പകല്‍ സമയത്ത് ശുക്രഗ്രഹം ദൃശ്യമായി; അപൂര്‍വ്വദൃശ്യത്തിന് സാക്ഷിയായി ജയ്പൂര്‍
ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് പകല്‍ വെളിച്ചത്തില്‍ ശുക്രന്‍ ദൃശ്യമായത്. രാജസ്ഥാനിലെ ജയ്പൂരിലെ ബിഎം ബിര്‍ള പ്ലാനറ്റോറിയം അസിസ്റ്റന്‍റ് ഡയറക്ടര്‍ സന്ദീപ് ഭട്ടാചാര്യയാണ് ശുക്ര ഗ്രഹത്തെ തിരിച്ചറിഞ്ഞത്.
ജയ്പൂര്‍: പകല്‍ സമയത്ത് ശുക്ര ഗ്രഹം ദൃശ്യമായതിന്‍റെ ആഹ്ളാദം പങ്കിട്ട് ജയ്പൂരിലെ പ്ലാനറ്റോറിയം ഡയറക്ടര്‍. ജൂണ്‍ 21നുള്ള സൂര്യഗ്രഹണം ദൃശ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് അപൂര്‍വ്വ ദൃശ്യത്തിന് ജയ്പൂരിലെ ബിഎം ബിര്‍ള പ്ലാനറ്റോറിയം സാക്ഷിയാവുന്നത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് പകല്‍ വെളിച്ചത്തില്‍ ശുക്രന്‍ ദൃശ്യമായത്. രാജസ്ഥാനിലെ ജയ്പൂരിലെ ബിഎം ബിര്‍ള പ്ലാനറ്റോറിയം അസിസ്റ്റന്‍റ് ഡയറക്ടര്‍ സന്ദീപ് ഭട്ടാചാര്യയാണ് ശുക്ര ഗ്രഹത്തെ കണ്ടത്.
സാധാരണ ഗതിയില്‍ ദൃശ്യമാകുന്നതല്ല ഇതെന്ന് സന്ദീപ് ഭട്ടാചാര്യ പറയുന്നു. ആദ്യമായാണ് പകല്‍ സമയത്ത് ഇത്തരമൊരു കാഴ്ചയുണ്ടാവുന്നതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നത്. ഏറെക്കാലമായി വാനനിരീക്ഷണം ചെയ്യുന്ന വ്യക്തി കൂടിയാണ് സന്ദീപ് ഭട്ടാചാര്യ. ഹിമാലയ പ്രദേശങ്ങളില് നിന്ന് ആകാശം വളരെ തെളിഞ്ഞതാണെങ്കില്‍ മാത്രം ശുക്രനെ കാണാന്‍ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്ക്കുന്നു.
മോണിംഗ് സ്റ്റാര്‍, ഈവനിംഗ് സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന ശുക്രഗ്രഹം സൂര്യനില്‍ നിന്നും രണ്ടാമതായാണ് സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് നാളെ നടക്കുന്നത്. ജൂണ്‍ 21ന് രാവിലെ 9.15ന് രാവിലെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.