18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? റഹീം മോചന കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
കഴിഞ്ഞ തവണയും കേസില്‍ വിധി പറയാന്‍ വേണ്ടി മാറ്റിവെച്ചതോടെ നിരാശയിലായിരുന്നു കുടുംബം. എന്നാല്‍ ഇന്ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കേസ് കോടതി പരിഗണിക്കുന്നത്. പ്രാദേശിക സമയം പന്ത്രണ്ടരയോടെയാണ് റഹീമിന്‍റെ കേസ് കോടതി പരിഗണിക്കുക. കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് നാല് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായമതി വിലയിരുത്തുന്നത്.
മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന അടുത്ത സിറ്റിങിലും വിധി പറഞ്ഞില്ല.
പ്രോസിക്യൂഷന്റെയും റഹീമിന്റെയും ഭാഗം കോടതി ഇതിനോടകം കേട്ടതിനാൽ വിധി നീളില്ലെന്നാണ് പ്രതീക്ഷ. സൗദി ബാലന്റെ മരണത്തിൽ വിശദമായ സത്യവാങ്മേൂലവും കണ്ടെത്തലുകളുമാണ് പ്രോസിക്യൂഷൻ നൽകിയിട്ടുള്ളത്. റഹീമിന് ഇക്കാര്യത്തിൽ പറയാനുള്ളകും കോടതി ഫയലിൽ സ്വീകരിച്ചു. ഇനി ഇവ പരിശോധിച്ചുള്ള കോടതി വിധിയാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ നേരത്തെ റദ്ദായതിനാൽ ഇനി വരുന്ന വിധിയിൽ തടവുശിക്ഷ സംബന്ധിച്ചുള്ള തീരുമാനം നിർണായകമാണ്.
Read Also - മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം; കനത്ത പുക ശ്വസിച്ച് സൗദിയിൽ ആറംഗ കുടുംബത്തിന് ദാരുണാന്ത്യം