എയർപോർട്ടിൽ നിന്നും വാങ്ങിയ 200 രൂപയുടെ ബ്രെഡ് പക്കോഡയില്‍ ചത്ത പാറ്റ; ദുരന്തമെന്ന് സോഷ്യല്‍ മീഡിയ
200 രൂപ കൊടുത്ത് വാങ്ങിയ ബ്രെഡ് പക്കോഡയ്ക്കുള്ളില്‍ നിന്നാണ് യുവാവിന് പറ്റയെ ലഭിച്ചത്. കഫേയിലും എയര്‍പോട്ട് അധികൃതരോടും പരാതി പറഞ്ഞെങ്കിലും ആരും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും യുവാവ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ദീർഘദൂര യാത്രകളിൽ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ഹോട്ടലുകളില്‍ നിന്നും വാങ്ങി കഴിക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ. അടുത്ത കാലത്തായി അനാരോഗ്യകരമായ നിരവധി സംഭവങ്ങളാണ് ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ ഏറെ ഗൗരവകരമായ മറ്റൊരു സംഭവം കൂടി.ജയ്പൂർ ഇന്‍റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടി വന്ന ഒരു യാത്രക്കാരനാണ് കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു ദുരനുഭവം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. വിമാനത്താവളത്തിനുള്ളിലെ ഒരു കടയിൽ നിന്നും വാങ്ങിയ അമിത വിലയുള്ള ബ്രെഡ് പക്കോഡയ്ക്കുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു.
ഡിപി ഗുർജാർ എന്ന യാത്രക്കാരനാണ് എയർപോർട്ട് കഫേയിൽ നിന്ന് ബ്രെഡ് പക്കോഡയും ചായയും ഓർഡർ ചെയ്തത്. ഭക്ഷണ സാധനങ്ങൾ കിട്ടി അത് കഴിച്ചു തുടങ്ങിയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച അദ്ദേഹം കണ്ടത്. ബ്രെഡ് പക്കോഡയിൽ ഒരു ചത്ത പാറ്റ. ഉടൻ തന്നെ സംഭവത്തിന്‍റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും എയർപോർട്ട് അഡ്മിനിസ്ട്രേഷന് പരാതി നൽകുകയും ചെയ്തു.
വിവാഹ വേദിയില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരയുന്ന വധു; വീഡിയോ വൈറല്‍
200 രൂപ വിലയുള്ള ബ്രെഡ് പക്കോഡ കഴിച്ചു തുടങ്ങിയപ്പോൾ തന്നെ തനിക്ക് അരോചകമായി അനുഭവപ്പെട്ടിരുന്നുവെങ്കിലും വിശപ്പ് മൂലമാണ് അത് തുടർന്നും കഴിക്കാൻ തീരുമാനിച്ചത് എന്നാണ് ഗുർജാർ പറയുന്നത്. എന്നാൽ, അതിനുള്ളിൽ നിന്നും ഒരു പാറ്റയെ കണ്ടതോടെ തന്‍റെ സകല നിയന്ത്രണവും വിട്ടു പോയെന്നും അദ്ദേഹം പറയുന്നു. പാറ്റയെ കണ്ടെത്തിയ ഉടൻ തന്നെ കഫേ ജീവനക്കാരോട് താൻ പരാതി പറഞ്ഞെങ്കിലും അവർ അത് മുഖവിലക്കെടുത്തില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. തുടർന്ന് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട താൻ എയർപോർട്ട് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ള അവസരങ്ങളിൽ പ്രതികരിക്കാനുള്ള ഏകമാർഗ്ഗം സമൂഹ മാധ്യമങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗുർജാർ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും പൊതുവിടങ്ങളിലെ ഭക്ഷണ ശുചിത്വ നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.