ഇന്ത്യയില്‍ നിന്ന് 'സാറ' ഫൈനലില്‍; പ്രഥമ 'മിസ് എഐ' മത്സരത്തിന്‍റെ അന്തിമ പട്ടിക പുറത്ത്
ഇന്ത്യ, ഫ്രാൻസ്, ബംഗ്ലാദേശ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള എഐ നിർമ്മിത മോഡലുകളാണ് പട്ടികയിൽ ഉള്ളത്
മിസ് എഐ മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇൻഫ്ളുവൻസർമാരേയും തെരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന മത്സരമാണ് ഇത്. ഇതിനായി ലോകമെമ്പാടുമുള്ള എഐ കണ്ടന്‍റ് ക്രിയേറ്റർമാർ നല്‍കിയ 1500 അപേക്ഷകളിൽ നിന്നാണ് മനുഷ്യരും എഐ ഇൻഫ്‌ളുവൻസർമാരും അടങ്ങുന്ന പാനൽ അന്തിമ മത്സരാർഥികളെ തെരഞ്ഞെടുത്തത്.
ഇന്ത്യ, ഫ്രാൻസ്, ബംഗ്ലാദേശ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള എഐ നിർമ്മിത മോഡലുകളാണ് പട്ടികയിൽ ഉള്ളത്. റിയാലിറ്റിയെ വെല്ലുന്ന സൗന്ദര്യ രൂപങ്ങളാണ് ഈ മോഡലുകൾ എന്നത് ശ്രദ്ധേയം. യഥാർത്ഥ മനുഷ്യരിൽ കാണാത്തത്ര ഭംഗിയാണ് മോഡലുകള്‍ക്ക് എഐ നൽകുന്നത്. അയാഥാർഥ്യമായ സൗന്ദര്യ സങ്കൽപ്പങ്ങൾ ഇത്തരം എഐ മോഡലുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആണിത്. ചിലർ അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ, ചിലർ ഹിജാബും സാരിയുമെല്ലാം ധരിക്കും. ഓരോ സമൂഹത്തിന്‍റെയും പ്രതിനിധികളായാണ് ഇവർ വേദിയിൽ എത്തുക.
കെൻസ ലയാലി (മൊറോക്കോ), ഐല്യ ലോ (ബ്രസീൽ), ഒലിവിയ സി (പോർച്ചുഗൽ), അന്ന കെർഡി (ഫ്രാൻസ്), സാറാ ശതാവരി (ഇന്ത്യ), ഐയാന റെയിൻബോ (റൊമാനിയ), ലാലിന (ഫ്രാൻസ്), സെറീൻ ഐ (തുർക്കി), അസെന ല്ലിക്ക (തുർക്കി), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നിവരാണ് മത്സരരംഗത്തുള്ള എഐ മോഡലുകള്‍. യഥാർത്ഥ മനുഷ്യരുടെ ചിത്രങ്ങളെ വെല്ലും വിധം അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് എഐ ഇവയെ ഒരുക്കിയിരിക്കുന്നത്.
ലോകത്താകമാനമുള്ള എഐ ക്രിയേറ്റർമാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സാണ് സംഘാടകർ. വിജയികളെ കാത്തിരിക്കുന്നത് 20,000 ഡോളറിന്‍റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ്. ഏപ്രിൽ 14നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിർമിത മോഡലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ക്രിയേറ്റർമാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ക്രിയേറ്റർമാർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കണമെന്നും 18 വയസ് പൂർത്തിയായിരിക്കണമെന്നുമാണ് നിബന്ധനയിൽ പറയുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂൾ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം എന്ന നിബന്ധനയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം