15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും; ആമസോണ്‍ ഇന്ത്യയില്‍ ക്വിക് ഡെലിവറി രംഗത്തേക്ക്
ഇന്ത്യയില്‍ ഇതിനകം ബ്ലിങ്കിറ്റിനും സ്സെപ്റ്റോയ്‌ക്കും സ്വിഗ്ഗിക്കും ക്വിക് ഡെലിവറി സേവനമുണ്ട്
ദില്ലി: ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത് പുത്തന്‍ അങ്കത്തിന് കളമൊരുങ്ങുന്നു. ബ്ലിങ്കിറ്റും സെപ്റ്റോയും സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടും സജീവമായ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് ആമസോണും രംഗപ്രവേശം ചെയ്യുകയാണ്. അല്‍പം വൈകിയെങ്കിലും ഏറ്റവും മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ വളരുന്ന ക്വിക് കൊമേഴ്സ് വിപണിയിലേക്ക് ആമസോണും ഇറങ്ങുകയാണ്. ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ കണ്‍ട്രി മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ടെസ്സ് എന്നായിരിക്കും ആമസോണിന്‍റെ ക്വിക് ഡെലിവറി സംവിധാനത്തിന്‍റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നിലവില്‍ 15 മിനിറ്റിനുള്ളില്‍ അവശ്യസാധനങ്ങള്‍ ബ്ലിങ്കിറ്റും സ്സെപ്റ്റോയും സ്വിഗ്ഗിയും എത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ക്ക് മത്സരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ആമസോണിന്‍റെ പുതിയ നീക്കം. ക്വിക് ഡെലിവറിയുടെ പരീക്ഷണം ഈ മാസം അവസാനം ആമസോണ്‍ ബെംഗളൂരുവില്‍ ആരംഭിക്കും. വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി എത്തിക്കാന്‍ ചെറിയ വെയര്‍ഹൗസുകള്‍ (ഡാര്‍ക്ക് സ്റ്റോര്‍) ആമസോണ്‍ ആരംഭിക്കും. എന്നാല്‍ എത്ര ഡാര്‍ക്ക് സ്റ്റോറുകള്‍ ആരംഭിക്കുമെന്നോ ബെംഗളൂരുവിന് പുറമെ മറ്റേത് നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാവുകയെന്നോ ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.
ക്വിക് കൊമേഴ്സ് ഇന്ത്യയില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. വേഗത്തില്‍ സാധനങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ താല്‍പര്യം ഇത് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ക്വിക് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ 91 ശതമാനം പേര്‍ക്കും അറിവുണ്ട് എന്നാണ് മെറ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പലചരക്ക് സാധനങ്ങള്‍, പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് ക്വിക് ഡെലിവറി ആപ്പുകളില്‍ നിന്ന് കൂടുതലായും ആളുകള്‍ വാങ്ങുന്നത്. ദിനേനയുള്ള ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ചിലവാകുന്നത്.
Read more: 'തല' മുഖ്യം; വൻകിട കമ്പനികൾ സിഇഒമാരുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്നത് കോടികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം