വനപാലകരുടെ വാഹനത്തിന്‍റെ വാതിൽ അടച്ച് കൊടുത്ത് കാട്ടാന; വൈറല്‍ വീഡിയോയില്‍ പിന്നീട് സംഭവിച്ചത്...
കാടിനോട് ചേർന്നുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്ന വനപാലകരുടെ ജീപ്പിനടുത്തേക്ക് കാട്ടാന നടന്ന് വരുന്നു. ജീപ്പിന്‍റെ ഇരുവശത്തെയും ഈരണ്ട് ഡോറുകളും തുറന്നിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം.
രൂപത്തിലും ഭാവത്തിലും അല്പം പ്രശ്നക്കാരാണെങ്കിലും ഒരുപക്ഷേ മൃഗങ്ങളുടെ ഒരു ഫാൻസ് അസോസിയേഷൻ രൂപീകരിച്ചാൽ അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചേരാൻ ഇടയുള്ളത് ആന ഫാൻസ് അസോസിയേഷനിൽ ആയിരിക്കും. ആക്രമണകാരികൾ ആണെങ്കിൽ കൂടിയും മനുഷ്യനോട് ഏറെ ഇണങ്ങി നിൽക്കുന്ന ഒരു ജീവി കൂടിയാണ് ഇവ. പലപ്പോഴും ആനകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകൾക്കും വാർത്തകൾക്കും ഒക്കെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആവുകയാണ്. ഇത്തവണത്തെ വീഡിയോയിലെ നായകൻ ഒരു കാട്ടാനയാണ്.
കാടിനോട് ചേർന്നുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്ന വനപാലകരുടെ ജീപ്പിനടുത്തേക്ക് കാട്ടാന നടന്ന് വരുന്നു. ജീപ്പിന്‍റെ ഇരുവശത്തെയും ഈരണ്ട് ഡോറുകളും തുറന്നിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ജീപ്പിന്‍റെ മുന്‍വശത്ത് കൂടി നടന്ന് വരുന്ന ആന പതുക്കെ ജീപ്പിന്‍റെ മുന്‍വാതില്‍ തന്‍റെ തുമ്പിക്കൈക്കൊണ്ട് അടയ്ക്കുന്നു. പിന്നാലെ രണ്ടാമത്തെ വാതിലും സമാനമായ രീതിയില്‍ അടയ്ക്കുന്നു. ആനയുടെ അടുത്ത നീക്കം ജീപ്പിനെ മറിച്ചിടാനുള്ള ശ്രമമായിരുന്നു. രണ്ട് മൂന്ന് തവണ തന്‍റെ മസ്തകം വച്ച് ആന ജീപ്പിനെ തള്ളി മറിച്ചിടാന്‍ ശ്രമിക്കുന്നു. ഈ സമയം മറുവശത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കല്ലുകള്‍ എറിയുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്നതോടെ ആന വാലും പോക്കി ഒറ്റ ഓട്ടമായിരുന്നു.
പർവീൺ കസ്വാൻ ഐഎഫ്എസാണ് വീഡിയോ ട്വിറ്റരില്‍ പങ്കുവച്ചത്. നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിന്‍റെ മുകളില്‍ നിന്നുള്ള ഡ്രോണ്‍ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ആനയുടെ പ്രവർത്തി അമ്പരപ്പിക്കുന്നതാണെന്നും അനാവശ്യമായി അവർ ആരെയും ഒന്നിനെയും ഉപദ്രവിക്കാറില്ലെന്നുമുള്ള കമന്‍റുകാളാണ് വീഡിയോയ്ക്ക് താഴെ. ചിലര്‍ ആന സുരക്ഷ പരിശോധിക്കുകയാണെന്ന് കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക