അഭിമാനം ഇന്ത്യയുടെ ആദിത്യ-എല്‍1; സൂര്യരഹസ്യത്തിന്‍റെ ചുരുളഴിച്ചു, മനുഷ്യരാശിയെ കാക്കുന്ന കണ്ടെത്തല്‍
സിഎംഇകളില്‍ ഭൂമിക്ക് സംരക്ഷണമേകാന്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഇന്ത്യയുടെ കണ്ടെത്തലിനാകും
ബെംഗളൂരു: സൂര്യനെ കുറിച്ച് ഏറ്റവും സുപ്രധാനമായ വിവരം ശാസ്ത്ര ലോകത്തിന് സമ്മാനിച്ച് ഇന്ത്യയുടെ കന്നി സൗര പര്യവേഷണ ഉപഗ്രഹമായ ആദിത്യ-എല്‍1. സൗരപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഭൂമിയിലേക്കടക്കം എത്താറുള്ള കൊറോണല്‍ മാസ് ഇജക്ഷനുകള്‍ (സിഎംഇ) ആരംഭിക്കുന്ന സമയം കൃത്യമായി കണക്കുകൂട്ടാനാകുമെന്ന കണ്ടെത്തലാണ് ഐഎസ്ആര്‍ഒ ആദ്യ സൗര ദൗത്യത്തില്‍ തന്നെ നടത്തിയിരിക്കുന്നത്.
സൂര്യന്‍റെ പുറംപാളിയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സിഎംഇയെ കുറിച്ച് പഠിക്കുക ഇസ്രൊ അയച്ച ആദിത്യ-എല്‍1 എന്ന ബഹിരാകാശ പേടകത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സൂര്യനില്‍ നിന്ന് അടിക്കടിയുണ്ടാകുന്ന കൊറോണല്‍ മാസ് ഇജക്ഷനുകളില്‍ നിന്ന് ഭൂമിക്ക് സംരക്ഷണമേകാന്‍ കഴിയുന്ന നിര്‍ണായക വിവരം കണ്ടെത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ആദിത്യ-എല്‍1 സൗര നിരീക്ഷണ പേടകം. സിഎംഇ ആരംഭിക്കുന്ന കൃത്യമായ സമയം കണക്കുകൂട്ടാന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങള്‍ പേടകത്തിലെ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് (Velc) എന്ന ഉപകരണം രേഖപ്പെടുത്തി. ആദിത്യ എല്‍1ലെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളിലൊന്നാണ് വെല്‍ക്.
Read more: ഡിസംബറിന്‍റെ അത്ഭുതമാകാന്‍ ഐഎസ്ആര്‍ഒ; സ്‌പാഡെക്സ് ഡോക്കിംഗ്, പ്രോബ-3, എന്‍വിഎസ്-2 വിക്ഷേപണങ്ങള്‍
'ചാര്‍ജ്ജിത കണങ്ങളായ സിഎംഇകള്‍ സെക്കന്‍ഡില്‍ 3,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നതും ട്രില്യണ്‍ കണക്കിന് ഭാരമുള്ളവയുമാവാം. ഇവ ഭൂമിയിലേക്ക് അടക്കം നമ്മുടെ സൗരയൂഥത്തിലെ ഏത് ദിശയിലേക്കും സഞ്ചരിക്കാം. അതിശക്തമായ സിഎംഇകള്‍ക്ക് വെറും 15 മണിക്കൂര്‍ സമയം കൊണ്ട് സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് 150 ദശലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെത്താനാകും' എന്നും വെല്‍കിന്‍റെ ശില്‍പിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ അധ്യാപകനുമായ പ്രൊഫസര്‍ ആര്‍ രമേശ് പറഞ്ഞു.
കൊറോണല്‍ മാസ് ഇജക്ഷന്‍
സൂര്യനില്‍ നിന്ന് വലിയ അളവില്‍ പ്ലാസ്മയും സൗരവാതകങ്ങളും കാന്തികക്ഷേത്രങ്ങളും പുറംതള്ളുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്നത്. സൗരപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹിരാകാശത്ത് പടരുന്ന സിഎംഇകള്‍ ഭൂമിയിലേക്കും സഞ്ചരിക്കുമെങ്കിലും ഭൂമിക്ക് കാന്തമണ്ഡലമുള്ളതിനാല്‍ ഇത്തരം സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് ഹാനികരമാകാറില്ല. എന്നാല്‍ സിഎംഇകള്‍ റേഡിയോ പ്രക്ഷേപണത്തില്‍ പ്രശ്‌നങ്ങള്‍, ജിപിഎസ് അടക്കമുള്ള നാവിഗേഷന്‍ സിഗ്നലുകളില്‍ തകരാര്‍, പവര്‍ഗ്രിഡുകളില്‍ പ്രശ്‌നങ്ങള്‍, സാറ്റ്‌ലൈറ്റുകളില്‍ തകരാര്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഈ പ്രശ്‌നങ്ങളെ മറികടക്കാനായി മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഐഎസ്ആര്‍ഒയെ സഹായിക്കുന്നതാണ് ആദിത്യ-എല്‍1ന്‍റെ ഇപ്പോഴത്തെ വലിയ കണ്ടെത്തല്‍.
Read more: ശുക്രന്‍ കീഴടക്കാനും ഇന്ത്യ; ശുക്രയാന്‍-1 സ്വപ്‌നപദ്ധതിക്ക് കേന്ദ്ര അനുമതി, വിക്ഷേപണം 2028ല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം