകൾ തരാൻ തുടങ്ങിയപ്പോൾ  എനിക്ക് വയസ്സൊമ്പതുമാത്രം.. അഞ്ചുകാശിന്‌ വിലയില്ലാത്ത വാക്കുകളൊഴിച്ച് മറ്റൊന്നും എന്നെ വിശ്വാസത്തിലെടുത്തില്ല..

വാക്കുകളാണെങ്കിൽ എന്നെയൊരു പ്രവാചകയാക്കി. ദൈവമില്ലാത്ത, വിശ്വാസികളില്ലാത്തൊരു പ്രവാചക... ഇഹലോകത്തിന്റെ കൂടുകളിലേക്ക് എന്റെ ചിറകുകളെ  അതിന്റെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് തിരികെ കൊണ്ടുവരാൻ  ഒരു കുരിശുപോലും ഇല്ലാത്തൊരു പ്രവാചക. വെൺചിറകുകൾ കൊടുത്ത് ഇരുമ്പു ബൂട്ടുകൾ പകരം സ്വീകരിച്ച ഇറോസിനെപ്പോലെ..

 XII

പറഞ്ഞു വരുമ്പോൾ ഞാൻ വെറുമൊരു പെണ്ണ്, 'അവൾ' മാത്രമാവും   നിനക്ക്. ഇന്നലെ നീ 'അവളെ' പ്രണയിച്ചു.. ഇന്ന് നീ 'അവളെ' ഉപേക്ഷിച്ചു.. നിത്യം വന്നിരുന്ന നിന്റെ കവിതകൾക്ക് അടിമപ്പെട്ടുപോയ ഒരുവളെ നീ കണ്ടില്ല. മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന  നിന്റെ സ്നേഹത്തിന് നിന്റെ  ഒരുവളെ നിങ്ങൾ കണ്ടില്ല..

അതുകൊണ്ടാണ്  അന്ന് നീ പറഞ്ഞ വാക്കുകൾ ഒരു കാർമേഘം പോലെ അവിടെ തൂങ്ങിക്കിടന്നത്, "മറ്റുള്ള പുരുഷന്മാർ നിന്റെ ദേഹത്തിനും ദാസ്യത്തിനുമായി മാത്രം നിന്നോടടുക്കുമ്പോൾ, നിനക്ക് ഞാൻ സ്നേഹവും  സ്വാതന്ത്ര്യവും ആദരവും തരും.." ഞാൻ എന്റെ സ്വപ്നങ്ങളും, ബന്ധനങ്ങളും, കവിതകളും ഒക്കെപ്പങ്കുവെച്ച ഒരു പുരുഷനാണ്, മനുഷ്യജീവിയാണ്, ഒരു കവിയാണ്, നീ.. ആ ഒരൊറ്റക്കാരണം കൊണ്ടാണ് നീയിന്നും ഉയിരോടിരിക്കുന്നതും മറ്റുള്ള സ്ത്രീകളുമായി പ്രണയം പങ്കുവെയ്ക്കുന്നതും..

ഞാനോ, ഈ ചിത്തരോഗാഗാസ്പത്രിയിൽ നിന്നും വീട്ടിലെന്നെ കാത്തിരിക്കുന്ന എന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമരികിൽ ചെന്നുചേരാനാവാതെ, നിന്റെ കവിതകളെ എന്റെ മാതൃഭാഷയിലേക്ക് മൊഴിമാറ്റിക്കൊണ്ടിരിക്കുന്നത്. നീയിവിടെ  കവിതാമാസികയുടെ  പത്രാധിപക്കസേരയിൽ കാലിന്മേൽ കാലും  കേറ്റിയിരിക്കുന്നതും..

XII 
 
വെള്ളമിങ്ങനെ പൊന്തിപ്പൊന്തി  വരുന്നുണ്ട്. എന്റെ കിടക്ക മുങ്ങി, ഹൃദയം മുങ്ങി. ഇതാ ഇപ്പോൾ, മുറിയുടെ അഞ്ചാമത്തെ ചുവരും തൊടും. ആരുടെ കണ്ണിലും  ഒരു പരിഭ്രമവും കാണുന്നില്ലല്ലോ. ഡോക്ടറും നഴ്‌സുമാരും ഒക്കെ  ജന്മനാ മത്സ്യങ്ങളോ  കക്കകളോ ഒക്കെ ആണെന്നാണ്  തോന്നുന്നതെനിക്ക്..

ഈ വെള്ളമല്ലാതെ മറ്റാരും ഇനിയീ പ്രാന്തിപ്പെണ്ണിന്റെ  മുടിയിഴ കോതി വിടർത്തില്ല. ഈ വെള്ളമല്ലാതെ മറ്റാരും  ഇനിയീ പ്രാന്തിപ്പെണ്ണിന്റെ കണ്ണുനീരൊപ്പില്ല. എന്റെ പ്രിയനേ.. നീയെവിടെയാണ്..?  നീയിതെവിടെയാണ്..? എന്നെവിട്ടുപോയ്ക്കളഞ്ഞ നീ  ഇനിയൊരിക്കലും തിരിച്ചുവന്നേക്കരുത്..

പോ.. എന്റെ കൈ വിട്.. എനിക്കീ കടലിന്റെ  അടിത്തട്ടിൽ ചെന്നടിയണം..  അവിടെ, നിന്റെ ഹൃദയത്തിന്റെ ഗന്ധമുള്ളൊരു  സ്രാവിന്റെ ശവം  ഞാൻ കാണും, ഉറപ്പ്.. അതിന്റെ പൂട്ടിയ ചുണ്ടുകളിൽ അമർത്തിച്ചുംബിക്കുമ്പോൾ എനിക്ക് നിന്റെ കവിതകളുടെ  സ്വാദറിയാം, വാക്കോടുവാക്ക്..

വാൽക്കഷ്ണം: 

'മരണസർട്ടിഫിക്കറ്റ്'
അയാൾ അവളെ മറന്നുകളഞ്ഞപ്പോൾ, അവൾ തന്നെത്തന്നെ മറന്നുപോയി, കൺപോളകൾക്കുള്ളിൽ ബാക്കി നിന്ന  ഉറക്കത്തോടു കൂടിത്തന്നെ അവൾ മരിച്ചുപോയി..!  ഇല്ല.. അവൾ ആത്മഹത്യ ചെയ്തെന്നൊന്നും ധരിക്കരുതേ.. അവൾ മരിച്ചുപോയതാണ്.. വെള്ളം വറ്റുമ്പോൾ  പൂക്കൾ വാടിപ്പോവുമ്പോലെ.., അവളും അങ്ങു മരിച്ചുപോയി..! 

Latest Videos
Follow Us:
Download App:
  • android
  • ios