നാളേക്കായി, ഇന്നു തന്നെ കരുതിത്തുടങ്ങാം..
കഴിയുന്നതും സേവിങ്സ് കാറ്റഗറിയിലോട്ട് മാറ്റിയ തുക ദൈനംദിന ആവശ്യങ്ങൾക്കും മാസച്ചെലവുകൾക്കും എടുക്കാതിരിക്കുവാൻ ശ്രമിക്കുക, എ.ടി.എം, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഈ അക്കൗണ്ടുകൾക്ക് കഴിയുന്നതും ഒഴിവാക്കാം.
ഒരു പുതിയ സാമ്പത്തികവർഷംകൂടി തുടങ്ങാൻ പോകുകയാണ്. ഇത്തിരി സേവിങ്സിനെക്കുറിച്ച് നമുക്കുമൊന്ന് ചിന്തിച്ചാലോ?
മുത്തശ്ശിമാർ നാഴികൊണ്ട് അരി അളവെടുത്തതിനുശേഷം അതിൽനിന്ന് ഒരു പിടിയരി മാറ്റി വേറെ ടിന്നിൽ എടുത്തുവയ്ക്കും; കർക്കിടകത്തിലെ ഇല്ലായ്മയിൽ ഒരാശ്വാസത്തിന്. വറുതി മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു കരുതൽ.
"അമ്മേ, ഒരു നൂറ് രൂപാ തര്വോ? ടൂർ പോവാനാ.." എന്ന് ചോദിക്കുമ്പോൾ, അടുക്കളയിലെ തകരപ്പെട്ടിക്കുള്ളിൽനിന്ന് അടുക്കളമണമുള്ള നോട്ട് ചുരുളുനിവർത്തി നീട്ടും.. ഇത്തിരി കരുതലിന്റെ അടയാളം.
ഇന്നും നമ്മൾ വീട്ടമ്മമാർ ഇതുപോലെ ചെറുസമ്പാദ്യങ്ങൾ ഉള്ളവരാണ്.. എങ്കിലും അടുക്കളയ്ക്കുളളിൽമാത്രം ചിലപ്പോഴിത് ചുരുങ്ങുന്നു. വിവരവും വിദ്യാഭ്യാസവുമെല്ലാമുണ്ടായിട്ടും, 'ഫിനാൻസ് ഹാൻഡ്ലിങ് ഭർത്താവിന്റെ ഡിപ്പാർട്ട്മെന്റാണ്'എന്ന് പറയുന്നവരുമേറെയാണ്.
പക്ഷെ, പ്രതീക്ഷിക്കാതെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ നമ്മെ ബുദ്ധിമുട്ടിലാക്കും, ചിന്തിപ്പിക്കും. അല്പംകൂടി സേവ് ചെയ്യാമായിരുന്നു, അല്ലെങ്കിൽ ഇത്തിരി നേരത്തേ സേവിങ്സ് തുടങ്ങാമായിരുന്നു എന്നൊക്കെ ഓർമ്മിപ്പിക്കും. ചെലവുകഴിഞ്ഞ് ബാക്കിവരുന്ന ഇത്തിരി പണം മാറ്റിവയ്ക്കാതെ, ഭാവിയിലേക്കായി ഓരോ മാസവും ഒരു കരുതൽപ്പണം നീക്കിവയ്ക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണം. അതിനായി ചെലവുചുരുക്കാനും മിച്ചംകൂട്ടാനും നമ്മൾ പ്ലാൻ ചെയ്യണം.
കുടുംബ ബഡ്ജറ്റ് - അതിലെപ്പോഴും പങ്കാളികളുടെ പങ്കാളിത്തം മികച്ച ബഡ്ജറ്റ് നിർമ്മാണത്തിനും അത് പ്രാവർത്തികമാക്കുന്നതിനും സഹായിക്കും.
വരവു-ചെലവുകൾക്ക് കുറച്ച് ഗോൾഡൻ റൂൾസ് പറഞ്ഞുതരാം.
നമ്മൾ സാധാരണയായി, കിട്ടുന്ന ശമ്പളം ഓരോ ആവശ്യങ്ങൾ വരുന്നതിനനുസരിച്ചു ചെലവാക്കുകയാണല്ലോ പതിവ്. ഇനിമുതൽ ഓരോ മാസവും ഏതെല്ലാം ആവശ്യങ്ങൾക്ക് നമ്മുടെ വരുമാനത്തിന്റെ ഏകദേശം എത്ര ശതമാനം മാറ്റിവയ്ക്കാമെന്നുനോക്കാം.
പ്രധാനമായും നമ്മുടെ മാസവരുമാനം നമുക്ക് രണ്ട് കാറ്റഗറിയായി തിരിക്കാം; കാറ്റഗറി A - സേവിങ്സ്, കാറ്റഗറി B - മാസച്ചെലവുകൾ.
കാറ്റഗറി - A:
ഇനി മാസവരുമാനം കിട്ടുമ്പോൾ
20 - 40% ആദ്യമേതന്നെ A കാറ്റഗറിയിലോട്ട് നമുക്ക് മാറ്റാം.
20 - 40% എന്നുള്ളത് അതാത് മാസത്തെ ചെലവുകൾക്കനുസൃതമായി ഭേദഗതി വരുത്താവുന്നതാണ്. ബാച്ചിലറായിട്ടുള്ളവർക്ക് കുടുംബ പ്രാരബ്ധങ്ങൾ ഉടലെടുക്കുന്നതിനുമുമ്പ് നിങ്ങളുടെ ശമ്പളം പരമാവധി സേവ് ചെയ്യാവുന്നതാണ്. അതുപോലെ പഠിക്കുന്ന കുട്ടികളുള്ള വ്യക്തികൾ സ്കൂൾ തുറക്കുന്ന മാസങ്ങളിലെ അധികച്ചെലവ് കണക്കിലെടുത്തുകൊണ്ട് സേവിങ്സിലേക്ക് മാറ്റിവയ്ക്കുന്ന തുക കുറയ്ക്കാമെങ്കിലും കുറഞ്ഞത് 20% എങ്കിലും സേവിങ്സ് കാറ്റഗറിയിലേക്ക് മാറ്റിവയ്ക്കുവാൻ ശ്രമിക്കാവുന്നതാണ്.
കഴിയുന്നതും സേവിങ്സ് കാറ്റഗറിയിലോട്ട് മാറ്റിയ തുക ദൈനംദിന ആവശ്യങ്ങൾക്കും മാസച്ചെലവുകൾക്കും എടുക്കാതിരിക്കുവാൻ ശ്രമിക്കുക, എ.ടി.എം, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഈ അക്കൗണ്ടുകൾക്ക് കഴിയുന്നതും ഒഴിവാക്കാം.
അതുപോലെ മക്കളുടെ പഠനാവശ്യങ്ങളൊക്കെ മുന്നിൽക്കണ്ട് ഇത്രവർഷം കഴിഞ്ഞാൽ ഇത്ര തുക കിട്ടും എന്ന രീതിയിൽ മുൻകൂട്ടി റിക്കവറിംഗ് ഡെപ്പോസിറ്റുകൾ പോലുള്ളവ ചെയ്യാവുന്നതാണ്.
കാറ്റഗറി - B:
വരുമാനത്തിന്റെ 60 ശതമാനം ഈ കാറ്റഗറിക്ക് അനുവദിക്കാം.
ഈ 60% - ത്തിൽ EMI തുക ഉൾപ്പെടെയാണ് പറയുന്നത്. കൈയിൽ കിട്ടുന്ന വരുമാനത്തിന്റെ ഏറ്റവും കൂടിയത് 35% വരെ മാത്രമേ EMI അടവിനായി അനുവദിക്കാവൂ, 35% കൂടുതൽ EMI വരുന്നവരുണ്ടെങ്കിൽ ജാഗ്രതയോടെയിരിക്കുക.
വായ്പയെടുക്കുവാൻ ബാങ്കിൽ പോകുന്ന ശരാശരി മിഡിൽക്ലാസ്സുകാരന്റെ ചിന്താഗതി അനുസരിച്ച്, 'മാക്സിമം എത്രവരെ ലോൺ കിട്ടുമോ അത്രയും തുകയ്ക്ക് ലോൺ ആയിക്കോട്ടെ' എന്നാവും. സേവിങ്സിനെക്കുറിച്ച് മിഡിൽ ക്ലാസ്സുകാരനോട് ചോദിച്ചാൽ, 'ഹോ, ചെലവു കഴിഞ്ഞ് മിച്ചം വന്നിട്ട് വേണ്ടെ സേവിങ്സ്' എന്നാവും ഉത്തരം.
ഈ രണ്ട് ചിന്താഗതിയിൽ ഇത്തിരിയെങ്കിലും മാറ്റം വരുത്തി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കുടുംബത്തിലെ ഓരോരുത്തരും മുൻകൈയെടുക്കുന്നത് നന്നായിരിക്കും.
സേവിങ്സ് ടിപ്സ്:
1) ഒരു ദിവസം തുടങ്ങുമ്പോൾ പേഴ്സിലെ പൈസ റൗണ്ട് ഫിഗറാക്കി തുടങ്ങുക, ചില്ലറ രൂപകൾ മാറ്റി വേറെയായി എടുത്തുവയ്ക്കുക. ഇത് കുറച്ചുകഴിയുമ്പോൾ എക്സ്ട്രാ വരുന്ന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.. Eg: പുസ്തകം, ഷോകേസ് ഐറ്റംസ്, കോസ്മെറ്റിക്സ് etc..
2) ക്രെഡിറ്റ് കാർഡ് നിത്യേനയോ മാസച്ചെലവുകൾക്കോ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക.
3) Income & Expense Tracker Applications ഉപയോഗിക്കുക.. patym, Google pay, account transfer എല്ലാം ഈ ആപ്ലിക്കേഷൻസ് ട്രാക്ക് ചെയ്യും. ദിവസാവസാനം ഇത് ചെക്ക് ചെയ്യുക. അതുമല്ലെങ്കിൽ വരവു-ചെലവുകണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്ന ശീലം വളർത്തുക.
4) ബാച്ചിലേഴ്സിന് ഏറ്റവും കൂടുതൽ ചെലവ് ഭക്ഷണം, വസ്ത്രം, സൗന്ദര്യം, ഫോൺ തുടങ്ങിയവയ്ക്കായിരിക്കും. മാസം ഒരു തുക അതിനായി മാറ്റിവച്ച്, അതിനുള്ളിൽമാത്രം ചെലവ് നിയന്ത്രിക്കുക.
5) ജോലി കിട്ടിയ തുടക്കത്തിൽ ഒത്തിരി സേവിങ്സ് പ്ലാൻ ചെയ്യാതെ കുറച്ച് പൈസ മാറ്റി ലിക്വിഡിറ്റി ഉറപ്പുവരുത്തുക. സേവിങ്സ് എന്നത് തുടർന്നുകൊണ്ടുപോവേണ്ട ഒന്നാണ്. അതുകൊണ്ട് എല്ലാ മാസവും നീക്കിവയ്ക്കുവാൻ പറ്റുമെന്നുള്ള തുകയ്ക്കനുസൃതമായി തുടങ്ങുക.
6) മണി പേഴ്സ് പ്ലാസ്റ്റിക് മണിയുടെ കൂടാരമാക്കാതെ 1, 2 കാർഡുകളിലേക്ക് ചുരുക്കുക. ചെലവും നിങ്ങളറിയാതെ ചുരുങ്ങിക്കോളും.
7) ആഴ്ചയിൽ ഒരു ദിവസമെങ്കിലും 'No Spend Day' ആചരിക്കുക.
8 ) വിശേഷാവസരങ്ങളിൽ (Birthday, wedding Anniversary etc..) ഒരു സേവിങ്സ് ഡെപ്പോസിറ്റ് റെസീപ്റ്റ് സമ്മാനമായി നൽകി നോക്കൂ.
9) വരവു-ചെലവുകണക്കുകൾ മനക്കണക്കിൽ ഒതുക്കാതെ ഡയറിയിൽ എഴുതി സൂക്ഷിക്കൂ. (recordical)
1O) ചെറിയ ചെറിയ സമ്പാദ്യപദ്ധതികളിൽ ചേർത്തുകൊണ്ട് കുഞ്ഞുമക്കളിലും സമ്പാദ്യശീലം വളർത്തിയെടുക്കാം.
ഇന്നുതന്നെ തുടങ്ങൂ.. നാളേക്കായി കരുതലോടെ ചെലവാക്കാം..
കടപ്പാട്: പെണ്ണിടം