"അവന്‍റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും; എങ്കിലും അവൻ ചിരിക്കും"; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായ സൂരജിനെക്കുറിച്ച് - കുറിപ്പ്

മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. 

Suraj Venjaramoodu introduces the faceless Kunjappan sooraj viral facebook post
Author
Kochi, First Published Jan 13, 2020, 6:46 PM IST

ഴി‍ഞ്ഞ വർഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച ചിത്രമായിരുന്നു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സിനിമയിലെ റോബോ കുഞ്ഞപ്പനായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ചത്. ആരാണീ റോബോർ‌ട്ട്?, സിനിമയ്ക്ക് വേണ്ടി എവിടുന്നാണ് റോബോട്ടിനെ ഇറക്കുമതി ചെയ്തത്?, ആരാണിതിനെ ഉണ്ടാക്കിയത്? തുടങ്ങി നിരവധി സംശയങ്ങളായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്‍റെ ഉള്ളിൽ. എന്നാൽ, ഈ സംശങ്ങൾക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. സ്വന്തം മുഖം കാണിക്കാതെ ഒരു ‍‍ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സന്തോഷത്തിലാണ് സൂരജ്. അതേസമയം, സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകേണ്ടാന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നതെന്നും രതീഷ് ബാലകൃഷ്ണൻ വെളിപ്പെടുത്തി.

ഇപ്പോഴിതാ ചിത്രത്തില്‍ ആൻഡ്രോയ്ഡ് കുഞ്ഞപ്പനാകുവാന്‍ സൂരജ് സഹിച്ച ത്യാഗങ്ങള്‍ വിവരിക്കുകയാണ് ചിത്രത്തിന്‍റെ സഹസംവിധായകനായ രഞ്ജിത്ത് മഠത്തില്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിൽ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്.


മാസങ്ങൾക്ക് മുന്നേ ഒരുപാട് ഡിസൈനുകൾ ചെയ്ത് ചെയ്ത് ഒടുവിൽ ഒരു അവസാന ഡിസൈനിൽ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറുമായ രതീഷേട്ടൻ എത്തിച്ചേർന്നിരുന്നു. ആ ഡിസൈൻ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകൾക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്മെന്റും ആക്ഷൻസും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയിൽ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി.
അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാൾ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാൾ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാൾ തടി വച്ചിരുന്നു സൂരജ്.
എന്ത് ചെയ്യുമെന്നായി ?

രണ്ടും കൽപ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാൻ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നിൽക്കും. അതിനുള്ളിൽ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോൾ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതൽ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാൾ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കിൽ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകൾ ഒരുപാടുണ്ട്.
ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നിൽക്കും സൂരജ്. കണ്ണിൽ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങൾ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയിൽ സൂരജ് എത്തി.
രതീഷേട്ടന്റെ നിർദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവൻ പഠിച്ചെടുത്തു. പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു.
സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാൻ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കൽ സൂരജിന്റെ കാര്യത്തിൽ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാൽ പിന്നെ അതിനുള്ളിലൂടെ കേൾക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകൾ മുഴുവൻ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങൾക്കുള്ളിൽ മുഴുവൻ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവൻ എല്ലാവരെയും അത്ഭുതപ്പെടുത്തി. വ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )

പിന്നെ ഷൂട്ടിന്റെ ദിനങ്ങൾ... ഏകദേശം ഒരു മണിക്കൂർ വേണം ഇത് മുഴുവനായി ധരിക്കാൻ. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നിൽക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ...സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.

ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകൾ. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമിൽ പോകാൻ തോന്നിയാൽ പിന്നെ മുഴുവൻ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകൾ. ആ മണിക്കൂറുകളത്രയും ഇരിക്കാൻ കഴിയാതെ ഒരേ നില്പ്.
അഴിക്കുമ്പോൾ ചൂട് കൊണ്ട് വിയർത്തൊലിച്ചു നിൽക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവൻ ചിരിക്കും.

അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവൻ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവൻ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊർജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടിൽ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാൻ വന്നപ്പോ എല്ലാ വേദനയും മറന്നവൻ ചിരിച്ചു. അവർക്ക് മുമ്പിൽ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവൻ അഭിനയിച്ചു, നടന്നു, ചിരിച്ചു...

അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടിൽ മുഴുവൻ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവൻ താണ്ടിയത്. എല്ലാ കഷ്ടതയോടും.

ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോൾ അവരാരും അറിയാതെ പോയ യഥാർത്ഥ കുഞ്ഞപ്പനാണവൻ. സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കൾക്കും വേണ്ടി കയ്യടിച്ചപ്പോൾ അവരുടെ മറുതലയ്ക്കൽ അതിന് കാരണക്കാരനായി എതിർ സംഭാഷണങ്ങളും റിയാക്ഷൻസും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച
അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവൻ.

ക്ലൈമാക്സിൽ സുരാജേട്ടന്റെ പെർഫോമൻസിൽ ഏകദേശം മുഴുവൻ ക്രൂവിനും കണ്ണ് നനഞ്ഞപ്പോൾ, തീയേറ്ററിൽ ആ അഭിനയം കണ്ട് നിങ്ങൾ കരഞ്ഞെങ്കിൽ അതിന് കാരണക്കാരൻ അപ്പുറത്ത്" ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് " എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവൻ. അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങൾക്ക് മുമ്പിൽ തുറക്കപ്പെടുമ്പോൾ
ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങൾ മുഴുവൻ കുഞ്ഞപ്പൻ ടീമിനുമുണ്ട്.

( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂർവ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാൻ അവൻ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങൾക്ക് പ്രിയങ്കരനാക്കിയത്....

സൂരജ് നീ അടിപൊളിയാണ്.പരിശ്രമം കൊണ്ടും പ്രയത്നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.
 

Follow Us:
Download App:
  • android
  • ios