ശബരിമലയില്‍ 48 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ-ഫൈ; എങ്ങനെ കണക്റ്റ് ചെയ്യാം?
ശബരിമലയില്‍ 300 എംബിപിഎസ് വരെ വേഗമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ഒരുക്കി ബിഎസ്എന്‍എല്‍
ശബരിമല: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് നെറ്റ്‌വര്‍ക്ക് ഉറപ്പിക്കാന്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷനുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ അറിയിച്ചു. അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ബിഎസ്എന്‍എല്ലിന്‍റെ ഈ പരിശ്രമത്തിനാകും.
ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പൊതു വൈ-ഫൈ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്.
എങ്ങനെ ഫോണില്‍ ബിഎസ്എന്‍എല്‍ വൈ-ഫൈ സെറ്റ് ചെയ്യാം?
ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും ബിഎസ്എന്‍എല്ലിന്‍റെ വൈ-ഫൈ സേവനം ലഭിക്കാന്‍ ഫോണിലെ വൈ-ഫൈ ഓപ്ഷന്‍ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈ-ഫൈ (BSNL WiFi) എന്ന നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വെബ്‌പേജില്‍ നിങ്ങളുടെ പത്ത് അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിന്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ ഉടനടി ബിഎസ്എന്‍എല്‍ വൈ-ഫൈ ലഭിക്കും.
ശബരിമലയില്‍ ആധുനിക വാര്‍ത്താ വിനിമയ സംവിധാനം ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിരിക്കുന്നത്. ശബരിമലയില്‍ ദേവസ്വം, ആരോഗ്യം, പൊലീസ്, ഫോറസ്റ്റ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെയെല്ലാം സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നൂതന കണക്റ്റിവിറ്റി സൗകര്യങ്ങള്‍ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
Read more: ഇനി സിം ഇല്ലാതെ കോള്‍ വിളിക്കാം; സേവനം ഔദ്യോഗികമായി ആരംഭിച്ച് ബിഎസ്എന്‍എല്‍, പുതു ചരിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം