'കുട്ടിയുടെ ഹോം വർക്ക് ചെയ്‍ത് ചെയ്‍ത് ഞാൻ‌ മടുത്തു'; പരാതിയുമായി അമ്മയുടെ വീഡിയോ, വൈറൽ

'അവർ നൽകുന്ന പ്രോജക്റ്റുകളും ഗൃഹപാഠങ്ങളും വിദ്യാർത്ഥികളല്ല മറിച്ച് അവരുടെ രക്ഷിതാക്കളാണ് ചെയ്യുന്നത് എന്ന് എല്ലാ അധ്യാപകർക്കും നന്നായി അറിയാം. എന്നിട്ടും അവരത് മനപ്പൂർവം നൽകുന്നതാണ്.'

woman complaining about kids homework video viral

സംസ്ഥാനത്ത് സ്കൂൾ തുറന്നു. നമുക്ക് ജൂണിലാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്. എന്നാൽ, മറ്റ് പല സംസ്ഥാനങ്ങളിലും ജനുവരിയാണ് അധ്യയന വർഷം തുടങ്ങുന്നത്. അതുപോലെ, ഏപ്രിൽ, മേയ് മാസങ്ങളിലെ വെക്കേഷന് അവർക്ക് നിരവധി ഹോം വർക്കുകളും വിവിധ പ്രൊജക്ടുകളും അസൈൻമെന്റുകളും എല്ലാം നൽകാറുണ്ട് ചെയ്യാൻ. എന്നാൽ, ഇത് ആകപ്പാടെ തലവേദനയാവുക രക്ഷിതാക്കൾക്കാണ്. അങ്ങനെ ഒരു രക്ഷിതാവ് പരാതി പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

വീഡിയോയിൽ യുവതി പറയുന്ന കാര്യങ്ങൾ ഇന്ത്യയിലെ മിക്ക രക്ഷിതാക്കൾക്കും, പ്രത്യേകിച്ച് കുട്ടികളെ ഹോം വർക്കുകളിൽ സഹായിക്കേണ്ടി വരുന്ന രക്ഷിതാക്കൾക്ക് മനസിലാക്കാൻ പറ്റുന്ന കാര്യം തന്നെയാണ്. കുട്ടികൾക്ക് അസൈൻമെന്റോ പ്രൊജക്ടോ കൊടുത്താൽ രക്ഷിതാക്കളുടെയോ മറ്റാരുടെയെങ്കിലോ സഹായമില്ലാതെ അത് ചെയ്യുക വലിയ പ്രയാസമാണ്. എന്തിനേറെ പറയുന്നു? രക്ഷിതാക്കളുടെ സഹായം മാത്രം പോരാ, മിക്കവാറും കുട്ടികൾക്ക് എടുത്താൽ പൊന്താത്ത ഈ ജോലി ചെയ്യുന്നതെല്ലാം അമ്മയോ അച്ഛനോ സഹോദരങ്ങളോ ഒക്കെ തന്നെ ആയിരിക്കും. 

വീഡിയോയിൽ യുവതി പറയുന്നത് ഇങ്ങനെ, "അവർ നൽകുന്ന പ്രോജക്റ്റുകളും ഹോംവര്‍ക്കുകളും വിദ്യാർത്ഥികളല്ല മറിച്ച് അവരുടെ രക്ഷിതാക്കളാണ് ചെയ്യുന്നത് എന്ന് എല്ലാ അധ്യാപകർക്കും നന്നായി അറിയാം. എന്നിട്ടും അവരത് മനപ്പൂർവം നൽകുന്നതാണ്, രക്ഷിതാക്കൾക്ക് വെക്കേഷൻ ആഘോഷിക്കാൻ പറ്റരുത് എന്നത് പോലെ."

ഒപ്പം, കുട്ടികൾക്ക് ചെയ്യാനാവുന്ന ഹോംവർക്കും മറ്റുമായിരിക്കണം അവർക്ക് നൽകുന്നത് അല്ലാതെ അവരെക്കൊണ്ട് ചെയ്യാനാവാത്ത മറ്റാരെങ്കിലും ചെയ്ത് കൊടുക്കേണ്ടി വരുന്നവയല്ല എന്നും അവർ‌ പറയുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. മിക്ക രക്ഷിതാക്കൾക്കും പറയാനുണ്ടായിരുന്നത് യുവതി പറയുന്നത് ശരിയാണ് എന്നാണ്. 'കുട്ടികളുടെ പഠനത്തിന് ഒരുപകാരവും ചെയ്യാത്ത വർക്കുകളാണ് മിക്കവാറും കുട്ടികൾക്ക് അധ്യാപകർ നൽകുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

'തന്റെ അയൽപക്കത്തുള്ള നാലാം ക്ലാസുകാരിക്ക് കംപ്യൂട്ടർ ജെനറേഷൻസിനെ കുറിച്ചുള്ള പിപിടി പ്രസന്റേഷനാണ് തയ്യാറാക്കാനുണ്ടായിരുന്നത്. ക്ലാസിലെ കുട്ടികൾക്കെല്ലാം ഇത് ചെയ്യണം. അധ്യാപകർ കരുതുന്നത് ഈ കുട്ടികൾക്ക് വീട്ടിൽ കംപ്യൂട്ടർ ഉണ്ടെന്നും അവർക്കെല്ലാം ഇത് തയ്യാറാക്കാൻ അറിയും എന്നുമാണ്. ആ കുട്ടിക്ക് വേണ്ടി ഞാനാണ് അത് തയ്യാറാക്കി കൊടുത്തത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Latest Videos
Follow Us:
Download App:
  • android
  • ios