ബഹിരാകാശം കീഴടക്കുന്ന നൂറാം വനിത, ചരിത്രമെഴുതി എമിലി കലൻഡ്രെല്ലി; ബ്ലൂ ഒറിജിന്‍ ദൗത്യം വിജയം

ആറ് ബഹിരാകാശ ടൂറിസ്റ്റുകളെയാണ് ഇത്തവണ ബ്ലൂ ഒറിജിന്‍ ബഹിരാകാശം സന്ദര്‍ശിക്കാനായി അയച്ചത് 

Blue Origin successfully completed NS 28 mission as Emily Calandrelli became 100th woman in space

ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ജെഫ് ബെസോസിന്‍റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ബ്ലൂ ഒറിജിന്‍. ആറ് ബഹിരാകാശ സഞ്ചാരികളുമായി ബ്ലൂ ഒറിജിന്‍റെ എന്‍എസ്-28 ദൗത്യം വിക്ഷേപണത്തിന് ശേഷം വിജയകരമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. മനുഷ്യനെ വഹിച്ച് കൊണ്ടുള്ള ബ്ലൂ ഒറിജിന്‍റെ ഒന്‍പതാമത്തെ ദൗത്യവും ആകെ 28-ാം ന്യൂ ഷെപാര്‍ഡ് പോഗ്രാമുമാണിത്. ബ്ലൂ ഒറിജിന്‍ 2024ല്‍ അയച്ച മൂന്നാം ബഹിരാകാശ പേടകം കൂടിയാണിത്. ദൗത്യത്തിന്‍റെ ഭാഗമായിരുന്ന ശാസ്ത്ര വിദ്യാഭ്യാസ പ്രവര്‍ത്തകയും പ്രശസ്ത അവതാരകയുമായ എമിലി കലൻഡ്രെല്ലി ബഹിരാകാശത്ത് എത്തുന്ന നൂറാം വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതാണ് ബ്ലൂ ഒറിജിന്‍റെ ഈ യാത്രയെ ഏറ്റവും സമ്പന്നമാക്കിയത്. 

ബ്ലൂ ഒറിജിന്‍റെ വെസ്റ്റ് ടെക്‌സസിലെ തറയില്‍ നിന്ന് ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്കായിരുന്നു എന്‍എസ്-28 ദൗത്യത്തിന്‍റെ വിക്ഷേപണം. എമിലി കലൻഡ്രെല്ലി, മാര്‍ക് ഹാഗിള്‍, ഷാരോണ്‍ ഹാഗിള്‍, ഓസ്റ്റിന്‍ ലിറ്റെറല്‍, ജയിംസ് (ജെ.ഡി) റസല്‍, ഹെന്‍‌റി (ഹാങ്ക്) വോള്‍ഫോണ്ട് എന്നിവരായിരുന്നു ദൗത്യത്തിലെ സഞ്ചാരികള്‍. ഇവരില്‍ ദമ്പതികളായ മാര്‍ക് ഹാഗിളും ഷാരോണ്‍ ഹാഗിളും രണ്ടാം തവണയാണ് ബ്ലൂ ഒറിജിനില്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 2022 മാര്‍ച്ചിലായിരുന്നു ഇവരുടെ ആദ്യ ബഹിരാകാശ സന്ദര്‍ശനം. 

എമിലി കലൻഡ്രെല്ലി ബഹിരാകാശത്തെ 100-ാം വനിത

ബഹിരാകാശം കീഴടക്കുന്ന നൂറാം വനിത എന്ന റെക്കോര്‍ഡിട്ട എമിലി കലൻഡ്രെല്ലി യുഎസില്‍ ഇതിനകം അറിയപ്പെടുന്ന വ്യക്തിയാണ്. വെസ്റ്റ് വിർജീനിയയില്‍ ജനിച്ച എമിലിക്ക് 38 വയസാണ് ഇപ്പോള്‍ പ്രായം. 'ദി സ്പേസ് ഗേള്‍' എന്നാണ് വിളിപ്പേര്.

ലോക പ്രസിദ്ധമായ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ എമിലി, എമ്മി അവാര്‍ഡില്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ള ടെലിവിഷന്‍ അവതാരകയാണ്. നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് ചെയ്ത വിദ്യാഭ്യാസ ടെലിവിഷൻ പരമ്പരയായ എമിലിസ് വണ്ടർ ലാബിന്‍റെ അവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. പെണ്‍കുട്ടികളെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് മേഖലകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ ടെലിവിഷൻ പരമ്പരയായിരുന്നു എമിലിസ് വണ്ടർ ലാബ്. ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് നക്ഷത്രങ്ങളെ സന്ദര്‍ശിക്കാനുള്ള പ്രചോദനമാണ് എന്‍റെ ഈ യാത്ര എന്നാണ് ബഹിരാകാശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം എമിലിയുടെ പ്രതികരണം. 

Read more: സുനിത വില്യംസിന്‍റെ മടക്കം വൈകുന്നു; ചർച്ചയായി ബഹിരാകാശത്തെ ഫാർമസിയും ജിമ്മും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios