ആപ്പിള്‍ വാച്ച് കാറിന്‍റെ ബമ്പറില്‍ ഘടിപ്പിച്ച് പിന്തുടര്‍ന്നു, വന്‍ ആസുത്രണം; കവര്‍ന്നത് 500,000 ഡോളര്‍!
കാറിന്റെ ബമ്പറിനടിയില്‍ ഒരു ആപ്പിള്‍ വാച്ച് ഫിറ്റ് ചെയ്തു. തുടര്‍ന്ന്, അവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അയാളുടെ ഹോട്ടല്‍ മുറി കണ്ടെത്തുകയും, അവിടെ നിന്നും പണം കവരുകയും ചെയ്യുകയായിരുന്നു
ന്യൂയോര്‍ക്ക്: ആപ്പിള്‍ വാച്ച് ഉപയോഗിച്ച് 500,000 ഡോളറിന്‍റെ വന്‍ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം കണക്റ്റിക്കട്ടില്‍ നടന്ന സംഭവം പുറത്തായത് ഇപ്പോഴാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഗുരുതരമായ ഹൃദയ അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ആപ്പിള്‍ വാച്ച് ഒരു കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആദ്യത്തെ സംഭവങ്ങളിലൊന്നാണിത്. സംഭവം പുറത്തായത് എങ്ങനെയാണെന്നു വ്യക്തമല്ല. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ 2020 ജനുവരിയില്‍ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
വലിയ തോതില്‍ മയക്കുമരുന്ന് ബിസിനസ് നടത്തുന്നയാളുടെ പണമാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. ഇതിനായി അയാളുടെ കാറിന്റെ ബമ്പറിനടിയില്‍ ഒരു ആപ്പിള്‍ വാച്ച് ഫിറ്റ് ചെയ്തു. തുടര്‍ന്ന്, അവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അയാളുടെ ഹോട്ടല്‍ മുറി കണ്ടെത്തുകയും, അവിടെ നിന്നും പണം കവരുകയും ചെയ്യുകയായിരുന്നു.
ആപ്പിള്‍ വാച്ചിലെ ട്രാക്കര്‍ ഉപയോഗിച്ച് ഇയാളുടെ കാര്‍ പിന്തുടര്‍ന്ന ശേഷം മോഷ്ടാക്കളില്‍ ഒരാള്‍ തോക്ക് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയിലേക്കു തട്ടിപ്പുകാര്‍ എത്തിയത്. 2020 ജനുവരിയില്‍ ആപ്പിള്‍ വാച്ച് മാത്രമാണ് ആളുകളെ ട്രാക്കുചെയ്യാന്‍ ഉപയോഗിക്കാവുന്ന ഏക ഉപാധിയായി ഉണ്ടായിരുന്നത്. അതിനാലാണ് തട്ടിപ്പുകാര്‍ ഈ രീതി പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ആപ്പിള്‍ എയര്‍ടാഗുകള്‍, അന്ന് ലോഞ്ച് ചെയ്തിരുന്നില്ല.
ഐഫോണിലെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് ഒരു ആപ്പിള്‍ വാച്ച് ട്രാക്കുചെയ്യുന്നത് വളരെ എളുപ്പമാണ്. ആപ്പിള്‍ വാച്ച് എപ്പോഴെങ്കിലും കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, അത് വീണ്ടും കണ്ടെത്താന്‍ സഹായിക്കുന്നതിന് ഇത് ഉപയോഗിക്കാം. അതിന് മുമ്പ് ആപ്പിള്‍ ഐഡിയും പാസ്‌വേഡും ആവശ്യപ്പെടുന്ന ഒരു ആക്ടിവേഷന്‍ ലോക്ക് ഉണ്ട്.
ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിക്കുമ്പോള്‍, ജിപിഎസും സെല്ലുലറുമുള്ള ആപ്പിള്‍ വാച്ചിന് അതിന്റെ ഏകദേശ സ്ഥാനം കാണിക്കാന്‍ ജിപിഎസും വൈഫൈ അല്ലെങ്കില്‍ സെല്ലുലാര്‍ കണക്ഷനും ഉപയോഗിക്കാം. ആപ്പിള്‍ വാച്ച് സീരീസ് 1 ന് ജിപിഎസ് ഇല്ലാത്തതിനാല്‍, ഐഫോണിന്റെ ലൊക്കേഷനോ അതിന്റെ വൈഫൈ കണക്ഷനോ ഉപയോഗിക്കേണ്ടി വരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona