1984ൽ നേടിയത് 54 കോടി, ഹോളിവുഡിൻ്റെ ക്ലാസിക് 'ടെർമിനേറ്റർ'; എഐ സ്കൈനെറ്റാകാൻ ഇനിയെത്ര ദൂരം?

നാല്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രവചനമെന്നോണം കാമറൂൺ പറഞ്ഞുവച്ച കഥ ഇന്ന് നമുക്ക് മുന്നിൽ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നു. സ്കൈനെറ്റ് എന്ന സൂപ്പർ ആർട്ടിഫിഷ്യൽ സംവിധാനം സ്വയം തീരുമാനങ്ങളെടുക്കും പോലെ നിലവിലെ എഐ സംവിധാനം പ്രവർത്തിച്ച് തുടങ്ങുന്ന കാലം..

40 years of classic science fiction movie the terminator 1984 by james cameron
Author
First Published Oct 31, 2024, 10:37 AM IST

ഇന്നത്തെ ഫിക്ഷൻ നാളത്തെ റിയാലിറ്റിയാണെന്നല്ലേ പറയുക. മഹാന്മാരായ കലാകാരന്മാർ ദീർഘദർശികളാണ്. ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ക്ലാസിക് സയൻസ്ഫിക്ഷൻ ചിത്രം ടെർമിനേറ്റർ പ്രദർശനത്തിനെത്തിയിട്ട് 40 വർഷം കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസികളിലാണ് ടെർമിനേറ്ററിൻ്റെ സ്ഥാനം. സയൻസ് ഫിക്ഷനിലും ആക്ഷനിലും വിഎഫ്എക്സിലും പുതിയൊരു ഭാവുകത്വം കൊണ്ടുവന്ന ചിത്രം.. അർണോൾഡിൻ്റെ കില്ലർ റോബോട്ടിക് മാനറിസങ്ങളും 'ഐ വിൽ ബി ബാക്ക്' എന്ന ഡയലോഗും എല്ലാകാലത്തും പ്രേക്ഷകർ ഓർത്തിരിക്കും..

അർനോൾഡ് ഷ്വാർസെനെഗർ, ലിൻഡ ഹാമിൽട്ടൺ, മൈക്കൽ ബീഹൻ, മൈക്കിൾ എഡ്വേർഡ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ദി ടെർമിനേറ്റർ പ്രദർശനത്തിനെത്തുന്നത് 1984 ഒക്ടോബർ 26നാണ്. ആണവയുദ്ധത്തിന് തുടക്കമിട്ടുകൊണ്ട് ലോകത്തെ കീഴടക്കിയ സ്കൈനെറ്റ് എന്ന സൂപ്പർ-ഇൻ്റലിജൻ്റ് എഐ സിസ്റ്റത്തെക്കുറിച്ചുള്ളതാണ് ഇതിവൃത്തം. 2029ലെ ലോസ് ആഞ്ചലസിലാണ് കഥ തുടങ്ങുന്നത്. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള യുദ്ധം പതിറ്റാണ്ടുകളായി തുടരുകയാണ്. റോബോട്ടുകളെ അതിജീവിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ജോൺ കോണറിൻ്റെ നേതൃത്വത്തിൽ ശ്രമം നടത്തുന്നു.

പിന്നീട് കഥ തുടരുന്നത് 1984ലാണ്. ജോൺ കോണറിൻ്റെ ജനനം തടയുന്നതിനുവേണ്ടി അവൻ്റെ അമ്മ സാറ കോണറിനെ കൊല്ലാൻ സ്കൈനെറ്റ് ഒരു സൈബർഗ് റൊബോട്ടിനെ, അതായത് അർനോൾഡിൻ്റെ ടെർമിനേറ്ററിനെ അയക്കുന്നു. സാറയെ സംരക്ഷിക്കാൻ 2029ൽ നിന്ന് കൈൽ റീസും എത്തുന്നു. പിന്നീട് ടെർമിനേറ്ററിൽ നിന്ന് രക്ഷപ്പെടാൻ കൈലും സാറയും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം. ടെർമിനേറ്റർ ബോംബ് സ്ഫോടനത്തിൽ നശിച്ച് പോകുമെങ്കിലും കൈലിനും അപകടത്തിൽ ജീവൻ നഷ്ടമാകുന്നു. സാറയുടെയും കൈലിൻ്റെയും മകനായാണ് ജോൺ കോണർ ജനിക്കുന്നത്. ടെർമിനേറ്ററിൻ്റെ കഥയെ ചുരുക്കത്തിൽ ഇങ്ങനെ പറയാം. എന്നാൽ ആർട്ടിഫിഷൽ ഇൻ്റലിജൻസോ റോബോട്ടിക് വാർഫെയർ എന്ന ആശയമോ പരിചിതമല്ലാതിരുന്ന കാലത്ത് സയൻസിൻ്റെയും ടെക്നോളജിയുടെയും സാധ്യതതകളെ മുന്നിൽകണ്ട് കാമറൂൺ ഒരുക്കിയ മാസ്റ്റർ പീസാണ് ടെർമിനേറ്റർ.

ഇന്ന് എഐ വികസിപ്പിച്ചെടുക്കുന്ന കമ്പനികൾ അവരുടെ സാങ്കേതികവിദ്യ മനുഷ്യരേക്കാൾ വേഗത്തിലും കൃത്യയോടെയും ചുമതലകൾ നിർവഹിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്ലാസ് മുറികൾ മുതൽ ബഹിരാകാശ യാത്രയിൽ വരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മനുഷ്യ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. വ്യക്തതയില്ലാത്ത ഡാറ്റയിൽ നിന്ന് പാറ്റേണുകൾ കണ്ടെത്താൻ എഐ-ക്ക് കഴിയും. മനുഷ്യരെക്കാൾ നന്നായി ഡിസിഷൻ മെക്കിങ് നടത്താൻ എഐക്കാകുന്നതും ഇതുകൊണ്ടാണ്. സോഫ്റ്റ്വെയർ പ്രോഗ്രാമിങ് പോലുള്ള ജോലികളിൽ നിന്ന് ഇതിനോടകം എഐ മനുഷ്യനെ മാറ്റിനിർത്തിക്കഴിഞ്ഞു. യുദ്ധം മുതൽ ലോക സമ്പദ് വ്യവസ്ഥവരെ മാറ്റിമറിക്കാൻ തയ്യാറായി ബഹുദൂരം മുന്നിലേക്ക് പായുകയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്.

എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നായാണ് ടെർമിനേറ്റർ വിലയിരുത്തപ്പെടുന്നത്. ബോക്സ് ഓഫീസിൽ 6.4 മില്ല്യൺ ഡോളർ അതായത് 54 കോടിക്കടുത്താണ് സിനിമ നേടിയ കളക്ഷൻ. 1984ലെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്തുള്ള കണക്കാണിതെന്നോർക്കണം. ആകെ ബജറ്റിൻ്റെ 12 ഇരട്ടിയിലധികമായിരുന്നു സിനിമയുടെ കളക്ഷൻ. എഐയുടെ അപകടത്തെക്കുറിച്ച് 1984ലേ തന്നെ മുന്നറിയിപ്പ് നൽകിയതാണെന്ന് അഭിമുഖങ്ങളിൽ പോലും ആവർത്തിച്ച ജെയിംസ് കാമറൂൺ സ്റ്റെബിലിറ്റി എഐ എന്ന ആർട്ടിഫിഷൽ ഇൻ്റലിജൻസ് കമ്പനിയുടെ ബോർഡ് അംഗമായത് 2024 സെപ്റ്റംബറിലാണ്. ഹോളിവുഡിൽ തിരക്കഥ രചന ഉൾപ്പെടെയുള്ള ക്രിയേറ്റീവ് വിഭാഗങ്ങളിൽ ഐഐ ഉപയോഗം വർധിച്ചതോടെ ജോലി നഷ്ടമാകുന്നുവെന്ന് കാണിച്ച് സിനിമ പ്രവർത്തകർ സമരവുമായി തെരുവിലിറങ്ങിയിട്ടും അധികമായിട്ടില്ല. അതുകൊണ്ടൊക്കെ തന്നെ ഈ സ്ഥാനാരോഹണം കാമറുൺ ആരാധകർക്കിടയിൽ വലിയ അനിഷ്ടത്തിന് കാരണമായിരുന്നു. മനുഷ്യൻ്റെ അസ്തിത്വത്തെ സംബന്ധിച്ചു തന്നെ വെല്ലുവിളിയുയർത്തുന്ന സാങ്കേതിക വിദ്യയാണ് 7 ടെർമിനേറ്റർ സിനിമകളും ചർച്ച ചെയ്യുന്നതെന്നും സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഗണ്യമായ നേട്ടങ്ങളിൽ നിന്ന് ചർച്ചകളെ വഴിതിരിച്ചുവിടുന്നതായും ആക്ഷേപമുണ്ടായിട്ടുണ്ട്.  

മനുഷ്യൻ അവൻ്റെ സങ്കല്പങ്ങളെ യാഥാർത്ഥ്യമാക്കിയെടുത്ത കുറേയധികം അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. യന്ത്രങ്ങളും വിമാനങ്ങളും ബഹിരാകാശ യാത്രയും നിരത്തിലോടുന്ന ഡ്രൈവറില്ലാ കാറും പണ്ടൊരുകാലത്ത് ഫിക്ഷനായിരുന്നു. വികാരങ്ങളോ സഹാനുഭൂതിയോ ധാർമികതയോ ഇല്ലാത്തതിനാൽ എഐ-ക്ക് വലിയ പരിമിതികളുണ്ടെന്നാണ് ചിലർ വാദിക്കുന്നത്. അപ്പോഴും തീരുമാനമെടുക്കുന്നതിൽ മനുഷ്യരെ സഹായിക്കാൻ എഐ ഉപയോഗിക്കാമെന്ന് പറയുന്നവരുമുണ്ട്.

എഐ അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മനുഷ്യ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞ ഈ കാലത്തിൽ നിന്ന് കാമറൂൺ പറഞ്ഞ എഐ ഭരിക്കുന്ന കാലത്തിലേയ്ക്ക് എത്ര ദൂരമുണ്ടാകും.. നാല്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രവചനമെന്നോണം കാമറൂൺ പറഞ്ഞുവച്ച കഥ ഇന്ന് നമുക്ക് മുന്നിൽ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നു. സ്കൈനെറ്റ് എന്ന സൂപ്പർ ആർട്ടിഫിഷ്യൽ സംവിധാനം സ്വയം തീരുമാനങ്ങളെടുക്കും പോലെ നിലവിലെ എഐ സംവിധാനം പ്രവർത്തിച്ച് തുടങ്ങുന്ന കാലമുണ്ടാകുമോ.. നിർമിത ബുദ്ധി മാനവരാശിക്ക് എതിരാകുമെന്ന പ്രവചനപരമായ ഭയാശങ്കകൾ ഊതിപ്പെരുപ്പിച്ചതാണെന്ന വാദഗതികൾക്കാണ് ബലം കൂടുതൽ. ശാസ്ത്രീയ അടിത്തറയോടെ ഇത് സമർഥിക്കുന്ന നിരവധി ശാസ്ത്രജ്ഞരുണ്ട്.

Follow Us:
Download App:
  • android
  • ios