ബഹിരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ; വിക്ഷേപണ വാഹന നിർമ്മാണത്തിലേക്കും ഉപഗ്രഹ നിർമ്മാണത്തിലേക്കും സ്വകാര്യ മേഖല
സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിർമ്മാണ മേഖലകളിൽ കൂടുതൽ അവസങ്ങൾ ലഭ്യമാകും, നിലവിൽ ഇസ്രൊക്കാവശ്യമായ ചില നിർമ്മാണ പ്രവർത്തികൾ സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം.
ബെംഗളൂരു: ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്ന് നൽകി ഇന്ത്യ. വിക്ഷേപണ വാഹന നിർമ്മാണവും ഉപഗ്രഹ നിർമ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സർക്കാരിതര സ്ഥാപനങ്ങൾക്ക് കടന്നു വരാമെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അറിയിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ എറ്റവും സുപ്രധാനമായ മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്റ്റാർട്ടപ്പുകൾക്കും, സ്വകാര്യ കമ്പനികൾക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ ശക്തമായി ഇടപെടൽ നടത്താനാകും. രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് ഡോ ശിവൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.
തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബഹിരാകാശ മേഖല പുത്തൻ ഉണർവുണ്ടാക്കുമെന്നും കൂടതൽ ജോലികൾ സൃഷ്ടിക്കുമെന്നും പറഞ്ഞ കെ ശിവൻ ഇതോട് കൂടി ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തിൽ പ്രധാനിയായി മാറുമെന്ന് കൂട്ടിച്ചേർത്തു. ഇന്നലെ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയ ഇൻ സ്പേസ് എന്ന പുതിയ ഉന്നതാധികാര സമിതിയായിരുക്കും സ്വകാര്യ മേഖലയുടെ ഇടപെടലുകൾ സംബന്ധിച്ച നിയന്ത്രണങ്ങളും മാർഗ നിദ്ദേശങ്ങളും തയ്യാറാക്കുക.
ഒരു ദേശീയ നോഡൽ ഏജൻസിയെന്ന നിലയിലായിരിക്കും ഇൻ സ്പേസ് പ്രവർത്തിക്കുക, സാങ്കേതിക, നിയമ, സുരക്ഷാ വശങ്ങൾക്കായി ഇൻ സ്പേസിന് പ്രത്യേക ഡയറക്ടറേറ്റുകൾ ഉണ്ടാകും. ഇസ്രൊയുടെ സാങ്കേതിക വൈദഗ്ദ്യവും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യമേഖലയക്ക് ഉപയോഗപ്പെടുത്താനാവും ഇത് സംബന്ധിച്ച അനുമതികളും ഇൻ സ്പേസ് വഴിയായിരിക്കും.
സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിർമ്മാണ മേഖലകളിൽ കൂടുതൽ അവസങ്ങൾ ലഭ്യമാകും, നിലവിൽ ഇസ്രൊക്കാവശ്യമായ ചില നിർമ്മാണ പ്രവർത്തികൾ സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം.
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന് ചുമതലകളിലും മാറ്റമുണ്ടായിട്ടുണ്ട്. എൻഎസ്ഐലിനെ കൂടുതൽ ശക്തിപ്പെടുത്തുകയും വിക്ഷേപണ വാഹന നിർമ്മാണത്തിലടക്കും കൂടുതൽ ഇടപെടലുകൾ നടത്താനും കമ്പനിയെ പ്രാപ്തമാക്കും. ഇതോടെ ഗവേഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രൊയ്ക്ക് കഴിയുമെന്ന് ഇസ്രൊ ചെയർമാൻ പറഞ്ഞു.