കൊവിഡ് എങ്ങനെ ഭൂമിയെ മാറ്റി; 'ആകാശകണ്ണുകളിലെ' സത്യങ്ങള്‍ ഒറ്റയിടത്ത് കാണാം
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ സ്പേസ് ഏജന്‍സി ജക്സ എന്നിവ ഒത്തുചേര്‍ന്നാണ് ഇത്തരം ഒരു ഡാഷ്ബോര്‍ഡ് ഉണ്ടാക്കിയിക്കുന്നത്.
ദില്ലി: ഭൂമിയിലെ ഒരോ ചലനങ്ങളും ആകാശത്ത് നിന്നും ഒപ്പിയെടുക്കുന്നുണ്ട് മനുഷ്യന്‍ തന്നെ നിര്‍മ്മിച്ച് ആയച്ച കൃത്രിമോപഗ്രഹങ്ങള്‍. ഇപ്പോള്‍ ലോകചരിത്രത്തിലെ വലിയ പ്രതിസന്ധിയെ ഭൂമിയിലെ മനുഷ്യ സമൂഹം നേരിടുമ്പോള്‍ അത് ഭൂമിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒപ്പിയെടുത്ത കൃത്രിമോപഗ്രഹങ്ങള്‍ നല്‍കുന്ന ഡാറ്റ ഏകോപിക്കുന്നുണ്ട് ഒരിടത്ത്. അതിനായി ഒരു ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ സ്പേസ് ഏജന്‍സി ജക്സ എന്നിവ ഒത്തുചേര്‍ന്നാണ് ഇത്തരം ഒരു ഡാഷ്ബോര്‍ഡ് ഉണ്ടാക്കിയിക്കുന്നത്. സമഗ്രമായ വിവരങ്ങളാണ് ഈ ഡാഷ് ബോര്‍ഡ് ഉള്‍ക്കൊള്ളുന്നത്. എങ്ങനെയാണ് കൊവിഡ് ലോകത്തിലെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിച്ചത്, ഷിപ്പിംഗ് മേഖലയെ ബാധിച്ചത്, കാര്‍ഷിക ഉത്പാദനത്തെ ബാധിച്ചത്, രാത്രി വെളിച്ചത്തെ ബാധിച്ചത്, വായുമലിനീകരണത്തെ എങ്ങനെ സ്വദീനിച്ചു ഇങ്ങനെ സമഗ്രമായ വിവരങ്ങള്‍ ഇവിടെ ലഭിക്കും.
ഇതില്‍ ഇപ്പോള്‍ ഒരു വിഷയം പ്രത്യേകം എടുത്ത് നമ്മുക്ക് വിവരങ്ങള്‍ വിശകലനം ചെയ്യാം. ഇന്ത്യയിലെ വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കാം. ലോക്ക് ഡൌണ്‍കാലത്ത് ഇന്ത്യയിലെ വായു ഗുണനിലവാരം ഉയര്‍ന്നു എന്നാണ് ഇതിലെ ഡാറ്റ കാണിക്കുന്നത്. ദില്ലിയും മുംബൈയും പോലുള്ള വലിയ പട്ടണങ്ങളില്‍ പോലും മാറ്റങ്ങള്‍ കാണാം.
മഹാമാരി ഒരു കൂട്ടം മനുഷ്യരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, അതിന് ആഗോള പ്രത്യഘാതങ്ങള്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ അത് ആകാശത്ത് നിന്നും കഴിയുന്ന രീതിയില്‍ രേഖപ്പെടുത്തണം എന്ന ആശയമാണ് ലോകത്തിലെ മുന്‍നിര മൂന്ന് സ്പേസ് ഏജന്‍സികള്‍ അവരുടെ പരാമവധി കഴിവുകള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്നത്- ഡാഷ് ബോര്‍ഡ് സംബന്ധിച്ച് നാസ സയന്‍സ് മിഷന്‍ മേധാവി തോമസ് സുര്‍ബച്ചിന്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധി അവസാനിച്ചാലും ഈ ഡാഷ് ബോര്‍ഡ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോള്‍ വിവിധ ഏജന്‍സികള്‍ നല്‍കുന്ന സൂചന.