'ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം'; സര്‍വേയില്‍ വന്‍ പിന്തുണ
പതിനാറ് വയസില്‍ താഴെയുള്ളവർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിന് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
ദില്ലി: 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഈയടുത്ത് ഓസ്ട്രേലിയ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യയിലും കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ അക്കൗണ്ട് എടുക്കുന്നതില്‍ നിയന്ത്രണം വേണമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും ശക്തമാണ് എന്നാണ് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ നടത്തിയ വോട്ടെടുപ്പില്‍ വ്യക്തമായത്.
കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യത്തിന് ബിസിനസ് ടുഡേ സര്‍വേയില്‍ വലിയ പിന്തുണ ലഭിച്ചു. ലിങ്ക്‌ഡ്‌ഇനിലും എക്‌സിലും (പഴയ ട്വിറ്റര്‍) ആണ് ബിസിനസ് ടുഡേ സര്‍വെ സംഘടിപ്പിച്ചത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണം എന്ന ആവശ്യത്തെ ലിങ്ക്‌ഡ്ഇനില്‍ 91 ശതമാനം പേരും, എക്‌സില്‍ എക്‌സില്‍ 94.3 പേരും പിന്തുണച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വലിയ ആശങ്ക പൊതുസമൂഹത്തിനുള്ളില്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായും ഓസ്ട്രേലിയ നിരോധിച്ചതാണ് ഇന്ത്യയിലും ചര്‍ച്ചയ്ക്ക് വഴിവെച്ചത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയിട്ടുണ്ട്. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നയമാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയയിലെ നിയമം ആവശ്യപ്പെടുന്നു. ഓസ്ട്രേലിയയില്‍ 2025 മുതൽ പുതിയ സോഷ്യല്‍ മീഡിയ നിയമം നിലവിൽ വരും.
ഓസ്ട്രേലിയയില്‍ അടുത്ത വര്‍ഷം മുതല്‍ നിയമം ലംഘിച്ചാൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വൻ തുക പിഴ ചുമത്തും. 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം