നാലാമനായി 250 കോടി ക്ലബ്ബില്‍! ശിവകാര്‍ത്തികേയന് മുന്‍പ് ഈ നേട്ടം കൈവരിച്ച തമിഴ് താരങ്ങള്‍
രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസ് ആയാണ് എത്തിയത്
കരിയറില്‍ വലിയ ബ്രേക്ക് നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് ഏതൊരു താരവും കാത്തിരിക്കുന്നത്. ചില ചിത്രങ്ങള്‍ അഭിനേതാക്കളുടെ മുന്നോട്ടുള്ള കരിയറിലെ അടിമുടി മാറ്റിമറിക്കാറുണ്ട്. പ്രഭാസിന് ബാഹുബലിയും യഷിന് കെജിഎഫുമൊക്കെ അത്തരത്തിലുള്ള ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്നാണ് ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം. ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരന്‍ വലിയ വിജയം നേടുമ്പോള്‍ അത് നായക താരത്തിന്‍റെ കരിയറിലും വലിയ വളര്‍ച്ച സൃഷ്ടിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ 250 കോടിയും കടന്ന് മുന്നേറുകയാണ് ചിത്രം. ദീപാവലി റിലീസ് ആയി എത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ടും തിയറ്റര്‍ ഒക്കുപ്പന്‍സിയുമുണ്ട്. ഫാമിലി ഓഡിയന്‍സും കാര്യമായി എത്തുന്നതിനാല്‍ കളക്ഷനില്‍ ഇനിയും നാഴികക്കല്ലുകള്‍ മറികടക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. അതേസമയം സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.
രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍. അതില്‍ വിജയ്ക്കാണ് 250 കോടി ക്ലബ്ബില്‍ കൂടുതല്‍ ചിത്രങ്ങള്‍. ഏഴ് വിജയ് ചിത്രങ്ങളാണ് ഈ നേട്ടം ഇതുവരെ കൈവരിച്ചിട്ടുള്ളത്. ലിയോ, ഗോട്ട്, ബിഗില്‍, വാരിസ്, സര്‍ക്കാര്‍, മെര്‍സല്‍, മാസ്റ്റര്‍ എന്നിവയാണ് അവ. രജനികാന്തിന്‍റെ 2.0, ജയിലര്‍, കബാലി, എന്തിരന്‍ എന്നീ ചിത്രങ്ങളും 250 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തു. ലോകേഷ് കനകരാജിന്‍റെ വിക്രത്തിലൂടെയാണ് കമല്‍ ഹാസന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മണി രത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1, 2 എന്നീ ചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവ സോളോ ഹീറോ ചിത്രങ്ങളായി എണ്ണാനാവില്ല. അതേസമയം അമരന്‍ ഏറ്റവും ചുരുങ്ങിയത് 300 കോടി ക്ലബ്ബിലെങ്കിലും എത്തുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ : നവാഗത സംവിധായകന്‍റെ ചിത്രം; 'ഈ ബന്ധം സൂപ്പറാ' തിയറ്ററുകളിലേക്ക്