രണ്ട് പേടകങ്ങള്‍ ചേര്‍ന്ന് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കും; പ്രോബ-3 ഐഎസ്ആര്‍ഒ ഡിസംബര്‍ 4ന് വിക്ഷേപിക്കും

ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3

ISRO to launch ESA Proba 3 mission on December 4

ശ്രീഹരിക്കോട്ട: സൂര്യന്‍റെ ചൂടേറിയ കൊറോണ കവചത്തെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന പ്രോബ-3 ദൗത്യം ഐഎസ്ആര്‍ഒ 2024 ഡിസംബര്‍ 4ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലാണ് (പിഎസ്എല്‍വി) പ്രോബ-3 ബഹിരാകാശത്തേക്ക് കുതിക്കുക എന്നും ഇസ്രൊ അറിയിച്ചു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 4.08നാകും പ്രോബ-3യുടെ വിക്ഷേപണം.  

ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്ന് ഇഎസ്എ അവകാശപ്പെടുന്നു. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 

Read more: അങ്ങനെയാണ് ചൊവ്വയ്ക്ക് രണ്ട് ചന്ദ്രന്‍മാരെ കിട്ടിയത്; ശ്രദ്ധേയമായി പുതിയ പഠനം

യൂറോപ്യന്‍ സ്പേസ് ഏജന്‍സി നിര്‍മിച്ച ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇഎസ്എയുടെ നിര്‍ണായക സൂര്യഗ്രഹണ പരീക്ഷണമാണിത്. പ്രോബ-3 വിക്ഷേപണത്തിനുള്ള അന്തിമ തയ്യാറെടുപ്പുകള്‍ ശ്രീഹരിക്കോട്ടയില്‍ പുരോഗമിക്കുകയാണ്. 

ശ്രീഹരിക്കോട്ടയിലെത്തിയ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സംഘം പിഎസ്എൽവിയില്‍ പേടകങ്ങളുടെ സംയോജനം പൂർത്തിയാക്കുകയും ലോഞ്ചിനുള്ള റിഹേഴ്സൽ വിജയകരമായി നടത്തുകയും ചെയ്തു. ബഹിരാകാശരംഗത്ത് ഇസ്രൊയും ഇഎസ്എയും തമ്മിലുള്ള സഹകരണത്തില്‍ സുപ്രധാനമായ ദൗത്യമാണ് പ്രോബ-3 ദൗത്യം. ഏകദേശം 150 മീറ്റര്‍ വ്യത്യാസത്തില്‍ ഇരു പേടകങ്ങളെയും വേര്‍പെടുത്തുന്ന സങ്കീര്‍ണമായ വിക്ഷേപണം പിഎസ്എല്‍വിയുടെ കരുത്തും ആഗോള ബഹിരാകാശ പര്യവേഷണ രംഗത്ത് ഇസ്രൊയുടെ കുതിപ്പും അടയാളപ്പെടുത്തും. 

Read more: 400 മീറ്ററോളം വലിപ്പം, ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ എന്താകും ഫലം? ഭീമാകാരന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios