'സ്‍മാക്': ഇത്തവണ സംവിധായികയ്‍ക്കും പ്രത്യേക അവാര്‍ഡ്, എൻട്രികള്‍ അയയ്‍ക്കാം


വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

SMAK is honoring female director award as a different category for the first time

മലയാളം ഹ്രസ്വ ചിത്രങ്ങള്‍ക്കായുള്ള ഏറ്റവും വലിയ വേദിയായ 'സ്‍മാകി'ല്‍ (SHORT MOVIE AWARDS KERALA) വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്കായി പ്രത്യേക പാക്കേജ്.  സംവിധായികയ്‍ക്കുള്ള അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഹ്രസ്വ ചിത്രങ്ങള്‍ അയക്കാം. ജൂലൈ 15 ആണ് എൻട്രികള്‍ അയക്കാനുള്ള അവസാന തിയ്യതി. അബുദാബിയില്‍ ഓഗസ്റ്റ് രണ്ടിനാണ് അവാര്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ആണ് ഡിജിറ്റല്‍ മീഡിയ പാര്‍ട്‍ണര്‍.

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച സംവിധായിക എന്നീ രണ്ട് വിഭാഗങ്ങളിലായിരിക്കും സ്‍മാക്കില്‍ ഇത്തവണ അവാര്‍ഡുകള്‍ നല്‍കുക.  പ്രമുഖ സിനിമ നിർമ്മാണ കമ്പനികളായ എവിഎ പ്രൊഡക്ഷൻസ്, മക്വിട്രോ, മാജിക് ഫ്രെയിംസ്, ആഡംസ് വേള്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെ സംവിധായകരായ റോഷൻ ആൻഡ്രൂസ്, സിദ്ദിക്ക്, നിര്‍മ്മാതാവ് എ വി അനൂപ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‍മാക് സംഘടിപ്പിക്കുന്നത്.  സംവിധായകരായ എം പദ്‍മകുമാര്‍, മഹേഷ് നാരായണൻ, മിഥുൻ മാനുവല്‍ തോമസ് എന്നിവരാണ് ജൂറി. അവാര്‍ഡ് ജേതാക്കള്‍ക്ക് യുഎഇയില്‍ നടക്കുന്ന അവാര്‍ഡ് ഫിനാലെയില്‍ (മൂന്ന് മണിക്കൂര്‍ നീളുന്ന സ്റ്റേജ് ഷോ) പങ്കെടുക്കാൻ അവസരം ലഭിക്കും. യാത്ര, താമസ സൌകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കും. മത്സരത്തില്‍ ആദ്യമെത്തുന്ന 20 പേര്‍ക്ക് ജൂറിയുമായി തിരക്കഥകള്‍ ചര്‍ച്ച ചെയ്യാനും അവസരമൊരുക്കും. മത്സരത്തില്‍ മുൻനിരയിലെത്തുന്ന 18 റണ്ണര്‍ അപ്പുകള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന്റെ തിയ്യതി ഉടൻ പ്രഖ്യാപിക്കും.

സ്‍മാക് ഷോയില്‍ ഇത്തവണ യൂത്ത് ഐക്കണ്‍ അവാര്‍ഡുകളും വിതരണം ചെയ്യും. ക്വീനിലെ അഭിനയത്തിന് ധ്രുവനും സാനിയ ഇയ്യപ്പനുമാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായിരിക്കുന്നത്.

ഇരുപത് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ് അവാര്‍ഡിന് പരിഗണിക്കുക.

എൻട്രികള്‍ smakawards@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ www.smakawards.com എന്ന വെബ്‍സൈറ്റു വഴിയോ അയക്കാവുന്നതാണ്. 2000 രൂപയാണ് രജിസ്‍ട്രേഷൻ ഫീസ്. സ്‍മാക് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള വിശദമായ നിയമാവലിക്കായി www.smakawards.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios