സ്ത്രീകളെ ചെരുപ്പ് കൊണ്ട് അടിച്ചും, ചെരുപ്പിലെ വെള്ളം കുടിപ്പിച്ചും ബാധയൊഴിപ്പിക്കല്‍; അവസാനിക്കാത്ത അനാചാരങ്ങള്‍
സ്ത്രീകള്‍ തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടും. തലച്ചുമടായി ചെരുപ്പുകള്‍ കൊണ്ടുവരും. ബാധയേറ്റന്നെ പേരില്‍ സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുവരുന്നതും ഇവിടെ പതിവാണ്. ചെരുപ്പ് വച്ച് കൂടെയുള്ളവര്‍ ഈ സ്ത്രീകളെ നിര്‍ത്താതെ ഉപദ്രവിക്കുന്നതും, ചെരുപ്പ് കൊണ്ട് കോരി അതില്‍ നിന്നുതന്നെ വെള്ളം കുടിപ്പിക്കുന്നതും ഇവിടെ പതിവ് കാഴ്ച...
രാജസ്ഥാനിലെ ഭില്‍വാഡ.. പരിഷ്കൃതമായ ഒരു സമൂഹത്തിന് യാതൊരു തരത്തിലും വിശ്വസിക്കാനാകാത്ത തരത്തിലുള്ള അനാചാരങ്ങളാണ് അവിടെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. അവിടെ, ചുറ്റുമുള്ള ഗ്രാമത്തില്‍ നിന്നും ഓരോ ആഴ്ചയും നൂറുകണക്കിന് സ്ത്രീകളാണ് ഭില്‍വാഡയിലുള്ള ബാങ്ക്യാ മാതാ ക്ഷേത്രത്തിലെത്തുന്നത്. പ്രാര്‍ത്ഥനയുടേയും ബാധ ഒഴിപ്പിക്കലിന്‍റെയും പേരില്‍ അപകടകരവും, അവഹേളിക്കപ്പെടുന്നതുമായ ഒരു ആചാരം അവിടെയിന്നും തുടരുന്നു.
അന്ധവിശ്വാസത്തിന്‍റെയും അനാചാരത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റേയും പേരില്‍ സ്ത്രീകള്‍ കടന്നുപോകുന്നത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനത്തിലൂടെയാണ്. പുറംലോകം പൈശാചികം എന്ന് വിളിച്ചേക്കാവുന്ന തികച്ചും അപരിഷ്കൃതമായ ചടങ്ങുകളാണ് അവിടെ നടക്കുന്നത്. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇവിടെ ഇവയെല്ലാം നടക്കുന്നത്.
സ്ത്രീകള്‍ തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടും. തലച്ചുമടായി ചെരുപ്പുകള്‍ കൊണ്ടുവരും. ബാധയേറ്റന്നെ പേരില്‍ സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുവരുന്നതും ഇവിടെ പതിവാണ്. ചെരുപ്പ് വച്ച് കൂടെയുള്ളവര്‍ ഈ സ്ത്രീകളെ നിര്‍ത്താതെ ഉപദ്രവിക്കുന്നതും, ചെരുപ്പ് കൊണ്ട് കോരി അതില്‍ നിന്നുതന്നെ വെള്ളം കുടിപ്പിക്കുന്നതും ഇവിടെ പതിവ് കാഴ്ച... ബാധയൊഴിപ്പിക്കാനായി ക്ഷേത്രത്തിലേക്കുള്ള 200 പടികളിലൂടെ വലിച്ചിഴച്ചാണ് ഈ സ്ത്രീകളെ പലപ്പോഴും ക്ഷേത്രത്തിലെത്തിക്കുന്നത്.
ഫോട്ടോഗ്രാഫറായ സുധീര്‍ കലിസ്വാള്‍ നേരത്തെ ഒരു ഡോക്യുമെന്‍ററിയില്‍ പറഞ്ഞത്, ഇത്തരം ബാധയൊഴിപ്പിക്കലിന്‍റേയും അനാചാരങ്ങളുടേയും പേരില്‍ കുപ്രസിദ്ധമാണ് ഈ ക്ഷേത്രമെന്നാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുധീര്‍ ഇവ പകര്‍ത്താനായി എത്തിയത്. ''21 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ സ്ത്രീകള്‍ അടികൊള്ളുന്നതും ചെരുപ്പില്‍ നിന്ന് വെള്ളം കുടിക്കുന്നതുമെല്ലാം ഞാന്‍ കണ്ടിരുന്നു. അതെന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നെന്നെ അതിനേക്കാളേറെ വേദനിപ്പിക്കുന്നത് അത് അവസാനിക്കാതെ തുടരുന്നു എന്നതാണ്.'' സുധീര്‍ പറഞ്ഞിരുന്നു.
1979 -ല്‍ 'ലാദൂ ഊന്ത്' എന്ന അനാചാരവും താന്‍ പകര്‍ത്തിയത് സുധീര്‍ ഓര്‍ക്കുന്നു. ശക്തി പരിശോധിക്കാനെന്ന പേരില്‍ ഒട്ടകങ്ങളെ ഉപദ്രവിക്കുന്ന ഈ അനാചാരം പെട്ടെന്ന് തന്നെ നിര്‍ത്തലാക്കിയിരുന്നു. എന്നിട്ടുപോലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ലായെന്നത് കാണിക്കുന്നത്, മൃഗങ്ങളോടുള്ള പരിഗണന പോലും സ്ത്രീകളോട് കാണിക്കുന്നില്ല എന്നതാണെന്നും സുധീര്‍ പറയുന്നുണ്ട്.
ബാധയൊഴിപ്പിക്കലിന്‍റെ പേരും പറഞ്ഞ് കിലോമീറ്ററുകളാണ് സ്ത്രീകള്‍ ചെരുപ്പ് കഴുത്തില്‍ തൂക്കിയിട്ടും, ചെരുപ്പ് കടിച്ചുപിടിച്ചും, അതില്‍ നിന്നുള്ള വെള്ളം കുടിച്ചും നടക്കുന്നത്. ഇതിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ പിന്നീട് ഭയത്തിന്‍റേയും, മാനസികാരോഗ്യക്കുറവിന്‍റേയും വഴികളിലാണ് എത്തിപ്പെടുന്നതെന്നും മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
''ഇപ്പോഴും ഈ അനാചാരം തുടരുകയാണ്. മാനസികപ്രശ്നങ്ങളുള്ളവരോ, ഭൂതബാധയുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ ആയ സ്ത്രീകളാണ് ഇതിന് ഇരകളായി മാറുന്നത്. വീട്ടുകാര്‍ നിര്‍ബന്ധിച്ച് പലരേയും ഇതിലേക്ക് തള്ളിവിടാറുമുണ്ട്. ഇങ്ങനെ വലിച്ചിഴച്ചും മറ്റും ക്ഷേത്രത്തിലെത്തിക്കുന്ന സ്ത്രീകള്‍ ആ ചെരുപ്പ് ക്ഷേത്രത്തിലുപേക്ഷിച്ച് പോവുകയാണ് ചെയ്യുന്നത്. ഞായറാഴ്ച ദിവസങ്ങളിലാണ് ക്ഷേത്രത്തിലേറ്റവും തിരക്കെ''ന്നും രാജസ്ഥാന്‍ പത്രിക ഭില്‍വാഡ ബ്യൂറോ ചീഫ് ജയ്പ്രകാശ് സിങ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.