നയൻതാര സിൻസ് 1984; ദ വൺ ആൻഡ് ഒൺലി 'ലേഡി സൂപ്പര്‍സ്റ്റാര്‍'

ഇന്ന് 223 കോടി രൂപയുടെ ആസ്‍തി നയൻസിനുണ്ട്. തമിഴ്‌നാട്ടിലും മുംബൈയിലുമായി കോടികൾ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ, ലക്ഷ്വറി കാറുകൾ, പ്രൈവറ്റ് ജെറ്റ്...

Nayanthara Beyond the Fairy Tale Success story of Lady Superstar Nayanthara Birthday Special
Author
First Published Nov 18, 2024, 5:20 PM IST

"നിങ്ങൾ മനസിലാക്കണം. എന്നേപ്പോലുള്ള ആളുകൾക്ക് സിനിമ അതിജീവന പോരാട്ടമാണ്. സ്വന്തം അധ്വാനത്തിലൂടെ മുന്നേറിയെത്തിയ സ്ത്രീയാണ് ഞാൻ. ചലച്ചിത്ര മേഖലയിൽ യാതൊരു ബന്ധങ്ങളുമില്ലാതിരുന്ന എന്നെ ഈ സ്ഥാനത്തെത്തിച്ചത് തൊഴിലിനോട് ഞാൻ കാണിച്ച നെറിയാണ്. അതിനോട് മാത്രമാണ് എന്റെ കടപ്പാട്." തെന്നിന്ത്യൻ സിനിമയിൽ എത്ര സൂപ്പർ സ്റ്റാറുകൾക്ക് ഇങ്ങനെ പറയാനാകും. നയൻതാരയ്ക്കല്ലാതെ...

സിനിമാ ലോകത്തും ആരാധകർക്കിടയിലും ലഭിക്കുന്ന ആദരം മാത്രമല്ല അവരെ സൂപ്പർസ്റ്റാർ ആക്കുന്നത്.  അടിമുടി പ്രൊഫഷണലിസമാണ് നയൻസിന്റെ  മെയിൻ. സ്വയം പരീക്ഷിച്ചും നവീകരിച്ചും മാറ്റിയും മറിച്ചും നേടിയെടുത്തതാണ് ഈ ഒരേയൊരു താരസിംഹാസനം.  


രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ യാത്രയിൽ നയൻതാര നിറയാത്ത ഗോസിപ്പ് കോളങ്ങളില്ല. കേൾക്കാത്ത പഴികളില്ല.. എന്നാൽ അഭിനേത്രി എന്ന നിലയിൽ കൃത്യമായി സ്വയം പ്ലേസ് ചെയ്തു നയൻതാര. കരിയറിലെ അടുത്ത ഫേസിൽ പുരുഷതാരത്തിന്റെ പിന്തുണയേതുമില്ലാതെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്ന സ്റ്റാർഡം. കൂടെ മത്സരിക്കാൻ ഒരു പുരുഷസൂപ്പർസ്റ്റാറിന്റെ സിനിമയുണ്ടെങ്കിലും അവരെ കാണാൻ, അവരുടെ നടിപ്പ് കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ നിറയുന്ന കാഴ്ച.  

കൃത്യമായ സമയത്ത് കൃത്യമായത് ചെയ്യുക, കരിയറിലും ജീവിതത്തിലും നയൻസിന്റെ നിലപാടിതാണ്. അല്ലെങ്കിൽ എങ്ങനെയാണ് നയൻസിന് മുമ്പും പിമ്പും താരറാണിമാരുണ്ടായിട്ടും തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ അവർമാത്രമായത്. ഒറ്റയ്ക്ക് വഴിവെട്ടിയെടുത്തതാണ് ആ താരപദവി. പക്കാ പ്രൊഫഷനലിസം കൊണ്ട് നിശ്ചയദാർഢ്യം കൊണ്ട് ആത്മവിശ്വാസം കൊണ്ട്.. നയൻസിനൊപ്പം സിനിമ ചെയ്‍തവരൊക്കെയും അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തിയതാണ് ആ ആത്മസമർപ്പണം. 

തിരുവല്ലക്കാരിയായ ഡയാന മറിയം കുര്യന് നടിയാകാൻ അതിയായ ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നിയോഗവഴിയിൽ പ്രശസ്‍തിയുടെ വെളളിവെളിച്ചത്തിൽ എത്തിച്ചേരുകയും ചെയ്‍ത ഡയാന പിന്നീട് നയൻതാരയെന്ന താരത്തിലേക്ക് കൂടുമാറി.  ജയറാമിനൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിൽ മികച്ച തുടക്കം. സത്യൻ അന്തിക്കാടും മനസ്സിനക്കരയുടെ തിരക്കഥാകൃത്തും ഒരു പട്ടിക തയ്യാറാക്കുകയും അതില്‍ നിന്ന് ഡയാന തന്നെ തെരഞ്ഞെടുക്കുകയും ചെയ്‍ത പേരാണ് നയൻതാര. പിന്നാലെ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സിനിമകൾ. മനസിനക്കരെയിലെ ഗ്രാമീണ സുന്ദരിയെ ചില ചിത്രങ്ങളിൽ കൂടി പരീക്ഷിച്ചെങ്കിലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മലയാളി പ്രേക്ഷകർ തയ്യാറായില്ല. എന്നാൽ തമിഴിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നയൻസിന്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖ ഇൻഡസ്ട്രികളിലെല്ലാം സൂപ്പർതാരങ്ങൾക്കൊപ്പം നായിക. മഹാവിജയങ്ങളിലേക്ക് പടിപടിയായി നടന്നുകയറിയ നയൻതാരയെ വെല്ലാൻ താരമൂല്യത്തിൻ്റെ കണക്കെടുപ്പിൽ മറ്റൊരു നായികയുമുണ്ടായിട്ടില്ല. നായകനൊപ്പമോ നായകനേക്കാളോ പ്രതിഫലം ഫാങ്ങുന്ന സൂപ്പർ നായിക.

അതിനിടയിലും വിവാദങ്ങളിലെ മുഖമായിരുന്നു നയൻസ്. ചിമ്പുവിനൊപ്പമുള്ള പ്രണയം പിരിഞ്ഞതും നടൻ്റെ ഫാൻസിൽ നിന്ന് സൈബർ ആക്രമണം. പിന്നാലെ പ്രഭുദേവയുമായുള്ള പ്രണയവും വിവാഹിതനായ പുരുഷന്റെറെ ചിത്രം ടാറ്റൂ ചെയ്തതിൻ്റെ പേരിൽ വ്യാപകമായി കേൾക്കേണ്ടി വന്ന പഴിയും. നയൻതാരയുടെ മുഖമുള്ള സിനിമ പോസ്റ്ററുകൾ വഴിനീളെ വലിച്ചുകീറപ്പെട്ടു. തനിക്ക് നേരെ ഉയർന്ന വിവാദങ്ങളെയും പ്രതിഷേധങ്ങളെയും തള്ളിക്കളഞ്ഞ് മുന്നേറിയതാണവർ. 

'ജയിക്കാൻ വേണ്ടി പോരാടുന്ന പെണ്ണുങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ പോരാടി ജയിച്ച നയൻതാരയുമുള്ളത് അഭിമാന നിമിഷമെന്നാണ് ബിഗിൽ സിനിമയുടെ പ്രൊമോഷനിൽ വിജയ് പറഞ്ഞത്. എന്നും മുന്നോട്ട് പോകാൻ നയൻസ് ഒരു പ്രചോദനമാണെന്നാണ് നായികമാരിൽ പലരും പൊതുവേദികളിൽ ആവർത്തിച്ചത്. പുരുഷ സൂപ്പർതാരങ്ങളുടെ കട്ടൗട്ടുകൾ മാത്രമുയർന്ന ചെന്നൈയിലെ തിയേറ്റർ പരിസരങ്ങളിൽ നയൻസിന്റെ ഭീമൻ ഫുൾസൈസ് കട്ടൗട്ട് കാറ്റേതുമേശാതെ നിന്നത് കൺകുളിർക്കെ കണ്ടു പ്രേക്ഷകർ. സൂപ്പർസ്റ്റാർ നയൻസിന്റെ നാല്പതാം ജന്മദിനത്തിലാണ് 'നയൻതാര ബിയോണ്ട് ഫെയറിടെയിൽ' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പുറത്തെത്തിച്ചിരിക്കുന്നത്.

2015ൽ ഷൂട്ടിങ്ങിനിടെ യുവസംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള പരിചയം പ്രണയവും 2022ൽ വിവാഹത്തിലുമെത്തി. ഒരുവർഷത്തിനിപ്പുറം വാടക ഗർഭപാത്രത്തിലൂടെ ഉയിരിന്റെയും ഉലകിന്റെയും ജനനം. ഈ കാലയളവിലും നയൻസിന്റെ വ്യക്തി ജീവിതം വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു. സ്വയമേ ഒരു ബ്രാന്റായി അവതരിപ്പിക്കാൻ കരിയറിലുടനീളം നയൻസ് കാണിച്ച സൂക്ഷ്‍മതയുടെ കൂടി ഭാഗമായായിരിക്കണം സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം. സമീപകാലത്താണ് താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി ഫോട്ടോകൾ പങ്കുവെച്ച് തുടങ്ങിയത്. അതും സ്വന്തം ബ്യൂട്ടി ബ്രാൻഡ് ലോഞ്ചിന് മുന്നോടിയായി.  

മലയാളത്തിൽ സ്വീകാര്യത നേടാനാകാതെ പോയെങ്കിലും ഇവിടുത്തെ സൂപ്പർസ്റ്റാറുകളേക്കാളും മുകളിലാണ് ഇന്ന് നയൻസിന്റെ പ്രതിഫലം. അഭിനയ ജീവിതത്തിന്റെ 21 വർഷങ്ങൾക്കിപ്പുറം കിങ് ഖാനൊപ്പം നിൽക്കുകയാണ് താരറാണി. അപാരസിദ്ധിയുളള അഭിനേത്രിയാണെന്ന് താനെന്ന് അവർപോലും പറയാനിടയില്ല. എന്നുകരുതി നയൻതാരയൊരു ശരാശരി നടിയുമല്ല. ചന്ദ്രമുഖി, രാജ റാണി, മായ, നാനും റൗഡി താൻ, കൊലമാവ് കോകില, ആരം, ഡോറ, നെട്രികൻ പോലെ എണ്ണിയെണ്ണി പറയാം നയൻസിന്റെ മികച്ച പ്രകടനങ്ങളെ. 

2003ൽ ആരംഭിച്ച കരിയർ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഇന്ന് 223 കോടി രൂപയുടെ ആസ്‍തി നയൻസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ. തമിഴ്‌നാട്ടിലും മുംബൈയിലുമായി കോടികൾ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ, ലക്ഷ്വറി കാറുകൾ, പ്രൈവറ്റ് ജെറ്റ് അങ്ങനെ ആഢംബരത്തിനൊരു കുറവുമില്ലാത്ത താരജീവിതം. താനിഷ്‍ക, പോത്തീസ്, വാക്ക്മേറ്റ്, ടാറ്റ സ്കൈ പോലെ പത്തോളം ബ്രാൻഡുകളുടെ അംബാസിഡർ. ബ്രാൻഡ് എൻഡോഴ്സ്മെൻന്റിന് അഞ്ച് മുതൽ ഏഴ് കോടി രൂപവരെയാണ് നയൻസ് പ്രതിഫലമായി കൈപ്പറ്റുന്നത്. 

മുൻകാലങ്ങളിൽ താരങ്ങളായി വിലസിയ നായികമാരിൽ നിന്ന് നയൻസ് വ്യത്യസ്‍തയാകുന്നത് അവരുടെ സിനിമകളെ കോടി കോടി ക്ലബ്ബുകളിൽ കയറ്റാൻ നായകനടൻ്റെ പിന്തുണയേതും വേണ്ടതില്ലെന്നതുകൊണ്ടാണ്. ജനികാന്ത് തന്നെ നായകനായി വന്നാലും നയൻതാരയുടെ സാന്നിധ്യം സിനിമയ്ക്ക് മേലുള്ള പ്രതീക്ഷയും ഇനിഷ്യൽ കളക്ഷനും വർധിപ്പിക്കും. അഭിനയത്തിന്റെ മേന്മയ്ക്കപ്പുറം തെന്നിന്ത്യൻ പ്രേക്ഷകസമൂഹത്തിന് ആരാധന തോന്നും വിധമാണ് വ്യക്തിയെന്ന നിലയിൽ ബ്രാൻഡ് എന്ന നിലയിൽ നയൻസിന്റെ വളർച്ച. 

നയൻതാരയ്ക്കൊപ്പം ചേർത്ത് വെയ്ക്കാൻ കഴിയുന്ന വാക്കാണ് സക്സസ്. പ്രതിസന്ധികളെ സമചിത്തതയോടെ നേരിട്ട്, നിമിഷാർദ്ധം കൊണ്ട് വന്മരങ്ങൾ മുളയ്ക്കുകയും വീഴുകയും ചെയ്യുന്ന ഒരു ഇൻഡസ്ട്രിയിൽ അവർ വലിയൊരു ഇടമുണ്ടാക്കിയെടുത്തു. നയൻതാര സ്ത്രീകൾക്ക് മാത്രം മാതൃകയാക്കാവുന്ന, പ്രചോദനമാകുന്ന വ്യക്തിത്വമല്ല. അവരിൽ നിന്ന് പഠിക്കാൻ പലതുമുണ്ട്. ആകാശമാണോ സ്വപ്നങ്ങളുടെ പരിധിയെന്ന് ചോദിച്ചാൽ, ആകാശത്തോളമെത്തുന്ന വിജയങ്ങളാണ് തിരുവല്ലക്കാരി ഡയാന കുര്യൻ ഇക്കാലം കൊണ്ട് നേടിയെടുത്തത്. അപ്പോൾ ആകാശം തന്നെയാകണം അവരുടെ സ്വപ്‍നങ്ങൾക്ക് പരിധി നിശ്ചയിക്കുക.

Follow Us:
Download App:
  • android
  • ios